പോലീസുകാർക്കു നേരെ ആക്രമണം; പോലീസുകാരന് പരിക്ക്

കൊപ്പം : കോടതി ഉത്തരവിനെത്തുടർന്ന് പ്രതിയെ അന്വേഷിച്ച് എത്തിയ പോലീസുകാർക്കുനേരെ കൊപ്പം ആമയൂരിൽ ആക്രമണം. പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ (സി.പി.ഒ.) മങ്കട തണ്ടയത്തിൽ ഷക്കീലിനാണ് (36) പരിക്കുപറ്റിയത്.
ഇദ്ദേഹത്തെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ആമയൂർ പടറമ്പിൽ സുബൈർ (30), ഇയാളുടെ പിതാവ് സൈതലവി (55), അയൽവാസിയായ പടിഞ്ഞറേതിൽ രതീഷ്‌കുമാർ (35) എന്നിവരെ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രി ഒൻപതരമണിയോടെയായിരുന്നു സംഭവം. പെരിന്തൽമണ്ണ പോലീസ് സ്‌റ്റേഷൻ പരിധിയിൽ അടിപിടിക്കേസിൽ ഒന്നാംപ്രതിയായ സുബൈറിനോട് കോടതിയിൽ ഹാജരാവാൻ നിർദേശം നൽകിയിരുന്നു.
പലതവണ ആവശ്യപ്പെട്ടിട്ടും ഹാജരാവാത്തതിനെ തുടർന്നാണ് കോടതി ഉത്തരവ് പ്രകാരം പെരിന്തൽമണ്ണയിൽനിന്നുള്ള നാലംഗ പോലീസ് സംഘം പ്രതിയെ തേടി ആമയൂരിലെ വീട്ടിൽ എത്തിയത്. പോലീസിനെ കണ്ടതോടെ ആക്രമിച്ച പ്രതി രക്ഷപ്പെടാൻ ശ്രമിച്ചു.
പ്രതിയും വീട്ടിലുണ്ടായിരുന്ന പിതാവ് സൈതലവിയും അയൽവാസി രതീഷ്‌കുമാറും ചേർന്നാണ് ആക്രമിച്ചതെന്നാണ് കേസ്. ഇതിനിടെയാണ് പോലീസ് ഉദ്യോഗസ്ഥനായ ഷക്കീലിന്റെ കൈക്ക് പരിക്ക് പറ്റിയത്. കൈവിരലിന്റെ എല്ല് പൊട്ടിയതിനെത്തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനാക്കി. ഷക്കീലിനൊപ്പം പെരിന്തൽമണ്ണ സ്‌റ്റേഷനിൽ നിന്നുള്ള സൽമാൻ, ഷാലു, സക്കീർ ഹുസൈൻ എന്നിവരും ഉണ്ടായിരുന്നു.
സംഭവമറിഞ്ഞ് കൊപ്പം എസ്.ഐ. എം.ബി. രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ജാമ്യമില്ലാ വകുപ്പ് ഉൾപ്പെടെ ചുമത്തിയാണ് കേസ്. പ്രതികളെ പട്ടാമ്പി കോടതി റിമാൻഡ് ചെയ്തു.