ശബരിയുടെ മുറ്റത്ത് തല ഉയർത്തി ശേഖരൻ എന്ന കൊമ്പൻ

ചെർപ്പുളശ്ശേരി. പെട്ടെന്ന് കണ്ടാൽ ജീവനുള്ള കൊമ്പനാന. അടുത്തെത്തിയാൽ മാത്രമാണ് അത് ഒരു ശില്പമെന്ന് തിരിച്ചറിയാൻ കഴിയുക. ചെർപ്പുളശ്ശേരി പുത്തൻ വീട്ടിൽ ശ്രീകുമാറിന്റെ " ശബരി " യിലാണ് 12 അടി ഉയരമുള്ള കൊമ്പൻ തലയെടുപ്പോടെ നിലകൊള്ളുന്നത്.
ആന എന്ന് വെച്ചാൽ ശ്രീകുമാറിന് ജീവനായിരുന്നു. അങ്ങനെയാണ് ശേഖരൻ എന്ന ആനയെ ശ്രീകുമാർ സ്വന്തമാക്കിയത്. പ്രധാനമായും പുത്തനാൽക്കാവിലെ ഉത്സവത്തിന് തിടമ്പേറ്റുക എന്നതായിരുന്നു ശ്രീകുമാറിന്റെ ലക്ഷ്യം. അങ്ങനെ ശേഖരൻ ആനയുടെ പുറത്ത് കുറെ ഉത്സവങ്ങൾക്ക് പുത്ത നാൽക്കാവിൽ അമ്മയുടെ തിടമ്പ് ഉയർന്നു നിന്നു. കഴിഞ്ഞ ഉത്സവം വരെയും അത് തുടർന്നു. അതിനിടയിലാണ് അസുഖം ബാധിച്ച് ശേഖരനാന യാത്രയായത്. എന്നാൽ ശ്രീകുമാറിന്റെ മനസ്സിൽ ശേഖരൻ എന്നും ഒരു ഓർമ്മയായി തന്നെ നിലകൊണ്ടു. ശേഖരൻ തനിക്ക് എന്നും അടുത്ത് വേണമെന്ന ആശയത്തിൽ നിന്നാണ് ആനയെ സ്വന്തം മുറ്റത്ത് ശില്പമായി നിലനിർത്താൻ ശ്രീകുമാർ ആഗ്രഹിച്ചത്..ഏതായാലും ശില്പത്തിന്റെ പണി പൂർണ്ണമായും പൂർത്തിയായി. ഇപ്പോൾ ആനയെ കാണാൻ നിരവധി ആളുകളാണ് ശബരിയിലെത്തുന്നത്. ശേഖരന്റെ പൂർണ്ണമായ രൂപം... അളവിലും വലുപ്പത്തിലും എല്ലാം ശേഖരൻ തന്നെ. ശില്പത്തിന്റെ അവസാന മിനുക്കുപണി കൂടി കഴിയുന്നതോടെ ശേഖരൻ എന്ന ആന ശബരിയുടെ മുറ്റത്ത് തലയുയർത്തി തന്നെ നിൽക്കും