ഭാരതത്തില്‍ സ്വന്തമായി പിന്‍ കോഡ് ഉള്ളത് രണ്ടേ രണ്ടുപേര്‍ക്കു മാത്രം ....!

  1. Home
  2. COVER STORY

ഭാരതത്തില്‍ സ്വന്തമായി പിന്‍ കോഡ് ഉള്ളത് രണ്ടേ രണ്ടുപേര്‍ക്കു മാത്രം ....!

SABARIMALA


ശബരിമല. ഒന്ന് ഇന്ത്യന്‍  പ്രസിഡന്റിന്, സ്വന്തമായി തപാല്‍ പിന്‍കോഡുള്ള ഇനി ഒരാളുണ്ട്. ആരാണെന്നല്ലേ...? 
സാക്ഷാല്‍ ശ്രീ ശബരിമല അയ്യപ്പന്‍. 689713 എന്നതാണ് അയ്യപ്പ സ്വാമിയുടെ പിന്‍കോഡ്. സന്നിധാനം തപാല്‍ ഓഫീസിന്റെ പിന്‍കോഡാണിത്. വര്‍ഷത്തില്‍ മൂന്നുമാസം മാത്രമാണ് അയ്യപ്പസ്വാമിയുടെ പിന്‍കോഡും തപാല്‍ ഓഫീസും സജീവമായിരിക്കുക. ഉത്സവകാലം കഴിയുന്നതോടെ പിന്‍കോഡ് നിര്‍ജീവമാകും. മണ്ഡല മകര വിളക്ക് കാലത്തു മാത്രമാണ് ഓഫീസിന്റെ പ്രവര്‍ത്തനം.
സന്നിധാനത്തെ തപാല്‍ഓഫീസിന് പിന്നെയുമുണ്ട് പ്രത്യേകതകള്‍. പതിനെട്ടാംപടിയും അയ്യപ്പവിഗ്രഹവും ഉള്‍പ്പെടുന്നതാണ് ഇവിടുത്തെ തപാല്‍മുദ്ര. രാജ്യത്ത് മറ്റൊരിടത്തും തപാല്‍വകുപ്പ് ഇത്തരം വേറിട്ട തപാല്‍മുദ്രകള്‍ ഉപയോഗിക്കുന്നില്ല. ഈ മുദ്ര ചാര്‍ത്തിയ കത്തുകള്‍ വീടുകളിലേക്കും പ്രിയപ്പെട്ടവര്‍ക്കും അയയ്ക്കാന്‍ നിരവധി തീര്‍ത്ഥാടകരാണ് നിത്യവും സന്നിധാനം തപാല്‍ ഓഫീസിലെത്തുന്നത്. ഉല്‍സവകാലം കഴിഞ്ഞാല്‍ ഈ തപാല്‍മുദ്ര പത്തനംതിട്ട പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസിന്റെ ലോക്കറിലേക്ക് മാറ്റും. പിന്നെ അടുത്ത ഉല്‍സവകാലത്താണ് ഈ മുദ്ര വെളിച്ചം കാണുക.
ഈ തപാല്‍ഓഫീസ് കൈകാര്യം ചെയ്യുന്ന എഴുത്തുകളിലും മണി ഓര്‍ഡറികളിലുമുണ്ട് ഒരുപാട് കൗതുകങ്ങള്‍. നിത്യബ്രഹ്മചാരിയായ അയ്യപ്പസ്വാമിക്ക് നിത്യവും നിരവധി കത്തുകളാണിവിടെ ലഭിക്കുന്നത്. ഉദ്ദിഷ്ടകാര്യ ലാഭത്തിനും ആകുലതകള്‍ പങ്കുവെച്ചും പ്രണയം പറഞ്ഞുമുള്ള കത്തുകള്‍. ഉദ്ദിഷ്ടകാര്യങ്ങള്‍ നടത്തിത്തരണമെന്നാവശ്യപ്പെട്ടുള്ള മണിഓര്‍ഡറുകള്‍, വീട്ടിലെ വിശേഷങ്ങളുടെ ആദ്യക്ഷണക്കത്തുകള്‍ തുടങ്ങി ഒരുവര്‍ഷം വായിച്ചാല്‍ തീരാത്തത്ര എഴുത്തുകളാണ് അയ്യപ്പന്റെ പേരുവെച്ച് ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ഭക്തര്‍ അയയ്ക്കുന്നത്. ഈ കത്തുകള്‍ അയ്യപ്പന് മുന്നില്‍ സമര്‍പ്പിച്ചശേഷം       എക്സിക്യൂട്ടീവ് ഓഫീസര്‍ക്ക് കൈമാറുകയാണ് പതിവ്. മണിഓര്‍ഡറുകളുടെ കാര്യവും അങ്ങനെതന്നെ. ഇതരസംസ്ഥാനങ്ങളില്‍ നിന്നാണ് ഇത്തരം കത്തുകളേറെ വരുന്നത്.
1963ല്‍ സന്നിധാനം പോസ്റ്റ് ഓഫീസ് നിലവില്‍ വന്നെങ്കിലും 1974 ലാണ് പതിനെട്ടാം പടിയും അയ്യപ്പവിഗ്രഹവും ഉള്‍പ്പെടുന്ന ലോഹ സീല്‍ പ്രാബല്യത്തില്‍ വന്നതെന്നും സന്നിധാനം പോസ്റ്റ് മാസ്റ്റര്‍ അരുണ്‍ പി.എസ് പറഞ്ഞു. 
വിവിധ കമ്പനികളുടെ മൊബൈല്‍ ചാര്‍ജിങ്, മണി ഓര്‍ഡര്‍ സംവിധാനം, ഇന്ത്യാ പോസ്റ്റ് പെയ്‌മെന്റ് സംവിധാനം, പാഴ്സല്‍ സര്‍വീസ് തുടങ്ങിയ സേവനങ്ങളും സന്നിധാനം തപാല്‍ഓഫീസില്‍ ലഭ്യമാണ്. പോസ്റ്റ്മാസ്റ്റര്‍ക്ക് പുറമെ ഒരു പോസ്റ്റുമാനും രണ്ട് മള്‍ട്ടി ടാസ്‌കിംഗ് സ്റ്റാഫുമാണ് സന്നിധാനം തപാല്‍ ഓഫീസിലുള്ളത്.