രായിര നല്ലൂർ മലയിൽ ആയിരങ്ങൾ എത്തി. നാറാണത്തു ഭ്രാന്തൻ വസിച്ചു എന്നു വിശ്വസിക്കുന്ന മലയിലാണ് ഭക്തർ എത്തി പ്രാർത്ഥിച്ചു മടങ്ങിയത്

കൊപ്പം : നാറാണത്ത്ച ഭ്രാന്തൻ കല്ലുരുട്ടി എന്നു പറയപ്പെടുന്ന രായിര നല്ലൂർ മലയിൽ ആയിരങ്ങൾ എത്തി. ചരിത്രവും – ഐതീഹ്യവും കെട്ടുപിണഞ്ഞു കിടക്കുന്ന വള്ളുവനാടൻ ഗ്രാമീണതയുടെ തിലകമായി പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ തിരുവേഗപ്പുറ പഞ്ചായത്തിലെ ഈ മനോഹര കുന്നിന്മുകൾ ചരിത്രത്തിനും – ഐതീഹ്യത്തിന്നുമപ്പുറം മനുഷ്യൻറെ പ്രവർത്തികളുടെ അർത്ഥമില്ലായ്മയെ ചിന്തോദീപ്തമാക്കിയ പറയിപെറ്റ പന്തിരു കുലത്തിലെ മഹാനായ ഭ്രാന്തൻറെ വിളനിലം കൂടിയായിരുന്നു. കൊപ്പം – വളാഞ്ചേരി റോഡിൽ വള്ളുവനാടൻ ഗ്രാമങ്ങളുടെ മുഖമുദ്രയായ പുഞ്ചപാടങ്ങൾക്ക് നടുവിലെ പച്ചത്തുരുത്തായി പാറക്കെട്ടുകൾ നിറഞ്ഞ .മനോഹരമായ കുന്നിന്മുകളും പ്രതിഷ്ടയില്ലാത്ത ക്ഷേത്രവും ഭ്രാന്തൻറെ ഭീമാകാരമായ പ്രതിമയും താഴ്വാരത്തിലെ മനോഹര കാഴ്ചകളും ഇവിടെയെത്തുന്ന ചരിത്രാന്വേഷണ – വിനോദ സഞ്ചാരികൾ ക്കൊരു മുതൽ കൂട്ടാവും.
കൊപ്പം വളാഞ്ചേരി റോഡിൽ രായിരനെല്ലൂർ സ്റ്റോപ്പിൽ നിന്നും വിളയൂർ പഞ്ചായത്തിലെ കൂരാച്ചിപ്പടിയിലേക്ക് വരുന്ന റോഡിൽ നൂര് മീറ്റർ സഞ്ചരിച്ചാൽ രായിരനെല്ലൂർ മലയിൽ ഭഗവതിക്ഷേത്രത്തിലേക്കുള്ള വഴിയിൽ നൂറിലധികം പടിക്കെട്ടുകൾ കയറി ഇങ്ങോട്ട് എത്താം . രായിരനെല്ലൂർ മലയടിവാരവും സമീപ പ്രദേശങ്ങളും നൂറ്റാണ്ടുകൾ മുൻപുള്ള പലനിർമിതികളെകൊണ്ടും സമ്പുഷ്ടമാണ് .
വള്ളുവനാടിന്റെ പുണ്യമായി ഇണങ്ങിയും പിണങ്ങിയും കെട്ടുപിണഞ്ഞൊഴുകുന്ന നിളയുടെ കരയിലാണ് കോടനാട്ടെ നരിപ്പറ്റ മന. പന്തിരുകുലത്തിലെ പറയിപ്പെണ്ണ് വളർന്ന മന ‘രാമായണത്തിലെ ഏറ്റവും ശ്രേഷ്ഠമായ ശ്ലോകം അന്വേഷിച്ച് വിക്രമാദിത്യ സദസ്സിൽ നിന്നിറങ്ങിയ വരരുചി എത്തപ്പെട്ടത് നിളയുടെ കരയിലുളള നരിപ്പറ്റ മനയിൽ.ആ മനയിൽ വച്ച് തന്നെ പരിചരിച്ച കന്യകയിൽ വരരുചിക്കു തോന്നിയ അനുരാഗം വിവാഹത്തിൽ കലാശിച്ചു. ആ വിവാഹം അലംഘനീയമായ വിധിയായിരുന്നുവെന്ന് വരരുചി മനസിലാക്കി. മുന്‍ജന്മ ശാപത്തിന്റെ ഫലം കൊണ്ടാണ് പറയിപ്പെണ്ണ് തന്റെ വധുവായതെന്ന് വരരുചി തിരിച്ചറിഞ്ഞു .അവിടെ വച്ച് സ്വയം ഭ്രഷ്ട് കൽപ്പിച്ച് വരരുചിയും ഭാര്യയും ദേശാടനത്തിനിറങ്ങി. ആ യാത്രയിലാണ് പന്ത്രണ്ടു മക്കൾ പിറക്കുന്നത്. അതിലൊരാളാണ് നാറാണത്തു ഭ്രാന്തൻ. മലയാളികൾക്കൊരിക്കലും മറക്കാനാവില്ല ഈ ഭ്രാന്തനെ.
വിക്രമാദിത്യ മഹാരാജാവിന്റെ സഭയിലെ നവരത്നങളിലൊരാളായ വരരുചിയുടെ മകനായി പാലക്കാട് ജില്ലയിലെ ചെത്തല്ലൂരിൽ അത്തിപ്പറ്റ കുന്നിനടുത്തുള്ള നാരായണമംഗലത്ത് ഇന്നത്തെ (ആമയൂർ മന) യിലാണ് അദ്ദേഹം വളർന്നത് മാതാപിതാക്കൾ ഉപേക്ഷിച്ചതിന് ശേഷം പഠനത്തിനായി രായിരനല്ലൂരിനടുത്തുള്ള തിരുവേഗപ്പുറ ഇല്ലത്തു വരികയും ഇവിടെ പഠിച്ചു വളരുന്നതിനിടയിൽ രായിര നെല്ലൂർ മലക്ക് മുകളിലേക്ക് താഴ്വാരത്തിൽ നിന്നും പാറക്കല്ലുകൾ ഉരുട്ടികയറ്റി താഴേക്കു തള്ളിയിട്ട് പൊട്ടിച്ചിരിക്കലായിരുന്നു വെത്രേ ഭ്രാന്തൻറെ പ്രധാന വിനോദം ഒരിക്കലൊരു തുലാമാസം ഒന്നാം തീയതിയാണ് ഭ്രാന്തന് വനദുർഗ്ഗയായ ദേവി പ്രത്യക്ഷമാകുന്നത്. ഭ്രാന്തനെ കണ്ട് ദേവി ഓടിമറഞ്ഞു എന്നും ഒരു കല്ലിൽ കാലടിപ്പാടു പതിഞ്ഞു എന്നുംഐതീഹ്യം . ആ കാലടിപാടുകളിലാണ് ഇന്നും പൂജ നടക്കുന്നത് . ആറാമത്തെ കാലടിപ്പാടിലൂറുന്ന ജലമാണ് പൂജക്ക് തീർത്ഥമായുപയോഗിക്കുന്നതും . ക്ഷേത്രത്തിന്നടുത്തുള്ള കാഞ്ഞിരമരത്തിൽ ഭ്രാന്തനെ തളച്ച ചങ്ങല കണ്ണികൾ ഇന്നുമുണ്ട് രായിരനെല്ലൂരിൻ നിന്നും വിളിപ്പാടകലെ കൈപ്പുറത്ത് ഭ്രാന്തൻ തപസ്സിരുന്ന പാറക്കുന്ന് ഭ്രാന്തൻ കോട്ട അഥവാ ഭ്രാന്താചലം എന്നറിയുന്നു. ആർക്കിയോളജി വകുപ്പിന്റെ അധീനതയിലുള്ള ഈ ഒറ്റക്കൽ ഗുഹ ഇന്നും വാസ്തു വിദ്യാ വിസ്മയമാണ് . ആ പാറകുന്നിൻറെ ഒരുഭാഗത്തായി 3 ഗുഹാക്ഷേത്രങ്ങളുണ്ട് . ഭ്രാന്തന്റെ ഭൂതങ്ങൾ കൈകൊണ്ട് മാന്തി ഉണ്ടാക്കിയതാണ് ഇതെന്ന് ഇന്നും നാട്ടുകാർ വിശ്വസിക്കുന്നു സന്ദർശകർക്ക് അത്ഭുതം സമ്മാനിക്കുന്ന ഈ ഒറ്റക്കൽ പാറക്ക് മുകളിൽ ഒരിക്കലും വറ്റാത്ത നിരവധി നീരുറവകളുണ്ട്. ഒരേക്കറോളം വിസ്‌തൃതിയിൽ പരന്നുകിടക്കുന്ന പാറക്ക് മുകളിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രം സ്ഥിതിചെയ്യുന്നു.
ഇതിലെ പ്രതിഷ്‌ഠ ഭ്രാന്തൻറെ കൈകൾ കൊണ്ടാണെന്നാണ് വിശ്വാസം നൂറ്റാണ്ടുകൾക്ക് മുൻപ് പാറക്ക് മുകളിലേക്ക് പാറയിൽ കൊത്തി നിർമിച്ച പടവുകൾ കയറി എത്തുന്നതോടെ ക്ഷേത്രവും ക്ഷേത്രമുറ്റത്തെ ചങ്ങലക്കിട്ട കാഞ്ഞിരമരത്തിലെ പൊട്ടാത്ത ചങ്ങലയും ഇന്നും ഇവിടെ കാണാം