തൊഴിലിനിടെ ആണി തറച്ച് സുരേന്ദ്രന് കാഴ്ച്ച നഷ്ടം...* *തുടർന്നും ഭൂമി രേഖക്കായി പോരാട്ടം...* *ഒടുവിൽ അദാലത്തിൽ പരിഹാരം*

പാലക്കാട്. തൊഴിലിനിടെ ആണി തറച്ച് കാഴ്ച നഷ്ടപ്പെട്ട സുരേന്ദ്രൻ ഭൂമിയുടെ രേഖക്കായി നടത്തിയ പോരാട്ടത്തിന് ആലത്തൂർ താലൂക്ക് പരാതിഹരിഹാര അദാലത്തിൽ പരിഹാരമായി. കാവശ്ശേരി പാലത്തൊടി സ്വദേശിയായ സുരേന്ദ്രനും കുടുംബവും കാവശ്ശേരി പഞ്ചായത്തിൽ ലക്ഷംവീട്ടിൽ താമസിച്ചു വരികയായിരുന്നു. താമസിച്ച വീടിന് കാലക്ഷയം സംഭവിക്കുകയും വീട് നശിക്കുകയും ചെയ്തു.ഈ ഭൂമിക്ക് പട്ടയമുണ്ട് എന്നാൽ ആധാരം ഇല്ലാത്തതിനാൽ വീടിനോ സ്ഥലത്തിനോ അപേക്ഷിക്കാൻ കഴിയാത്ത അവസ്ഥയായി. അതിനിടയിലാണ് കെട്ടു പണിക്കാരനായ സുരേന്ദ്രന് പണിക്കിടയിൽ സഹപ്രവർത്തകന്റെ കയ്യിൽ നിന്നും ആണിതെറിച്ച് കണ്ണിന്റെ കാഴ്ച ഭാഗികമായി നഷ്ടപ്പെടുന്നത്. 2017 ന് ശേഷം പൂർണമായും കാഴ്ച നഷ്ടപ്പെട്ട സുരേന്ദൻ ഏറെ കഷ്ടപാടിലായിരുന്നു. ഭൂമിക്ക് രേഖയില്ലാത്തതിനാൽ താമസിക്കാൻ വീടും മറ്റ് ആനുകൂല്യങ്ങളൊന്നും ലഭിക്കാതെയായി. ലക്ഷം വീട് ആയതിനാൽ സാങ്കേതിക പ്രശ്നങ്ങൾ ധാരാളമുള്ളതായാണ് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നത്. ഭൂമി അളന്ന് തിട്ടപ്പെടുത്തി അതിർത്തി നിർണയിച്ച് ആധാരം ലഭ്യമാക്കാൻ നിരവധി അപേക്ഷകൾ നൽകിയെങ്കിലും ഫലമുണ്ടായില്ല. അതിനിടയിൽ രണ്ടു പെൺമക്കളെയും വിവാഹം കഴിച്ച് അയച്ചു. ഭാര്യക്കും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതോടെ ജീവിക്കാൻ നിവർത്തിയില്ലാത്ത അവസ്ഥയായി. നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായത്തോടെ ഉണ്ടാക്കിയ ഷെഡിലാണ് നിലവിൽ താമസിക്കുന്നത്. 10 വർഷത്തോളമായി രേഖക്കായി നടക്കുന്ന സുരേന്ദ്രന് അദാലത്തിൽ നൽകിയ പരാതിയിലൂടെ കാവശ്ശേരി ഒന്ന് വില്ലേജിലെ സുരേന്ദ്രന്റെ നാല് സെന്റ് ഭൂമി അളന്ന് തിട്ടപെടുത്തി നൽകുന്നതിന് തീരുമാനമായി. അതിന്റെ രേഖ മന്ത്രി എം.ബി.രാജേഷ് സുരേന്ദ്രന് നേരിട്ട് അദാലത്തിൽ കൈമാറി. ബ്ലൈൻഡ് അസോസിയേഷന്റെ സഹായവും പെൻഷനും കൊണ്ട് ജീവിതം മുന്നാട്ട് പോവുന്ന സുരേന്ദ്രന് വലിയ ആശ്വാസമായിരിക്കുകയാണ് അദാലത്ത് .