\u0D15\u0D41\u0D2A\u0D4D\u0D2A\u0D3F\u0D35\u0D46\u0D33\u0D4D\u0D33\u0D24\u0D4D\u0D24\u0D3F\u0D28\u0D4D \u0D35\u0D3F\u0D32 47; \u0D28\u0D37\u0D4D‌\u0D1F \u0D2A\u0D30\u0D3F\u0D39\u0D3E\u0D30\u0D2E\u0D3E\u0D2F\u0D3F \u0D28\u0D7D\u0D15\u0D3F\u0D2F\u0D24\u0D4D 5000

  1. Home
  2. CRIME

കുപ്പിവെള്ളത്തിന് വില 47; നഷ്‌ട പരിഹാരമായി നൽകിയത് 5000

കുപ്പിവെള്ളത്തിന് വില 47; നഷ്‌ട പരിഹാരമായി നൽകിയത് 5000


മലപ്പുറം: ഒരുലിറ്റർ കുപ്പിവെള്ളത്തിനു 47 രൂപ ഈടാക്കിയ പരാതിയിൽ 5000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. ജില്ലാ ഉപഭോക്തൃതർക്ക പരിഹാര കമ്മിഷന്റെയും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ നടന്ന ഉപഭോക്തൃതർക്ക പരിഹാര അദാലത്തിലാണ് തീരുമാനം.

കോഴിക്കോട് ജില്ലയിലെ മാളിൽ പ്രവർത്തിക്കുന്ന സ്വകാര്യസ്ഥാപനത്തിലാണ് കഴിഞ്ഞ ഫെബ്രുവരിയിൽ വാങ്ങിയ വെള്ളക്കുപ്പിക്ക് 47 രൂപയും ജി.എസ്.ടി.യും ഈടാക്കിയതായി പരാതി.

ഇത്രയും വിലയുള്ള വെള്ളം തിരിച്ചെടുക്കണമെന്നു ആവശ്യപ്പെട്ടപ്പോൾ കമ്പനി നിയമപ്രകാരം വിറ്റ സാധനം തിരിച്ചെടുക്കാൻ കഴിയില്ലെന്നാണ് കടയുടമ പറഞ്ഞത്. തുടർന്നാണ് പരാതിക്കാർ ഉപഭോക്തൃ കോടതിയിൽ പരാതിനൽകിയത്. മലപ്പുറം സ്വദേശികളായ ജസീം സയ്യാഫ്, ഹബീൽ അഹമ്മദ്, ഫാസിൽ, ഷഹീർ അക്തർ എന്നിവരാണ് പരാതി കൊടുത്തത്.

75 പരാതികളാണ് അദാലത്തിൽ പരിഗണിച്ചത്. നാലു പരാതികൾ ഇരുകക്ഷികളുടെയും സമ്മതത്തോടെ തീർപ്പാക്കി. ബാക്കിയുള്ള പരാതികൾ വരുന്ന മാസങ്ങളിൽ നടത്തുന്ന അദാലത്തിലേക്കു മാറ്റിയതായി ജില്ലാ ഉപഭോക്തൃതർക്ക പരിഹാര കമ്മിഷൻ പ്രസിഡന്റ് അഡ്വ. കെ. മോഹൻദാസ് അറിയിച്ചു.

ജില്ലാതല ദേശീയ ഉപഭോക്തൃദിനാചാരണത്തിന്റെ ഭാഗമായി ആദ്യമായാണ് ഉപഭോക്തൃതർക്ക പരിഹാര അദാലത്ത് നടത്തുന്നത്.

ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്‌ജിയുമായ ശ്രീ. നൗഷാദ് കണ്ണിയൻ, അഡ്വ. ബാലകൃഷ്ണൻ, ജില്ലാ ഉപഭോക്തൃതർക്ക പരിഹാര കമ്മിഷൻ അംഗം പ്രീതി ശിവരാമൻ, അഡ്വക്കേറ്റുമാരായ ആസിഫ് വരിക്കോടൻ, ഹഫീസ് പറവത്ത്, ഹരികുമാർ മേനോൻ, പി.കെ. റജീന, പ്രിയങ്ക ബൈജു എന്നിവരുടെ നേതൃത്വത്തിലാണ് അദാലത്ത് നടന്നത്.