കുട്ടികളുടെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ചു ഒരാൾ പിടിയിൽ

കൊച്ചി. ഓപ്പറേഷൻ പി ഹണ്ടിന്‍റെ ഭാഗമായി നടന്ന പരിശോധനയില്‍ എറണാകുളം റൂറൽ ജില്ലയിൽ ഒരാൾ അറസ്റ്റിൽ. മാറമ്പിള്ളി, മഞ്ഞപ്പെട്ടി, കുതിര പറമ്പ് ഭാഗത്ത് ആശാരിമാലിൽ വീട്ടിൽ അബ്ബാസ് (38) ആണ് അറസ്റ്റിലായത്. ഇയാളുടെ മൊബൈൽ ഫോണിൽ നിന്നും കുട്ടികളുടെ നഗ്ന ചിത്രങ്ങൾ കണ്ടെടുത്തിട്ടുണ്ട്. മുപ്പത്തിയാറ് ഇടങ്ങളിൽ പരിശോധന നടത്തി. ഇരുപത്തിയെട്ട് പേർക്കെതിരെ കോടതിയിൽ റിപ്പോർട്ട് നൽകി. മുപ്പത് മൊബൈൽ ഫോണുകളും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു. . ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്‍റെ നേതൃത്വത്തിൽ സൈബർ ഡോം, സൈബർ സ്റ്റേഷൻ, സൈബർ സെൽ, പോലീസ് സ്റ്റേഷനുകൾ എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്. വീടുകളിലും, സ്ഥാപനങ്ങലുമാണ് പരിശോധന നടന്നത്. പുലർച്ചെ ആരംഭിച്ച റെയ്ഡ് അർധരാത്രി വരെ നീണ്ടു. കുട്ടികള്‍ ഉള്‍പ്പെട്ട നഗ്ന വീഡിയോകളും, ചിത്രങ്ങളും കാണുക, പ്രചരിപ്പിക്കുക, സൂക്ഷിച്ചുവയ്ക്കുക, ഡൗൺലോഡ് ചെയ്യുക എന്നീ പ്രവൃത്തികൾ ചെയ്യുന്നവരെ നിയമ നടപടിക്ക് വിധേയമാക്കുന്നതാണ് ഓപ്പറേഷൻ പി ഹണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനകള്‍ നടക്കുമെന്ന് എസ്.പി വിവേക് കുമാർ പറഞ്ഞു.