പ്രണയാഭ്യർത്ഥന നടത്തിയ കൗമാരക്കാരനെ കൊലപ്പെടുത്തി ബന്ധുക്കൾ

  1. Home
  2. CRIME

പ്രണയാഭ്യർത്ഥന നടത്തിയ കൗമാരക്കാരനെ കൊലപ്പെടുത്തി ബന്ധുക്കൾ

Crime


ബെംഗളൂരു: ബൈയപ്പനഹള്ളിയിൽ സ്‌കൂൾ വിദ്യാർഥിനിയോടെ പ്രണയാഭ്യർത്ഥന സന്ദേശം അയച്ച 17 വയസ്സുകാരനെ ബന്ധുക്കൾ കൊലപ്പെടുത്തി. നാഗഷെട്ടിഹള്ളി സ്വദേശിയായ പ്രജ്വലിനെയാണ് അമ്മാവൻ (അച്ഛന്റെ സഹോദരൻ) ഉൾപ്പെടെയുള്ള നാലംഗ സംഘം മരത്തടികൾ കൊണ്ട് മർദിച്ച് കൊലപ്പെടുത്തിയത്. ന്യൂ ബൈയപ്പനഹള്ളിയിലെ സ്വാമി വിവേകാനന്ദ മെട്രോ സ്റ്റേഷനു പിന്നിൽ വെള്ളിയാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം. 
തന്റെ അനന്തരവൾ കൂടിയായ ഒമ്പതാം ക്ലാസുകാരിയെ പ്രജ്വൽ ഫോൺ വിളിച്ചിരുന്നതായി പോലീസ് പറഞ്ഞു. 'ഐ ലവ് യു' എന്നെഴുതിയ സന്ദേശങ്ങളും പ്രജ്വൽ പെൺകുട്ടിക്ക് അയച്ചുകൊടുക്കുകയും തനിക്ക് അനുകൂലമായി പ്രതികരിക്കാൻ പെൺകുട്ടിയെ നിർബന്ധിക്കുകയും ചെയ്തു. പ്രജ്വലിൽ നിന്നുള്ള കോളുകളും സന്ദേശങ്ങളും സംബന്ധിച്ച് പെൺകുട്ടി മാതാപിതാക്കളോട് പല തവണ പരാതിപ്പെട്ടിരുന്നു.
 
പെൺകുട്ടിയെ ശല്യപ്പെടുത്തരുതെന്ന് വീട്ടുകാർ പ്രജ്വലിന് മുന്നറിയിപ്പ് നൽകിയെങ്കിലും പ്രജ്വൽ പെൺകുട്ടിക്ക് സന്ദേശങ്ങൾ അയയ്ക്കുന്നത് തുടർന്നു. അതിനാൽ പ്രജ്വലിനോട് സംസാരിക്കണമെന്ന് പറഞ്ഞ് അമ്മാവനും മറ്റുചിലരും പ്രജ്വലിനെ ന്യൂ ബൈയപ്പനഹള്ളിയിലേക്ക് വിളിച്ചു വരുത്തുകയുമായിരുന്നു. തുടർന്ന് പ്രജ്വലിനെ കണ്ടുമുട്ടിയതോടെ പെൺകുട്ടിക്ക് സന്ദേശം അയക്കുന്നതിനെക്കുറിച്ച് ചോദ്യം ചെയ്യുകയും മരത്തടികൾ കൊണ്ട് ദയയില്ലാതെ സംഘം പ്രജ്വലിനെ മർദ്ദിക്കുകയും ആണ് ഉണ്ടായത്
പ്രജ്വൽ സംഭവസ്ഥലത്തുതന്നെ കുഴഞ്ഞുവീണു. പ്രതികൾ ചേർന്ന് പ്രജ്വലിനെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അവിടെന്ന് പിന്നീട് സിഎംഎച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ശനിയാഴ്ച പുലർച്ചെ 2.30 ഓടെ പ്രജ്വൽ മരണപെട്ടു. പ്രജ്വലിന്റെ മരണവിവരം ആശുപത്രി അധികൃതരാണ് പോലീസിനെ അറിയിച്ചത്. പോലീസ് ആശുപത്രിയിലെത്തിയപ്പോൾ പ്രജ്വലിനെ ആശുപത്രിയിലേക്ക് എത്തിച്ച ബന്ധുക്കളായ രണ്ടുപേരെ കണ്ടെത്തി. ബൈയപ്പനഹള്ളി പോലീസ് കൊലപാതകത്തിന് കേസ് എടുത്ത് പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.