കൊപ്പം വണ്ടുംതറ കൊലപാതകം: പ്രതി ചെർപ്പുളശ്ശേരി നെല്ലായ സ്വാദേശി പോലീസിന്റെ പിടിയിൽ

  1. Home
  2. CRIME

കൊപ്പം വണ്ടുംതറ കൊലപാതകം: പ്രതി ചെർപ്പുളശ്ശേരി നെല്ലായ സ്വാദേശി പോലീസിന്റെ പിടിയിൽ

Death


കൊപ്പം∙ കുലുക്കല്ലൂർ പഞ്ചായത്തിലെ വണ്ടുംതറ വടക്കുംമുറിയിൽ ഗൃഹനാഥനെ വീട്ടില്‍ കയറി കുത്തി കൊലപ്പെടുത്തി. വണ്ടുംതറ വടക്കുംമുറി കട്കത്തൊടി അബ്ബാസ് (50) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ വീട്ടില്‍ എത്തിയ ആൾ വാതിൽ മുട്ടിവിളിച്ച് പുറത്തിറക്കിയ ശേഷം കറിക്കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. അബ്ബാസിനെ ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവവുമായി ബന്ധപ്പെട്ട് നെല്ലായ കുണ്ടിൽ വീട്ടില്‍ മുഹമ്മദ് അലി (40)യെ കൊപ്പം എസ്ഐ എം.ബി.രാജേഷ് പിടികൂടി. കൃത്യം നടത്തി മടങ്ങവെ കുലുക്കല്ലൂർ ഇടുതറയിൽ വച്ചാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. വിവാഹ ബ്രോക്കറായ അബ്ബാസ് വിവാഹം ശരിയാക്കി കൊടുക്കാമെന്നു പറഞ്ഞു പണം വാങ്ങി പറ്റിച്ചെന്ന് ആരോപിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക സൂചനയെന്ന് കൊപ്പം പോലീസ് പറഞ്ഞു.
ഇന്നു പുലർച്ചെ പണം വാങ്ങാനെന്നു പറഞ്ഞ് നെല്ലായ മഞ്ചക്കല്ലിൽനിന്ന് ഓട്ടോ വിളിച്ചു വണ്ടുംതറ വടക്കുംമുറിയിൽ എത്തിയ പ്രതി, വീട്ടില്‍ കയറി അബ്ബാസിനെ പുറത്തേക്കുവിളിച്ചു ഇറക്കിയ ശേഷം കറിക്കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ.