പ്രഭാത സവാരിക്കിടെ വീട്ടമ്മയുടെ മാല മോഷ്ടിച്ചു.. പനമണ്ണ തെക്കേതിൽ ശ്രീജേഷ് (38) അറസ്റ്റിൽ

ചെർപ്പുളശ്ശേരി. പ്രഭാത സവാരി നടത്തുകയായിരുന്ന ചളവറയിലെ വീട്ടമ്മയെ ആക്രമിച്ച് കീഴ്പെടുത്തി രണ്ടര പവൻ സ്വർണ്ണ മാല പൊട്ടിച്ച പ്രതിയെ അറസ്റ്റു ചെയ്തു. അനങ്ങനടി പനമണ്ണ തെക്കേതിൽ ഉണ്ണികൃഷ്ണന്റെ മകൻ ശ്രീജേഷ് (38) നെ ചളവറയിൽ നിന്ന് ചെർപ്പുളശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 8 ആം തിയ്യതി രാവിലെ 6 ന് ചേറമ്പറ്റ കാവ് റോഡിൽ ചുങ്കോണത്താലിനു സമീപത്തു പ്രഭാത സവാരി നടത്തുകയായിരുന്ന പുലിയാനം കുന്ന് താന്നിക്കൽ വീട്ടിൽ ശാന്തകുമാരി അമ്മയുടെ പുറകിലൂടെ നടന്ന് വന്ന് ആക്രമിച് വീഴ്ത്തിയിട്ടാണ് സ്വർണ്ണ മാല കവർന്നത്. പ്രതി ശ്രീജേഷ് ചെറുകിട കെട്ടിട കരാർ ജോലി ചെയ്യുന്നയാളാണ്. കവർന്ന സ്വർണ്ണമാല ഒറ്റപ്പാലത്തെ ഒരു ജ്വല്ലറിയിൽ നിന്നും കണ്ടെടുത്തു. സി.ഐ ശശികുമാർ , എസ് ഐ മാരായ ബി.പ്രമോദ്, ബിനു മോഹൻ, സി.പി. ഒ മാരായ രാജീവ്, അനിൽ, ഷാജഹാൻ, സുബ്രമണ്യൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ഒറ്റപ്പാലം ഫസ്റ്റ് ക്ലാസ് മജിസ്ടേറ്റ് കോടതിയിൽ ഹാജരാക്കി.