പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു: അമ്മയുടെ കാമുകനും കേബിൾ ഓപ്പറേറ്ററും അറസ്റ്റിൽ

  1. Home
  2. CRIME

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു: അമ്മയുടെ കാമുകനും കേബിൾ ഓപ്പറേറ്ററും അറസ്റ്റിൽ

Arrest


ഷൊർണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പെൺകുട്ടിയുടെ അമ്മയ്ക്കൊപ്പം താമസിക്കുന്നയാളെയും കേബിൾ തൊഴിലാളിയെയും പോലീസ് അറസ്റ്റ് ചെയ്തു.
കേബിൾ തൊഴിലാളി കുളപ്പുള്ളി കല്ലിപ്പാടം തൂക്കാട്ടുപറമ്പിൽ സുമേഷ് (29) കുട്ടിയുടെ അമ്മയ്ക്കൊപ്പം ഒരുവർഷത്തോളമായി താമസിക്കുന്നയാൾ എന്നിവരാണ് അറസ്റ്റിലായത്. പത്താംക്ലാസ് വിദ്യാർഥിയായ കുട്ടി സ്കൂളിൽനിന്നും കൊടുത്തുവിട്ട ഹോംവർക്ക് ചെയ്യാതെവന്നത് അധ്യാപകർ കണ്ടെത്തി ചോദിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്.
ആദ്യം ഉപദ്രവിച്ചത് അമ്മയ്ക്കൊപ്പം താമസിക്കുന്നയാളാണെന്ന് കുട്ടി പറഞ്ഞതിനെത്തുടർന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് കുട്ടിയുടെ വിശദമായ മൊഴിയെടുത്തപ്പോഴാണ് ടി.വി. കേബിൾ അറ്റകുറ്റപ്പണിക്കെത്തിയയാളും പീഡിപ്പിച്ചെന്ന് അറിയുന്നതെന്ന് പോലീസ് പറയുന്നു. ടി.വി. കേബിൾ തകരാർ പരിഹരിക്കാനെത്തിയപ്പോൾ പീഡിപ്പിച്ചെന്നായിരുന്നു മൊഴി. ചൈൽഡ് ലൈൻ ടോൾഫ്രീ നമ്പറിലേക്ക് വിളിച്ച് അധ്യാപകരാണ് ആദ്യം പരാതി അറിയിച്ചത്. തുടർന്ന്, ചൈൽഡ് ലൈൻ പ്രാഥമികാന്വേഷണം നടത്തി വിവരം പോലീസിനെ അറിയിക്കയായിരുന്നു.
അറസ്റ്റിലായ രണ്ടുപേരെയും റിമാൻഡ് ചെയ്തു. ഇൻസ്പെക്ടർ പി.എം. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.