അങ്കണവാടി അധ്യാപികയെ അടുക്കളയിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി

  1. Home
  2. CRIME

അങ്കണവാടി അധ്യാപികയെ അടുക്കളയിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി

Death


 തിരുവല്ല: അങ്കണവാടി അധ്യാപികയെ വീടിന്റെ അടുക്കളയിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ല കുറ്റപ്പുഴയില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. കുറ്റപ്പുഴ മാടമുക്ക് അങ്കണവാടിയിലെ അധ്യാപികയായ പുതുപ്പറമ്പിൽ വീട്ടിൽ മഹിളാ മണി(60)യാണ് മരിച്ചത്. 

രാവിലെ ആറോടെ കാപ്പിയുണ്ടാക്കുന്നതിനായി മഹിളാ മണി അടുക്കളയിലേക്ക് പോയതെന്ന് ഭർത്താവ് ശശി പറയുന്നു. ഏറെ നേരമായിട്ടും കാണാതായതോടെ ശശി അന്വേഷിച്ച് അടുക്കളയിൽ എത്തിയപ്പോൾ രക്തത്തിൽ കുളിച്ച കിടക്കുന്ന നിലയിൽ മഹിളാ മണിയെ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ശശി സമീപത്തെ ബന്ധുവീട്ടിൽ വിവരം അറിയിച്ചു. തുടർന്ന് ബന്ധുക്കൾ ചേർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. 

മഹിളാ മണിക്ക് മൂന്നാഴ്ച മുൻപ് കോവിഡ് ബാധിച്ചിരുന്നു. ഇതിനു ശേഷം ഇവർക്ക് ചില മാനസിക പ്രശ്നങ്ങൾ അനുഭവപ്പെട്ടതായി ബന്ധുക്കൾ പറഞ്ഞു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് തിരുവല്ല പൊലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്.