സസ്‌പെൻഷനിലായ പൊലീസ് ഇൻസ്‌പെക്ടർ പെട്രോൾ ദേഹത്തൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. എസ്എച്ച്ഒ പി എം ലിബിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്

പാലിയേക്കര> സസ്‌പെൻഷനിലായ പൊലീസ് ഇൻസ്‌പെക്ടർ കാറിനുള്ളിൽവച്ച് പെട്രോൾ ദേഹത്തൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. പാലിയേക്കര ടോൾ പ്ലാസയിലാണ് സംഭവം. പാലക്കാട് മീനാക്ഷീപുരം എസ്എച്ച്ഒ പി എം ലിബിയാണ് കാറിൽ കരുതിയിരുന്ന പെട്രോളൊഴിച്ച് തീ കാെളുത്താൻ ശ്രമിച്ചത്. പൊലീസിന്റെയും അഗ്നിരക്ഷാസേനയുടേയും സമയോചിതമായ ഇടപെടൽ കാരണം അത്യാഹിതം ഒഴിവായി. വെള്ളിയാഴ്ച വൈകിട്ട് 5.30-നാണ് സംഭവം. രണ്ടു ദിവസം മുമ്പാണ് കൊട്ടാരക്കര സ്വദേശിയായ ഇദ്ദേഹം സസ്പെൻഷനിലായത്. വയോധികനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പരാതിയിലാണ് സസ്പെൻഡ് ചെയ്തത്.
സംഭവത്തിൽ നിരപരാധിയാണെന്നും ജീവനൊടുക്കുമെന്നും ഫേസ് ബുക്കിൽ പോസ്റ്റിട്ടശേഷം വീട്ടിൽനിന്ന് കാറിൽ പാലക്കാട്ടേക്ക് പോവുകയായിരുന്നു. കടുത്ത മാനസിക സമ്മർദത്തിലാണ് ഇദ്ദേഹമെന്ന് വീട്ടുകാർ പൊലീസിൽ അറിയിച്ചിരുന്നു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചാേടെ കൊടകരയിലെത്തിയ കാർ പൊലീസ് തിരിച്ചറിഞ്ഞു. തുടർന്ന് പുതുക്കാട് പൊലീസ് കാറിനെ പിന്തുടർന്നു. പാലിയേക്കര ടോൾപ്ലാസയിൽ കാർ തടഞ്ഞു. ഏറെ നേരം അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും കാറിൽനിന്നിറങ്ങാൻ വിസമ്മതിച്ച ലിബി ടോൾപ്ലാസയിലെ ട്രാക്കിൽ കാർ നിർത്തിയിട്ടു. തുടർന്ന് പോലീസ് പിടികൂടി. ഇയാൾ ചെർപ്പുളശ്ശേരി എസ് ഐ ആയിരുന്നിട്ടുണ്ട്
കാറിന്റെ ഗ്ലാസുകൾ പൂർണമായും അടച്ചശേഷം കന്നാസിലാക്കി കരുതിയിരുന്ന പെട്രോൾ തലവഴി ഒഴിച്ച് തീകൊളുത്താൻ ശ്രമിക്കുകയുമായിരുന്നു. അഗ്നിരക്ഷാസേന പിന്നിലെ ഗ്ലാസ് തകർത്ത് കാറിനകത്തേക്ക് ശക്തിയായി വെള്ളം പമ്പ് ചെയ്തു. അതോടെ ലൈറ്റർ ഉപയോഗിച്ച് തീകൊളുത്താനുള്ള ശ്രമം പരാജയപ്പെട്ടു. 20 ലിറ്റർ പെട്രോൾ കാറിനുള്ളിൽ കരുതിയിരുന്നതായി പൊലീസ് പറഞ്ഞു. ശരീരത്തിനുള്ളിലും പെട്രോൾ എത്തിയിരുന്ന ലിബിയെ ടോൾപ്ലാസയുടെ ആംബുലൻസിൽ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.