മലകയറും മുമ്പ് പാലിച്ചിരിക്കേണ്ട ആയുര്‍വേദ ചിട്ടകള്‍

ശബരിമല. ദിവസവും ആയിരക്കണക്കിന് ഭക്തരാണ് മലചവിട്ടുന്നത്. മലകയറ്റം ആയാസ രഹിതമാക്കാനും ആരോഗ്യം നിലനിര്‍ത്താനും പാലിക്കേണ്ട ആയുര്‍വേദ ചിട്ടകള്‍ എന്തൊക്കെയെന്ന് സന്നിധാനത്തെ ആയുര്‍വേദ കേന്ദ്രത്തിലെ ഡോക്ടര്‍ ഹരികുമാര്‍ നമ്പൂതിരി വ്യക്തമാക്കുന്നു.
1. മല ചവിട്ടുന്നതിനു മുമ്പുള്ള കഴിയാവുന്നത്ര ദിവസങ്ങളില്‍ ഭക്ഷണം ക്രമീകരിക്കുക. എണ്ണ, മസാല തുടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുക. ദഹിക്കാന്‍ പാടുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുക.
2. മല ചവിട്ടുന്നതിന് ഒരാഴ്ച മുമ്പ് മുതലെങ്കിലും ലഘുവ്യായാമങ്ങള്‍ എങ്കിലും ചെയ്തിരിക്കുന്നത് നല്ലതാണ്.
3. ഏതെങ്കിലും അസുഖങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നവര്‍ വ്രതത്തിന്റെ ഭാഗമായോ മുന്നൊരുക്കത്തിന്റെ ഭാഗമായോ അത് നിര്‍ത്തരുത്. മലയിലേക്ക് വരുമ്പോഴും മരുന്നുകള്‍ കൂടെ കരുതുകയും യഥാസമയം അത് കഴിച്ചിരിക്കുകയും വേണം. മരുന്നിന്റെ ചീട്ട്, ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ ബാഗില്‍ കരുതുന്നതും നല്ലതാണ്.
3. മലകയറി തുടങ്ങുന്നതിന് മുമ്പ് ലഘുഭക്ഷണം മാത്രം കഴിക്കുക. വിശക്കുന്ന വയറുമായി മല ചവിട്ടി തുടങ്ങാതിരിക്കുക. അത് വയറിനുള്ളില്‍ ഗ്യാസ് രൂപംകൊള്ളാന്‍ കാരണമാകും. ദഹിക്കാന്‍ പ്രയാസമുള്ള ഭക്ഷണം മലചവിട്ടുന്നതിന് മുമ്പ് കഴിക്കാതിരിക്കുക.
4. മല കയറി തുടങ്ങുമ്പോള്‍ ആദ്യ ദൂരങ്ങള്‍ വളരെ സാവധാനം മാത്രം കയറുക. തുടക്കത്തിലുള്ള ആവേശത്തില്‍ വേഗത്തില്‍ കയറുന്നത് ഒഴിവാക്കുക.
5. മലകയറ്റത്തിനിടയില്‍ ക്ഷീണം തോന്നിയാല്‍ മതിയായ സമയമെടുത്ത് വിശ്രമിക്കുക.
6. ചൂടുവെള്ളം കയ്യില്‍ കരുതുന്നതും ഇടയ്ക്കിടയ്ക്ക് കുടിക്കുന്നതും നല്ലതാണ്.
7. മലകയറ്റത്തിനിടയില്‍ അമിതമായ രീതിയില്‍ കിതപ്പ് അനുഭവപ്പെടുക. ഇടതുവശത്ത് വേദന തോന്നുക. അത് ക്രമേണ തോളിലേക്കും കയ്യിലേക്കും പടരുക, പെട്ടെന്ന് വെട്ടിവയിര്‍ക്കുക തുടങ്ങിയവ അനുഭവപ്പെട്ടാല്‍ ശ്രദ്ധിക്കണം. ഗ്യാസിന്റെ ഭാഗമായി ഇങ്ങനെ സംഭവിക്കാം. അതുപോലെ ഹൃദയസംബന്ധമായ അസുഖത്താലും ഇങ്ങനെ തോന്നാം. ഇത്തരത്തിലുള്ള ലക്ഷണങ്ങളോടെ അവശത തോന്നിയാല്‍ വൈദ്യസഹായം തേടാന്‍ മടിക്കേണ്ടതില്ല.