വിവാഹാലോചന കൊണ്ടുവരാമെന്നു പറഞ്ഞ് 10000 രൂപ വാങ്ങി, നടന്നില്ല ബ്രോക്കറെ കുത്തിക്കൊന്നു.

  1. Home
  2. CRIME

വിവാഹാലോചന കൊണ്ടുവരാമെന്നു പറഞ്ഞ് 10000 രൂപ വാങ്ങി, നടന്നില്ല ബ്രോക്കറെ കുത്തിക്കൊന്നു.

വിവാഹാലോചന കൊണ്ടുവരാമെന്നു പറഞ്ഞ് 10000 രൂപ വാങ്ങി,  നടന്നില്ല ബ്രോക്കറെ കുത്തിക്കൊന്നു.


കൊപ്പം - പട്ടാമ്പിക്കടുത്ത് കൊപ്പം വണ്ടുംതറയിൽ ചൊവ്വാഴ്ച പുലർച്ചെ ഗൃഹനാഥനെ വീട്ടിൽക്കയറി കുത്തിക്കൊന്നു. വണ്ടുംതറവടക്കും മുറി കടുകതൊടി പടിഞ്ഞാറേതിൽ അബ്ബാസാണ് (64) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നെല്ലായ മഞ്ചക്കല്ല് കുണ്ടിൽ മുഹമ്മദലിയെ (40) കൊപ്പം പോലീസ് അറസ്റ്റുചെയ്തു. വിവാഹദല്ലാളായ അബ്ബാസുമായി സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു.

ചൊവ്വാഴ്ച പുലർച്ചെ 6.30-ഓടെയായിരുന്നു സംഭവം. ഓട്ടോറിക്ഷയിൽ അബ്ബാസിന്റെ വീടിനുമുന്നിൽ വന്നിറങ്ങിയ മുഹമ്മദലി, അബ്ബാസിനെ വീട്ടിൽനിന്ന് വിളിച്ചിറക്കിയാണ് ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. കൈയിലുണ്ടായിരുന്ന കത്തിയുപയോഗിച്ച് മുഹമ്മദലി, അബ്ബാസിനെ കുത്തുന്നത് തടയാൻ മകൻ ശിഹാബ് ശ്രമിച്ചു. എന്നാൽ, മുഹമ്മദലി ശിഹാബിനെയും ആക്രമിക്കാൻ ശ്രമിച്ചെന്ന് പോലീസ് പറയുന്നു. ശിഹാബിന്റെ കൈകൾക്ക് പരിക്കുണ്ട്.

സംഭവശേഷം മുഹമ്മദലി ഓട്ടോറിക്ഷയിൽക്കയറി രക്ഷപ്പെട്ടു. കുത്തേറ്റ അബ്ബാസിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മണിക്കൂറുകൾക്കകം കൊപ്പം എസ്.ഐ. എം.ബി. രാജേഷിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ മുഹമ്മദലിയെ പിടികൂടി.

അബ്ബാസ് നല്ല കല്യാണ ആലോചനകൾ കൊണ്ടുവരാമെന്നുപറഞ്ഞ് മുഹമ്മദലിയിൽനിന്ന് 10,000 രൂപ വാങ്ങിയെന്നും തുടർന്ന് കാര്യമായ ഇടപെടൽ നടത്തിയില്ലെന്നും മുഹമ്മദലി മൊഴിനൽകിയതായി പോലീസ് പറഞ്ഞു. പണം തിരിച്ചുനൽകാത്തതുമായി ബന്ധപ്പെട്ട് മുമ്പും തർക്കങ്ങൾ ഉണ്ടായിരുന്നെന്നും അതേത്തുടർന്നുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പോലീസ് പറയുന്നു.

ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. നബീസയാണ് അബ്ബാസിന്റെ ഭാര്യ. മക്കൾ: സുഹറ, സാജിത, ശിഹാബ്, ഇർഷാദ്, സീനത്ത്, അസീസ്, താഹിറ.