അത്തിമണി അനിലിനെതിരെ കാപ്പ; പാലക്കാട്ട് കയറരുത്

പാലക്കാട്: മുൻ സിപിഎം പ്രാദേശിക നേതാവും സ്പിരിറ്റ് കടത്ത് ഉൾപ്പെടെ ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതിയുമായ ആർ.അനിൽകുമാറിനെതിരെ (അത്തിമണി അനിൽ-39) പൊലീസ് കാപ്പ നിയമം ചുമത്തി. സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്ന കാപ്പ നിയമപ്രകാരം അനിൽകുമാറിന് ഇനി ഒരു വർഷത്തേക്ക് പാലക്കാട് ജില്ലയിൽ പ്രവേശിക്കാനാവില്ല. നടപടി ലംഘിച്ചാൽ 3 വർഷം വരെ തടവു ശിക്ഷ ലഭിക്കുന്നതാണ്.
സിപിഎം പെരുമാട്ടി അത്തിമണി ബ്രാഞ്ച് മുൻ സെക്രട്ടറിയായിരുന്നു അനിൽകുമാറിനെ 2019 മേയ് ഒന്നിനു കാറിൽ സ്പിരിറ്റ് കടത്താൻ ശ്രമിച്ച സംഭവത്തിൽ എക്സൈസ് ഇന്റലിജൻസ് വിഭാഗം പിടികൂടിയിരുന്നു. തുടർന്ന് സിപിഎം അനിലിനെ പ്രാഥമികാംഗത്വത്തിൽ നിന്നു പുറത്താക്കുകയായിരുന്നു. കസബ പൊലീസ് സ്റ്റേഷൻ പരിധിയിൽ റജിസ്റ്റർ ചെയ്ത കുഴൽപ്പണ കവർച്ച കേസിലും പ്രതിയാണ് അനിൽ. തുടർന്നും വിവിധ കേസുകളിൽ ഉൾപ്പെട്ടതോടെയാണ് ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥിന്റെ ശുപാർശ പ്രകാരം തൃശൂർ റേഞ്ച് ഡിഐജി പുട്ട വിമലാദിത്യയാണു കാപ്പ നടപടിയെടുത്തത്.