തിരൂർക്കാട്ടും കരിങ്കല്ലത്താണിയിലും കുഴൽപ്പണ വേട്ട: 1.83 കോടി പോലീസ് പിടികൂടി*

  1. Home
  2. CRIME

തിരൂർക്കാട്ടും കരിങ്കല്ലത്താണിയിലും കുഴൽപ്പണ വേട്ട: 1.83 കോടി പോലീസ് പിടികൂടി*

illegal cash


പെരിന്തൽമണ്ണ : മലപ്പുറം ജില്ലയിൽ രണ്ടിടങ്ങളിലായി പൊലീസ്‌ നടത്തിയ വാഹന പരിശോധനയിൽ അനധികൃതമായി കടത്തിക്കൊണ്ടു പോവുകയായിരുന്ന 1.83 കോടി രൂപ പിടികൂടി.

പെരിന്തൽമണ്ണ കരിങ്കല്ലത്താണി, തിരൂർക്കാട്‌ എന്നിവിടങ്ങളിലായിരുന്നു പരിശോധന. തൃശൂർ സ്വദേശികളായ മൂന്നുപേർ പിടിയിലായി. 
കരിങ്കല്ലത്താണിയിൽനിന്ന്‌ ഒരുകോടി ഏഴുലക്ഷത്തി തൊണ്ണൂറ്റി ഒമ്പതിനായിരം രൂപയുമായി തൃശൂർ തിരൂർ സ്വദേശി തേർമഠം  ഡാനിൽ, വെളളച്ചിറ സ്വദേശി തേർമഠം ലോറൻസ് എന്നിവരെയാണ്‌ പിടികൂടിയത്‌. കാറിൽ രഹസ്യഅറ നിർമിച്ച് അതിലായിരുന്നു കുഴൽപ്പണം. പെരിന്തൽമണ്ണ  ഡിവൈഎസ്‌പി സന്തോഷ് കുമാർ, ഇൻസ്പെക്ടർ സി അലവി, എസ്‌ഐ സി അലവി എന്നിവരുടെ നേതൃത്വത്തിലായിരുന്നു വാഹന പരിശോധന. കാറിന്റെ പിറകിലെ സീറ്റിലായിരുന്നു രഹസ്യ അറ. വാഹനവും പണവും പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കും. തുടർ നടപടികൾക്കായി ഇൻകം ടാക്സ്, എൻഫോഴ്‌സ്‌മെന്റ്‌ വിഭാഗങ്ങൾക്ക്‌ റിപ്പോർട്ട് നൽകുമെന്ന് പൊലീസ് അറിയിച്ചു. 
മങ്കട എസ്‌ഐ ഷിജോ സി തങ്കച്ചനും സംഘവും തിരൂർക്കാട് ജുമാ മസ്ജിദിനു സമീപത്തുവച്ച്‌ നടത്തിയ വാഹന പരിശോധനയിലാണ്‌ 77,29,500 രൂപയുമായി തൃശൂർ സ്വദേശി ടിറ്റിയെ പിടികൂടിയത്‌.