ചെർപ്പുളശ്ശേരിയുടെ മൊഞ്ച് കൂടുന്നു.. നഗര നവീകരണത്തിന് 28 കോടി

ചെർപ്പുളശ്ശേരി. പുതിയ ബസ്റ്റാന്റ് ഉദ്ഘാടനവും നഗര നവീകരണ പ്രവൃത്തിയും ജൂലൈ 13 ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവഹിക്കും.
ചെർപ്പുളശ്ശേരി പട്ടണത്തിന്റെ മുഖ ഛായ മാറുന്ന സ്വപ്ന പദ്ധതിയുടെ നിർമ്മാണത്തിന് ഊരാളുങ്കൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് കരാർ ഏറ്റെടുത്തിട്ടുള്ളത് . പദ്ധതിക്കായി 28 .17 കോടി രൂപയാണ് സംസ്ഥാന സർക്കാർ നീക്കി വെച്ചത്. ഒന്നര വർഷം കൊണ്ട് ഊരാളുങ്കൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പദ്ധതി പൂർത്തിയാക്കും.നെല്ലായ മുതൽ കച്ചേരിക്കുന്നു വരെ റോഡിൻറെ ഇരുവശവും നവീകരിച്ചു പട്ടണം മികവുറ്റതാക്കും .പാർക്കിംഗ് സൗകര്യങ്ങളും, നടപ്പാതയും, കൈവരികളും, നാലു വരി പാതയും ചെർപ്പുളശ്ശേരി നഗരത്തെ സുന്ദരിയാക്കും
ഇതിനോടകം തന്നെ പ്രാരംഭ സർവേ നടപടികൾ അന്തിമ ഘട്ടത്തിലെത്തി കഴിഞ്ഞു . നിലവിലെ ബസ് സ്റ്റാന്റ് കൂടാതെ പുത്തനാൽക്കൽ ക്ഷേത്ര പരിസരത്ത് പുതിയ ബസ്റ്റാന്റ് ജൂലൈ 13 ന് ഉദ്ഘാടനം ചെയ്യുന്നതോടെ നഗരത്തിലെ ഇപ്പോൾ ഉള്ള തിരക്കിന്നു ശമനമാവും.
2010 ൽ ഗ്രാമപഞ്ചായത്ത് ആയിരുന്നപ്പോൾ എൽഡിഎഫ് ഭരണസമിതി അധികാരത്തിലേറി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.സുരേഷിന്റെ നേതൃത്വത്തിൽ ചെർപ്പുളശ്ശേരിയിലൊരു പുതിയ ബസ് സ്റ്റാൻഡ് വേണമെന്ന് നിർദ്ദേശം എൽ ഡി എഫ് മുന്നോട്ടു വെച്ചു . 2015ൽ പുത്തനാൽക്കാവ് മൈതാനത്തിനടുത്തു സ്ഥലം കണ്ടെത്തി ആ പദ്ധതിക്ക് അന്നത്തെ എംപി യായിരുന്ന എംബി രാജേഷ് തറക്കല്ലിടുകയും ചെയ്തു.
പി കെ ശശി എം എൽ എ ആയിരുന്ന സമയത്താണ് ചെർപ്പുളശ്ശേരി നഗര നവീകരണം എന്ന ആശയം നടപ്പാക്കുകയും, ബജറ്റിൽ തുക അനുവദിക്കുകയും ചെയ്തത്. പിന്നീട് വന്ന പി മമ്മിക്കുട്ടി എം എൽ എ മുൻ കൈ എടുക്കുകയും 28.17 കോടി രൂപ സർക്കാർ പാസ്സാക്കി ഊരാളുങ്കൽ സോസൈറ്റി വർക്ക് ഏറ്റെടുക്കുകയും ചെയ്തു. തൂത, മുണ്ടുർ നാലുവരി പാത, കുടിവെള്ള പദ്ധതി എന്നിവ കൂടി കമ്മീഷൻ ചെയ്യുന്നതോടെ ചെർപ്പുളശ്ശേരി നഗരം ഒരു വൻ പുരോഗതിക്ക് സാക്ഷ്യം വഹിക്കും.