സ്ത്രീയെ തട്ടിക്കൊണ്ടുപോയി ആഭരണം കവർന്ന ശേഷം റോഡിൽ ഉപേക്ഷിച്ചതായി പരാതി

  1. Home
  2. CRIME

സ്ത്രീയെ തട്ടിക്കൊണ്ടുപോയി ആഭരണം കവർന്ന ശേഷം റോഡിൽ ഉപേക്ഷിച്ചതായി പരാതി

kidnap


തിരുവനന്തപുരം: നേമത്ത് നിന്ന് സ്ത്രീയെ തട്ടിക്കൊണ്ടുപോയി ആഭരണം കവർന്ന ശേഷം പൂവച്ചൽ കാപ്പിക്കാട് റോഡിൽ ഉപേക്ഷിച്ചതായി പരാതി. വെള്ളിയാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് കാറിലെത്തിയ സംഘം മണലുവിള ക്ഷേത്രത്തിനു സമീപം സ്ത്രീയെ തട്ടികൊണ്ട് പോയത്. നേമം ഇടയ്‌ക്കോട് കുളത്തറക്കോണം ഭാനുമതി മന്ദിരത്തിൽ പദ്മകുമാരി (52) യെയാണ് തട്ടികൊണ്ട് പോയത്. ഇവരുടെ ആഭരണങ്ങൾ തട്ടിയെടുത്ത ശേഷം രാത്രി 8 മണിയോടെ റോഡിൽ ഉപേക്ഷിക്കുകയായിരുന്നു. പൊലീസ് സംഭവസ്ഥലത്തെത്തി സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 

സംഘം പദ്മകുമാരിയെ ബലമായി പിടിച്ചുകൊണ്ടു പോകുന്നത് ഒരു സ്ത്രീ കണ്ടിരുന്നു. സംഭവം ഇതോടെയാണ് പുറത്താകുന്നത്. തുടർന്ന് പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് സ്ത്രീയെ കണ്ടെത്തുന്നത്. മലയാളവും തമിഴും സംസാരിക്കുന്ന അഞ്ചു പേരാണ് കാറിലെത്തിയവർ എന്ന് സ്ത്രീ പറഞ്ഞു. ബന്ധുക്കൾ പറയുന്നത് നാൽപ്പത് പവനോളം നഷ്ടപ്പെട്ടെന്നാണ്. കാർ ഓടിച്ചിരുന്ന ആൾ മലയാളവും ബാക്കി ഉള്ളവർ തമിഴുമാണ് സംസാരിച്ചത്. പ്ലയർ പോലുള്ള ഉപകരണങ്ങൾ ഉപയോഗിച്ചാണ് ശരീരത്തിൽ നിന്നും ആഭരണങ്ങൾ മുറിച്ചെടുത്തത്. സംഘത്തിന്റെ കവർച്ച തടയാൻ ശ്രമിച്ച പദ്മകുമാരിയെ മർദിച്ചു. മർദ്ദനത്തിൽ ഇവരുടെ പല്ല് നഷ്ടപ്പെട്ടു. ഇവർ നേമം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. നേമത്തുള്ള ബന്ധുവിന്റെ ആധാരം എഴുത്ത് ഓഫീസിൽ പോയി വീട്ടിലേക്ക് മടങ്ങി വരുമ്പോഴാണ് സംഭവം. സംഘം രാവിലെ മുതൽ ഈ പ്രദേശങ്ങളിൽ കറങ്ങിയിരുന്നതായി പൊലീസ് സംശയിക്കുന്നു. 

പദ്മകുമാരിയെ ആഭരങ്ങൾ കവർന്നതിനു ശേഷം കാറിൽ നിന്ന് ഉപേക്ഷിച്ചപ്പോൾ വഴിയിൽ കണ്ട നാട്ടുകാരുടെ അടുത്ത് ബന്ധുവിന്റെ നമ്പർ പറഞ്ഞു ഫോണിൽ വിളിച്ചാണ് വിവരം അറിയിച്ചത്. എപ്പോഴും ആഭരങ്ങൾ അണിഞ്ഞാണ് ഇവർ നടക്കാറുള്ളത്. വീടും വസ്തുവും വാങ്ങി നൽകുകയും വിൽക്കുകയും ചെയുന്ന ഇടനിലക്കാരിയാണ്. അവിവാഹിതയായ ഇവർ കുടുംബവീട്ടിൽ ബന്ധുക്കളോടൊപ്പമാണ് താമസം. കാട്ടാകട, നരുവാമൂട് പൊലീസ് സംഘം അന്വേഷണം തുടങ്ങി.