ആഗസ്റ്റ് 26, ബാലൻ.കെ.നായർ ചരമദിനം..

മലയാള സിനിമയിലെ വില്ലന്‍വേഷങ്ങള്‍ക്ക് പരുക്കന്‍ സൗന്ദര്യത്തിന്റെ ചൂടും ചൂരും പകര്‍ന്ന നടനായിരുന്നു ബാലന്‍.കെ.നായര്‍. നാടകവേദിയില്‍ രാകിമിനുക്കിയ ആ അഭിനയകല സിനിമയിലും ക്രൂരതയുടെ ഭാവപ്പകര്‍ച്ചകള്‍ക്ക് തീക്ഷണത നല്‍കി. പലപ്പോഴും ഇര തേടുന്ന ഒരു വന്യമൃഗത്തെ ആ കഥാപാത്രങ്ങള്‍ അനുസ്മരിപ്പിച്ചു.കോഴിക്കോട് കൊയിലാണ്ടിക്കടുത്ത് ചേമഞ്ചേരി ഇടക്കുളം കരിനാട്ടു വീട്ടിൽ കുട്ടിരാമൻ നായരുടേയും തേയി അമ്മയുടേയും മകനായി 1939 ഏപ്രിൽ 4 നാണ് ബാലകൃഷ്ണൻ നായർ എന്ന ബാലൻ കെ.നായർ ജനിച്ചത്. എട്ടാംക്ലാസ് വരെ പഠിച്ചു. പതിനാലാമത്തെ വയസ്സുമുതൽ നാടക രചനയിൽ വ്യാപൃതനായി.പകൽ സ്വന്തമായി നടത്തുന്ന ഓട്ടോമോബൈൽ വർക്ക്ഷോപ്പിൽ ജോലിയും രാത്രി റിഹേഴ്സൽ ക്യാമ്പിൽ നാടകപഠനവുമായി നാടകാചാര്യൻ കെ.ടി.മുഹമ്മദ്, തിക്കോടിയൻ,ടി.ദാമോദരൻ എന്നിവരുടെ നാടകങ്ങളിലൂടെ കോഴിക്കോട്ടെ പ്രൊഫഷണൽ നാടകവേദിയിൽ സജീവമായി. "സുഭാഷ് തിയേറ്റേഴ്സ് " എന്ന് സ്വന്തമായൊരു ട്രൂപ്പ് ഉണ്ടാക്കി,പേര് ബാലൻ കെ നായർ എന്നു ചുരുക്കി. പതിനഞ്ചോളം നാടകങ്ങൾ രചിക്കുകയും സംവിധാനം നിർവ്വഹിക്കുകയും ചെയ്തിട്ടുണ്ട്.1970-ൽ എം.ടി.വാസുദേവൻ നായരുമായുള്ള പരിചയം അദ്ദേഹത്തെ വിൻസെന്റ് സംവിധാനം ചെയ്ത "നിഴലാട്ടം" എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്യാൻ ഇടയാക്കി. എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത ശബരിമല ശ്രീ ധർമ്മശാസ്തായിലും ഇക്കാലത്ത് മുഖം കാണിച്ചു. 1969ൽ "സർഹദ് "എന്ന ഹിന്ദി സിനിമയിൽ ദേവാനന്ദിന്റെ ഡ്യൂപ്പായി വേഷമിട്ടിരുന്നു. 1971ൽ പി.എൻ.മേനോന്റെ "മാപ്പുസാക്ഷിയിൽ" പരുക്കനായ ലോറി ഡ്രൈവറെ തനതു ശൈലിയിൽ അവതരിപ്പിച്ച് ശ്രദ്ധ നേടി. പിന്നീട് തുടർച്ചയായി പി.എൻ മേനോന്റെ പണിമുടക്ക് (1972), ചെമ്പരത്തി (1972), ചായം (1973), ഗായത്രി (1973), ദർശനം (1973) എന്നിവയിൽ അഭിനയിച്ചു.80 കളിലെ ഹിറ്റുകൂട്ടുകെട്ടായ ഐ.വി ശശി-ടി. ദാമോദരന്‍ ടീമിന്റെ ചിത്രങ്ങളിലെല്ലാം ബാലന്‍ കെ. നായര്‍ക്ക് മികച്ച വേഷങ്ങളുണ്ടായിരുന്നു. ഈനാടിലെ സഖാവ് കൃഷ്ണപിള്ള, വാര്‍ത്ത, തുഷാരം, മീന്‍, 1921, ആര്യന്‍, ഒരു വടക്കന്‍ വീരഗാഥ അങ്ങനെ മികച്ച കഥാപാത്രങ്ങള്‍ നിറഞ്ഞ ചിത്രങ്ങള്‍ ഏറെ. 1992ൽ കെ. ജി. രാജശേഖരൻ സംവിധാനം ചെയ്ത "സിംഹധ്വനി" ആയിരുന്നു അവസാനത്തെ ചിത്രം. ആകെ 268 ഓളം ചിത്രങ്ങളിൽ അഭിനയിച്ചു. സ്റ്റണ്ട് രംഗങ്ങളിൽ പലപ്പോഴും ഡ്യൂപ്പില്ലാതെ അഭിനയിച്ചിരുന്നതിനാൽ മദ്രാസിലെ സ്റ്റണ്ട്കാരിൽ നിന്നും വധഭീഷണി വരെ നേരിടേണ്ടി വന്നിട്ടുണ്ട്. പ്രധാനവേഷം ചെയ്ത അതിഥി (കെ. പി. കുമാരൻ, 1975)യിലെ അഭിനയം നല്ല സഹനടനുള്ള അവാർഡ് നേടിക്കൊടുത്തു.എം.ടിയുടെ "ഓപ്പോൾ" എന്ന സിനിമയിൽ പട്ടാളത്തില്‍ നിന്നും പിരിഞ്ഞ ഗോവിന്ദന്‍കുട്ടിയെന്ന പരുക്കന്‍ കഥാപാത്രത്തിലൂടെ ഭരത് അവാര്‍ഡും അദ്ദേഹം നേടി.അവസാന കാലത്ത് 10 വര്‍ഷത്തോളം രോഗപീഡകളോട് ഏറ്റുമുട്ടി അര്‍ബുദത്തിന് കീഴടങ്ങി 2000 ആഗസ്ത് 26 നാണ് ബാലന്‍.കെ നായര്‍ വിടപറഞ്ഞത്. അങ്ങനെ വില്ലനായും സാധാരണക്കാരനായും കുടുംബസ്ഥനായും എണ്ണമറ്റ കഥാപാത്രങ്ങളിലൂടെ മലയാളത്തില്‍ ബാലന്‍.കെ.നായര്‍ ഇന്നും ജീവിക്കുന്നു.