വിഭാഗിയത അവസാനിപ്പിക്കാൻ സി പി എം സംസ്ഥാന സെക്രട്ടറി പാലക്കാട്ട് . ചെർപ്പുള്ളശ്ശേരി ഏരിയ കമ്മറ്റി പിരിച്ചു വിടുമെന്ന് സൂചന

  1. Home
  2. COVER STORY

വിഭാഗിയത അവസാനിപ്പിക്കാൻ സി പി എം സംസ്ഥാന സെക്രട്ടറി പാലക്കാട്ട് . ചെർപ്പുള്ളശ്ശേരി ഏരിയ കമ്മറ്റി പിരിച്ചു വിടുമെന്ന് സൂചന

ജില്ലയിലെ വിഭാഗിയത അവസാനിപ്പിക്കാൻ സി പി എം സംസ്ഥാന സെക്രട്ടറി പാലക്കാട്ട് .  ചെർപ്പുള്ളശ്ശേരി ഏരിയ കമ്മറ്റി പിരിച്ചു വിടുമെന്ന് സൂചന


പാലക്കാട് .കഴിഞ്ഞ പാർട്ടി സമ്മേളനത്തിൽ സംസ്ഥാനത്ത് തന്നെ കടുത്ത വിഭാഗിയത നടന്നത്  ചെർപ്പുളശ്ശേരി ഏരിയ സമ്മേളനത്തിലാണ് എന്നാണ് സംസ്ഥാന കമ്മറ്റി ചുമതലപ്പെടുത്തിയ രണ്ട് അംഗ കമ്മീഷന്റെ കണ്ടെത്തൽ. വിഭാഗിയത തുടച്ചു നീക്കുക എന്ന പാർട്ടി നയത്തിന്റെ ഭാഗമായി കടുത്ത നടപടി സ്വീകരിക്കാനാണ് ഈ മാസം 7, 8 തിയ്യതികളിൽ സി പി എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പാലക്കാട് എത്തുന്നത്. രണ്ടു ദിവസങ്ങളിലായി നടക്കുന്ന ജില്ല സമിതി യോഗത്തിൽ അച്ചടക്ക നടപടി സംസ്ഥാന സെക്രട്ടറി വിവരിക്കും   എന്നാണ് അറിയുന്നത്. കഴിഞ്ഞ ഏരിയ സമ്മേളനത്തിൽ ഔദ്യോഗിക പാനലിലെ ഏരിയ സെക്രട്ടറി ഉൾപ്പെടെ 13 പേരെ  വെട്ടിനിരത്തിയിരുന്നു. ഇതിന് നേതൃത്വം നൽകിയത് ജില്ലയിലെ രണ്ട് മുതിർന്ന നേതാക്കളും ചെർപ്പുളള ശ്ശേരിയിലെ മൂന്ന് പ്രാദേശിക നേതാക്കളുമാണെന്ന് അന്വേഷണ കമ്മീഷൻ തന്നെ കണ്ടെത്തിയിരുന്നു. ഇതിനായി സമ്മേളന പ്രതിനിധികൾക്ക് ജോലി, പണം എന്നിവ വാഗ്ദാനം ചെയ്തതായുള്ള തെളിവുകളും ലഭിച്ചിരുന്നു. തോൽപ്പിക്കേണ്ടവരുടെ പ്രിന്റ് ചെയ്ത ലിസ്റ്റ് സമ്മേളന തലേ ദിവസം വിതരണം ചെയ്തും വിഭാഗിയത ശക്തമായ സമ്മേളന മാണ് നടന്നതെന്നും  കമ്മീഷൻ കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായി ഏരിയ കമ്മറ്റിയിൽ എത്തിയവരിൽ രണ്ടു വർഷം മുമ്പ് മെമ്പർഷിപ്പ് ലഭിച്ചവരും സംഘടന ചുമതല വഹിക്കാൻ പ്രാപ്തരല്ലാത്തവരും ഉണ്ടെന്നാണ് കണ്ടെത്തൽ. അതുകൊണ്ട് ഏരിയ കമ്മറ്റി പുനസംഘടിപ്പിക്കണമെന്നാണ് അന്വേഷണ കമ്മീഷന്റെ നിർദേശമെന്നാണ് സൂചന. എന്നാൽ വിഭാഗിയത ഗുരുതരമായി നടന്ന ചെർപ്പുള്ളശ്ശേരി ഏരിയ കമ്മറ്റി പിരിച്ചുവിടണമെന്നാണ് സംസ്ഥാന നേതാക്കളുടെ അഭിപ്രായമായി  സംസ്ഥാന സമിതിയിൽ ഉയർന്നത്. വിഭാഗിയതക്ക് കാരണമായ ആലപ്പുഴയിലെ രണ്ട് ഏരിയ കമ്മറ്റികൾ  പിരിച്ചു വിടാനുള്ള ശുപാർശക്കൊപ്പംചെർപ്പുളശ്ശേരി ഏരിയ കമ്മറ്റിയും പിരിച്ചുവിടാനുള്ള നീക്കത്തിലാണ് സംസ്ഥാന നേതൃത്വം. പിരിച്ചു വിടുന്നതിനൊപ്പം വിഭാഗിയതക്ക് നേതൃത്വം നൽകിയ നേതാക്കളെ നിലവിലെ കമ്മറ്റികളിൽ നിന്ന് തരം താഴ്ത്തി അച്ചടക്ക നടപടി സ്വീകരിക്കാനും തീരുമാനമുണ്ടെന്നാണ് സൂചന. പാർട്ടി നേതൃത്വ പദവി അലങ്കരിച്ച് വ്യക്തിപരമായ നേട്ടത്തിന് വേണ്ടി ഒരു നേതാവും തുരുത്തുകൾ സൃഷ്ടിക്കുന്നത് അനുവദിക്കില്ലെന്ന് കഴിഞ്ഞ ജില്ല സമ്മേളനത്തിൽ പിണറായി വിജയൻ നേതാക്കളെ ഓർമിപ്പിച്ചിരുന്നു. വിഭാഗിയ പ്രവർത്തനങ്ങൾക്ക് ഒരു വിട്ടുവീഴ്ച്ചക്കും തയ്യാറല്ലാത്ത സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പാലക്കാട് ജില്ലയിലെ വിഭാഗിയത എന്ന കാൻസറിനെ തുടച്ചു നീക്കുന്നതിനാണ് രണ്ട് ദിവസം ക്യാമ്പ് ചെയ്ത് സംസ്ഥാന നേതൃത്വം നിശ്ചയിച്ച അച്ചടക്ക നടപടി വിശദീകരിക്കാൻ പാലക്കാട്ട് എത്തുന്നത്.