എ. എസ്.' എന്ന ചിത്രകാരൻ 35-ാം ചരമവാർഷിക ദിനം ഇന്ന്: അറിയുക എ എസ് ആരാണ് എന്ന്

  1. Home
  2. COVER STORY

എ. എസ്.' എന്ന ചിത്രകാരൻ 35-ാം ചരമവാർഷിക ദിനം ഇന്ന്: അറിയുക എ എസ് ആരാണ് എന്ന്

. എസ്.' എന്ന ചിത്രകാരൻ 35-ാം ചരമവാർഷിക ദിനം ഇന്ന്:


'രേഖാചിത്രണ വിദ്യയിൽ അസാധാരണ പ്രതിഭാപ്രസരം നിർവഹിക്കാൻ കഴിഞ്ഞ ചിത്രകാരനാണ് എ. എസ്. നായർ. 'മാതൃഭൂമി' ആഴ്ചപ്പതിപ്പിൽ ഇല്ലസ്‌ട്രേഷനുകളിലൂടെ തന്റെ കാലത്തെന്നപോലെ ഇന്നും അദ്ദേഹം  ഓർക്കപ്പെടുന്നുണ്ട്‌. ആ രചനകൾ വ്യതിരിക്തമായ ഒരു കലാവ്യക്തിത്വം സൃഷ്ടിച്ചെന്നതുകൊണ്ടാണത്‌.

എ എസ്-നെ കുറിച്ച് 'മാതൃഭൂമി'യിൽ അന്ന്‌ സഹപ്രവർത്തകൻ കൂടിയായി ഉണ്ടായിരുന്ന ആർട്ടിസ്റ്റ്‌ ജെ.ആർ. പ്രസാദ്‌ എഡിറ്റുചെയ്ത ഒരു പുസ്തകമുണ്ട്; ലളിതകലാ അക്കാദമി ഇറക്കിയ ഒരു മോണോഗ്രാഫ്..... പുറമെ, എ എസ്-നെ കുറിച്ചുള്ള, ജ്യോതിപ്രകാശ്‌ സംവിധാനംചെയ്ത ഡോക്യുമെന്ററി സിനിമയും. 

എ.എസിന്റെ പുത്രിയുടെ ശേഖരത്തിൽ അദ്ദേഹം വരച്ച രേഖ ചിത്രങ്ങളുടെ നിരവധി ഒറിജിനുകൾ സൂക്ഷിച്ചിരിക്കുന്നു. അവ കേരളത്തിൽ പല ഗ്യാലറികളിലും പ്രദർശിപ്പിച്ചിട്ടുണ്ട്.


എ. എസ്. നായർ എന്ന 'അത്തിപ്പറ്റ ശിവരാമൻ നായർ', 1936-ൽ മേയ് 15-ന് പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരിക്കടുത്ത്, കാറൽമണ്ണയിലെ അത്തിപ്പറ്റ വീട്ടിൽ ജനിച്ചു. കാറൽമണ്ണ യു.പി. സ്കൂളിൽപ്രാഥമിക പഠനം. ചെർപ്പുളശ്ശേരി ഹൈസ്കൂളിൽ എസ്. എസ്. എൽ. സി കഴിഞ്ഞു. ദാരിദ്ര്യം നിമിത്തം തൃക്കിടീരി മനയെ ആശ്രയിച്ചായിരുന്നു ജീവിതം. ശിവരാമന് പന്ത്രണ്ടു വയസ്സുള്ളപ്പോഴാണ് അമ്മയ്ക്ക് കലശലായ രക്തസ്രാവം ഉണ്ടായി മരിച്ചത്. ഇതേ കുറിച്ച് അദ്ദേഹം പറയുന്നിങ്ങെനെ - " ചോരവാർന്ന് അസ്ഥികൂടത്തിൽ നിന്നും പ്രാണൻ പറന്നു പോയപ്പോൾ അതു മൂടിയിടാൻ ഒരു പഴന്തുണി പോലും എന്റെ വീട്ടിലുണ്ടായിരുന്നില്ല."

കാറൽമണ്ണ യു.പി. സ്കൂളിലാണ് ശിവരാമന്റെ പ്രാഥമിക വിദ്യാഭ്യാസം. എട്ടാം തരം വരെ പഠിച്ചു. പിന്നെ സംഭവിച്ചതിനെ പറ്റി ശിവരാമൻ പറയുന്നു - " അടുത്ത വർഷം സ്ക്കൂൾ തുറന്നപ്പോൾ മൂന്നു രൂപ ഫീസു കൊടുക്കാൻ വഴി കാണാത്ത മുത്തശ്ശി ഓലമേ യാതെ കിടക്കുന്ന പുരയുടെ മോന്തായത്തിലൂടെ ആകാശത്തേക്കു നോക്കി എന്നോടു പറഞ്ഞു ." ഇനി പഠിക്കണ്ട " അപ്പോൾ എന്റെ കണ്ണുകൾ മഴവെള്ളം ഒലിച്ച് വരവീണ ചുവന്ന ചുവരിൽ വാക് സ്ക്രയോൺസ് കൊണ്ട് ഞാൻ വരച്ചു വച്ചിരുന്ന ചിത്രങ്ങളിൽ മാറി മാറി ഓടി ക്കളിക്കയായിരുന്നു."
🌍

അക്കാലത്താണ് തൃക്കടീരി മനയിലെ വാസുദേവൻ നമ്പൂതിരി ചിത്രകലാ പഠനം കഴിഞ്ഞ് മദിരാശിയിൽ നിന്നും എത്തിയത്. അദ്ദേഹം ശിവരാമന്റെ ഹൈസ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിപ്പിച്ചു. പത്താം തരം കഴിഞ്ഞ് നമ്പൂതിരിപ്പാട് ശിവരാമനെ മദിരാശി സ്ക്കൂൾ ഓഫ് ആർട്സിൽ പഠിക്കാൻ അയച്ചു.

അങ്ങനെ, തൃക്കിടീരി മനയിലെ വാസുദേവൻ നമ്പൂതിരി, ശിവരാമനെ മദിരാശി സ്കൂൾ ഓഫ് ആർട്സിൽ ചിത്രകല പഠിക്കാൻ പറഞ്ഞയച്ചത് എ.എസ്സിന്റെ ജീവിതത്തിലെ വഴിത്തിരിവായി. കെ. സി. എസ്. പണിക്കരായിരുന്നു ചിത്രകലയിൽ എ. എസിന്റെ ഗുരു. 

മദിരാശിയിൽ മറ്റുവരുമാനങ്ങളില്ലാത്ത എ. എസ്., ചെർപ്പുളശ്ശേരി അടുത്ത് ചളവറ സ്വദേശിയായ ആർ. കൃഷ്ണൻ നായർ നടത്തുന്ന ഹോട്ടലിൽ ജോലിക്കാരനായി. അവിടെ തന്നെ താമസിച്ചു. തുടർന്ന് കൃഷ്ണൻ നായരുടെ ബധിരയും മൂകയുമായ മകളെ (തങ്കം എന്ന് പേർ) 1964-ൽ ശിവരാമൻ വിവാഹം ചെയ്തു. അതിൽ ഒരു മകളുണ്ട്. ഏ.എസ്. നായരുടെ മകളുടെ പേര് സുധ. മാതുഭൂമിയിൽ തന്നെ ജോലി ചെയ്‌തിരുന്നു; മരുമകനും അവിടെ തന്നെ ജോലി ചെയ്തിരുന്നു.


കാറൽമണ്ണ പൊതുജന വായനശാല നടത്തിയിരുന്ന 'കൈരളി' കൈയെഴുത്തു മാസികയിലൂടെ ആണ് എ.എസിന്റെ ആദ്യകാല രേഖാചിത്രങ്ങൾ പുറത്തുവന്നത്. മദിരാശിയിൽ പഠിക്കുന്ന കാലത്ത് 'മാതൃഭൂമി' വാരാന്ത്യപ്പതിപ്പിലും 'ജയകേരളം' മാസികയിലും വരച്ചിരുന്നു. 

ചിത്രകല പഠനത്തിനുശേഷം 'പേശും‌പടം' എന്ന തമിഴ് സിനിമാ മാസികയുടെ പത്രാധിപസമിതിയിൽ ആർട്ടിസ്റ്റ് ആയി കുറച്ചുകാലം ജോലി നോക്കി. 1961-ൽ 'മാതൃഭൂമി ആഴ്ച്ചപ്പതിപ്പി'ൽ ചിത്രകാരനായി ജോലിക്ക് ചേർന്നു- പേജ് ലേ-ഔട്ട് & ഇല്ലസ്ട്രേഷൻ നിർവഹിക്കുന്ന ചുമതലയോടെ... (ആർട്ടിസ്റ്റ് നമ്പൂതിരിക്ക് മാതൃഭൂമി ആഴ്ചപതിപ്പിൽ ചിത്രം വരപ്പ് ചുമതല മാത്രമായിരുന്നു.) എം. വി. ദേവൻ 'മാതൃഭൂമി' ആഴ്ചപതിപ്പിൽ നിന്നും മദ്രാസ്സ് ലളിത കലാ അക്കാദമി സെക്രട്ടറി ആയി ചേരാൻ പോയ ഒഴിവിലേക്കാണ് എ. എസ്. ചേർന്നത്. ദേവൻ തന്നെ ആയിരുന്നു എ.എസ്സിന്റെ പേർ 'മാതൃഭൂമി' മാനേജ്മെന്റിനോട് നിർദ്ദേശിച്ചത്. 1980-ൽ ജെ.ആർ. പ്രസാദ് മാതൃഭൂമി ആഴ്ചപതിപ്പിൽ ചേരും വരെ ഏ.എസ്. നായരായിരുന്നു ആഴ്ചപതിപ്പിന്റെ ലേ-ഔട്ട് രൂപകല്പന ചെയ്തത്.

മൂന്നു പതിറ്റാണ്ടോളം ആഴ്ച്ചപ്പതിപ്പിലൂടെ മലയാളത്തിലേയും ഇതര ഭാഷകളിലേയും ഒട്ടനവധി കഥാപാത്രങ്ങൾക്ക് ഏ.എസ്. നായർ രേഖാചിത്രങ്ങളിലൂടെ ദൃശ്യാവിഷ്കാരം നടത്തി. അവയിൽ പലതും സാഹിത്യ കൃതിയോടൊപ്പം കേരളത്തിന്റെ സാംസ്ക്കാരിക ചരിത്രത്തിൽ തന്നെ അവിസ്മരണീയ ഏടുകൾ തീർത്തു!

വി എസ്‌ ഖണ്ഡേക്കറുടെ 'യയാതി', ഒ വി വിജയന്‍റെ 'ഖസാക്കിന്‍റെ ഇതിഹാസം', 'ഗുരുസാഗരം', പി പദ്‌മരാജന്‍റെ 'പെരുവഴിയമ്പലം', സി വി ബാലകൃഷ്ണന്‍റെ 'ആയുസ്സിന്‍റെ പുസ്തകം', ലളിതാംബിക അന്തര്‍ജ്ജനത്തിന്‍റെ 'അഗ്നി സാക്ഷി', എം മുകുന്ദന്‍റെ 'മയ്യഴിപ്പുഴയുടെ തീരങ്ങളിൽ', ആശാപൂര്‍ണ്ണാദേവിയുടെ 'പ്രഥമ പ്രതിശ്രുതി', ശ്രീകൃഷ്ണ ആലനഹള്ളി രചിച്ച 'പാവത്താൻ', 'ഭുജംഗയ്യന്റെ ദശാവതാരങ്ങൾ', പി വത്സലയുടെ 'കൂമന്‍ കൊല്ലി', പി ആര്‍ ശ്യാമളയുടെ 'മണൽ'‍, മാടമ്പ്‌ കുഞ്ഞുക്കുട്ടന്റെ 'ഭ്രഷ്ട്‌' തുടങ്ങി ഒട്ടേറെ നോവലുകള്‍ക്ക്‌ ആഴ്ചപ്പതിപ്പില്‍ രേഖാ ചിത്രങ്ങള്‍ വരച്ചത്‌ ഏ എസ്‌ ആയിരുന്നു; ഇതു കൂടാതെ മലയാളത്തിലെ എത്രെയെത്രേ എഴുത്തുകാരുടേയും കഥകൾക്കും നോവലുകൾക്കും അദ്ദേഹം ഇലസ്ട്രേഷൻ നിർവ്വഹിച്ചിട്ടുണ്ട്.

പി.ആര്‍.ശ്യാമളയുടെ 'മണൽ'‍ എന്ന നോവലിന്‌ എ. എസ്‌., അര്‍ദ്ധ മൂര്‍ത്ത രൂപങ്ങളാണ്‌ വരച്ചത്‌. 

മറാഠി നോവലിസ്റ്റ് വി. എസ് ഖാണ്ഡേക്കറുടെ 'യയാതി' എന്ന നോവൽ മലയാളത്തിൽ പരിഭാഷപ്പെടുത്തി 'മാതൃഭൂമി'യിൽ ഖണ്ഡശഃ പ്രസിദ്ധീകരിച്ചപ്പോൾ ഇല്ലസ്ട്രേഷൻ നിർവഹിച്ചത് എ. എസ്. ആയിരുന്നു എന്നു മാത്രമായി പറഞ്ഞാൽ മതിയാകില്ല -ഇത് എടുത്തു പറയാവുന്ന സവിഷേശത്തുള്ള ഒന്നാണ്....  'യയാതി'ക്ക് കറുത്ത പ്രതലത്തിൽ വരച്ച വെളുത്ത രേഖകൾ കരിങ്കൽ ചുവർ റിലീഫികളെ ഓർമിപ്പിച്ചു..   ഒറിയ, കന്നഡ തുടങ്ങിയ ഭാഷകളിലെ കഥകള്‍ക്കും നോവലുകള്‍ക്കും ചിത്രം വരയ്ക്കുമ്പോള്‍ എ. എസിന്‍റെ രചന അവിടത്തെ പ്രകൃതിയെ ആവാഹിച്ചുവരുത്തുന്നതായി കാണാം. ശ്രീകൃഷ്ണ ആലനഹള്ളി രചിച്ച 'പാവത്താൻ', 'ഭുജംഗയ്യന്റെ ദശാവതാരങ്ങൾ' ഇക്കാര്യത്തിനായി എടുത്തു കാണിക്കാവുന്ന ഉദാഹരണങ്ങളാണ്. 


അദ്ദേഹം മികച്ചൊരു കാർട്ടൂണിസ്റ്റു കൂടി ആയിരുന്നു. അതിനും പുറമെ, നാടകത്തിലും കേരളീയ അനുഷ്ഠാനകലകളിലും താളമേളവാദ്യങ്ങളിലുമെല്ലാം ഏറെ തൽ‌പ്പരനായിരുന്നു. 'മരണം' എന്ന പേരിൽ ഒരു നാടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

കെ.സി.എസ്‌. പണിക്കരുടെ ശിഷ്യനായി വരച്ചു വളര്‍ന്ന എ.എസ്‌.നായര്‍ 'മാതൃഭൂമി'യില്‍ മാത്രം ഒതുങ്ങുകയും, രേഖാചിത്ര രചനയിലും കാര്‍ട്ടൂണിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്‌തുവെങ്കിലും അദ്ദേഹം അശേഷിപ്പിച്ചു പോയ ചിത്രസഞ്ചയം ഇന്ന് അമൂല്യമായൊരു നിധിയാണ്‌ . ഇന്ത്യയുടെ രേഖാചിത്ര പാരമ്പര്യത്തിന്‍റെ തനിമയും ഓജസ്സും വൈവിദ്ധ്യവും അതില്‍ നിറഞ്ഞുനില്‍ക്കുന്നു.

അദ്ദേഹം ധാരാളം കാർട്ടൂണുകൾ വരച്ചിട്ടുണ്ട്‌. 'ഒരുസംഭവം' അല്ലെങ്കിൽ 'പ്രസ്താവ'ന കൊടുക്കുന്നു: പിന്നെ, 'കാർട്ടൂണിസ്റ്റിന്റെ കമന്റ്‌.' അതായിരുന്നു ആ കാർട്ടൂണുകളുടെ രീതി.  കമന്റിലെ 'കുതർക്കത്തിൽ' ആക്ഷേപഹാസ്യപരമായ ഒരു പഞ്ചും സത്യവുമുണ്ടാവും. അക്കാലത്ത്‌ 'മാതൃഭൂമി' ആഴ്ചപ്പതിപ്പിലെ അസ്സോസിയേറ്റ് എഡിറ്റർ  ജി.എൻ. പിള്ളയോടൊപ്പവും ചില കാർട്ടൂണുകൾ ചെയ്തത്‌ ശ്രദ്ധേയമായിരുന്നു. എ.എസിന്റെ 'ശിവരാമൻ' എന്ന പേരിലെ 'രാമ'നും ജി.എൻ. പിള്ളയുടെ പേരിലെ 'നാരായണ'നും ചേർത്ത്‌ 'രാമനാരായണ' എന്ന പേരിലാണതു പ്രസിദ്ധീകരിച്ചുവന്നത്‌.


'മാതൃഭൂമി' ചീഫ് ആർട്ടിസ്റ്റായി ജോലിയിലിരിക്കെ 1988 ജൂൺ 30-ന് അൻപത്തിരണ്ടാം വയസ്സിൽ എ. എസ്‌. നായര്‍ അപ്രതീക്ഷിതമായി അന്തരിച്ചു. 'മാതൃഭൂമി'യുടെ കോഴിക്കോട്‌ ഓഫീസിലേക്ക്‌ ഓട്ടോറിക്ഷയില്‍ എത്തിയ എ. എസ്‌. സ്വന്തം മുറിയില്‍ എത്തും മുമ്പെ കുഴഞ്ഞ്‌ വീണ്‌ മരിക്കുകയായിരുന്നു