കാളശില്പങ്ങൾ കൊണ്ട് മാരിവില്ല് തീർക്കാൻ തട്ടകം ഒരുങ്ങി...സി. രാജൻ

കുലുക്കല്ലൂർ - ഐതിഹ്യ പെരുമ കൊണ്ടും, ആചാരാനുഷ്ഠാന കർമ്മങ്ങൾ കൊണ്ടും, ഉത്സവാഘോഷങ്ങളുടെ ആധിക്യം കൊണ്ടും കീർത്തി കേട്ട ശ്രീ മുളയൻകാവ് ഭഗവതി ക്ഷേത്രത്തിലെ മേടമാസ ഉത്സവാഘോഷങ്ങൾക്ക് പരിസമാപ്തി കുറിച്ചുകൊണ്ട് ശനിയാഴ്ച കാളവേലയും , ഞായറാഴ്ച വലിയ പൂരവും ആഘോഷിയ്ക്കുന്നത്.
കുലുക്കല്ലൂർ, നെല്ലായ,വല്ലപ്പുഴ, ചളവറ ഗ്രാമ പഞ്ചായത്ത് പ്രദേശങ്ങൾ ഉൾപ്പെടുന്ന അതിവിശാലമായ തട്ടകമാണ് മുളയൻകാവ്.
കേരളത്തിലെ തന്നെ ഏറ്റവും വലിയ കാളവേല നടക്കുന്നതും മുളയൻകാവിലാണ്.
തട്ടകത്തെ പത്ത് തറ ദേശക്കാളകൾക്കാണ് സ്ഥാനവും, അവകാശങ്ങളും കൽപിച്ച് നൽകിയിട്ടുള്ളത്. ദേശ കാളകൾക്ക് പുറമെ കമനീയമായി അലങ്കരിച്ച തും കണ്ണഞ്ചിപ്പിക്കുന്ന എൽ ഇ ഡി ലൈറ്റ് സംവിധാനത്തോടു കൂടിയതും വ്യത്യസ്ത വലുപ്പത്തിലും, അകാര വടിവിലും ,കലാമികവിലുമുള്ള നൂറിൽ പരം ഇണക്കാളകളാണ് തട്ടകത്തിന് ദൃശ്യവിസ്മയം തീർക്കാൻ
കാവ് കേറാനൊരുങ്ങി നിൽക്കുന്നത്. രാവിലെ ക്ഷേത്രത്തിലും ദേശങ്ങളിലും കാളകെട്ടി അറിയിക്കുന്നതോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമാകുക. രാത്രി യോടെ വാദ്യഘോഷങ്ങളും, ആർപ്പുവിളികളുമായി ദേവീ സന്നിധിയിലേക്കുള്ള ഇണകാളകളുടെ അണമുറിയാത്ത പ്രയാണമാണ് രാത്രി 2 മണിയോടെ തിരുമുറ്റവും, ക്ഷേത്ര പറമ്പും കാളശില്പങ്ങളെ കൊണ്ട് നിറഞ്ഞു കവിയും കേരളത്തിലെ ഏറ്റവും വലിയ കാളവേലയ്ക്കാണ് ഒഴുകിയെത്തിയ ജനസാഗരം സാക്ഷ്യം വഹിക്കുക.
പുറമത്തറ ദേശത്തിനാണ് കാളവേലയുടെ നടത്തിപ്പ് ചുമതല കാളവേല ദിവസം ക്ഷേത്രത്തിൽ വൈകുന്നേരം 6.15ന് ദീപാരാധന, 6.30 ന് ഓട്ടൻതുള്ളൽ, 8.30 ന് കലാനിലയം ഉദയൻ നമ്പൂതിരിയും , കല്ലൂർ ഉണ്ണികൃഷനും ചേർന്നവതരിപ്പിയ്ക്കുന്ന ഇരട്ട തായമ്പക, കേളി, കുഴൽപറ്റ്, എന്നിവയ്ക്കു ശേഷം രാത്രി 11 ന് കാളപ്രദക്ഷിണവും 12 ന് പ്രസിദ്ധമായ കാളയിറക്കവും, പുലർച്ചെ കാള കയറ്റവും, കാളകളിയും നടക്കും തുടർന്ന് രാവണവധം തോൽപ്പാവക്കൂത്ത് നടക്കും 10 ന് വലിയപൂരം ഉച്ചക്ക് 2 മണിക്ക് സന്ധ്യ വേലക്ക് വിളക്ക് വെപ്പ് തുടർന്ന് തായമ്പക, കേളി, കുഴൽപറ്റ്, കൊമ്പ് പറ്റ് എന്നിവയ്ക്കു ശേഷം 2.30 മണിയോടെ പുലാക്കാട്ടിരി നായരുടെ നേതൃത്വത്തിൽ പാലക്കുറുശ്ശിനായരുടെ ദീപത്തോടു കൂടി വെളിച്ചപ്പാടുമാരുടെ അകമ്പടിയിൽ
മംഗളവാദ്യത്തോടു കൂടി താലപ്പൊലി പറമ്പിൽ നിന്നും താലം നിരത്തിയുള്ള തേര് എഴുന്നള്ളിപ്പും, തേരുകളുടെ കാവി റക്കവും നടക്കും തുടർന്ന് 3.30 ന് ക്ഷേത്ര തിരുമുറ്റത്ത് അരങ്ങേറുന്ന അതി ഗംഭീര പഞ്ചാരിമേളത്തിന് മേളപ്രമാണി ചെറുശ്ശേരി കുട്ടൻ മാരാൻ നേതൃത്വം നൽകും .
കാലാനുസൃതമായ ആഘോഷത്തോടെ ചെറുകോട് ദേശത്തിൻ്റെ ഹരിജന വേലയും, ചൂരക്കോട് വേലയും ,വണ്ടും തറയിൽ നിന്നുള്ള പറയപൂതൻവേലയും, പരമ്പരാഗതമായി തന്നെ കാവുതീണ്ടാനെത്തും. നാടൻ കലാരൂപമികവോടെ തന്നെ പൂതനും,തിറയും കാവുണർത്തി കളിയ്ക്കും. വാദ്യഘോഷങ്ങളോടെ വൈവിധ്യമാർന്ന കലാരൂപങ്ങളുടെ കെട്ട് കാഴ്ചകളൊരുക്കി വിവിധ ദേശങ്ങളിൽ നിന്നുള്ള പതിനഞ്ചോളം ഉപ പൂരങ്ങളുടെ വരവുകളും ആഘോഷ തിമർപ്പോടെ കാവിലെത്തും. ക്ഷേത്ര പറമ്പിൽ ചവിട്ടു കളിയും അരങ്ങേറും. പഞ്ചാരിമേളത്തിന്റെ കൊട്ടി കലാശത്തോടെ വൈകുന്നേരം 6.30ന് വെളിച്ചപ്പാട് നൃത്തവും, 7 മണിക്ക് അരിയേറും
.തുടർന്ന് ഗംഭീര ചൈനീസ് വെടിക്കെട്ടും നടക്കും.
രാത്രി പകൽ പൂര ചടങ്ങുകളുടെ തനിയാവർത്തനം തന്നെ തേരുകൾ കാവ് കയറുന്നതോടെ കൂത്ത് മാടത്തിൽ തോൽപ്പാവക്കൂത്തിന് തുടർച്ചയാവും
ശ്രീരാമ പട്ടാഭിഷേകത്തോടെ മുളയൻകാവിലമ്മയുടെ മേടമാസ ഉത്സവത്തിന് പരിസമാപ്തിയാവും.
എഴുത്ത് -സി.രാജൻ .