പരിസ്ഥിതിയെ സംരക്ഷിച്ച് പുണ്യദര്‍ശനം; തീര്‍ത്ഥാടന പുണ്യത്തിന് പുണ്യം പൂങ്കാവനം പദ്ധതി

  1. Home
  2. DEVOTIONAL

പരിസ്ഥിതിയെ സംരക്ഷിച്ച് പുണ്യദര്‍ശനം; തീര്‍ത്ഥാടന പുണ്യത്തിന് പുണ്യം പൂങ്കാവനം പദ്ധതി

പരിസ്ഥിതിയെ സംരക്ഷിച്ച് പുണ്യദര്‍ശനം;  തീര്‍ത്ഥാടന പുണ്യത്തിന് പുണ്യം പൂങ്കാവനം പദ്ധതി


ശബരിമല. കാനന ക്ഷേത്രമായ ശബരിമലയുടെ സംരക്ഷണവും ശുചീകരണവും ഓരോ തീര്‍ത്ഥാടകന്റെയും ഉത്തരവാദിത്തമാണെന്ന് ബോധ്യപ്പെടുത്തി വിവിധ വകുപ്പുകളും സന്നദ്ധ സംഘടനകളുമാണ് ശബരിമലയുടെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നത്. കയ് മെയ് മറന്നുള്ള പ്രവര്‍ത്തനത്തില്‍ പോലീസ്, വനം വകുപ്പ്,  ഫയര്‍ഫോഴ്സ്, എക്സൈസ്, റാപ്പിഡ് ആക്ഷന്‍ ഫോഴ്സ്, എന്‍ഡിആര്‍എഫ് അടക്കമുള്ള സേനകള്‍ മുന്‍കൈയ്യെടുക്കുമ്പോള്‍ തീര്‍ത്ഥാടനത്തിനെത്തിയ ഭക്തരും ഇവരോടൊപ്പം ചേരുന്ന പുലര്‍ കാഴ്ച തീര്‍ഥാടന പുണ്യത്തിന്റെത് കൂടിയാണ്. 
പുണ്യം പൂങ്കാവനം പദ്ധതിയുമായി കേരള പോലീസിനൊപ്പം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, റവന്യു-വനം- എക്സൈസ്, ആരോഗ്യ വകുപ്പുകള്‍ കേന്ദ്ര സേനകള്‍, അയ്യപ്പ സേവ സംഘം, അയ്യപ്പ സേവ സമാജം, വിശുദ്ധിസേന തുടങ്ങി സന്നദ്ധ സംഘങ്ങള്‍ കൈകോര്‍ക്കുന്നത് ശുചിത്വത്തിനും പരിസ്ഥിതി സംരക്ഷണത്തിനും പ്രാധാന്യം നല്‍കിയാണ്. സപ്ത കര്‍മ്മങ്ങളിലൂടെ പരിസ്ഥിതി സൗഹാര്‍ദ തീര്‍ത്ഥാടനം ലക്ഷ്യം വച്ച് പന്ത്രണ്ട് വര്‍ഷം മുന്‍പാണ് പുണ്യ പൂങ്കാവനം പദ്ധതിക്ക് ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് പി. വിജയന്‍ തുടക്കം കുറിച്ചത്. ഇന്ന്് നിയമപാലനത്തിലും ശബരിമലയില്‍ സുരക്ഷ ഒരുക്കുന്നതിനും പുറമെ കേരള പോലീസിന്റെ ഒരു സംഘം ഉദ്യോഗസ്ഥര്‍ പുണ്യപൂങ്കാവനം പദ്ധതിയുടെ ഭാഗമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടിയാണ് നേത്യത്വം നല്‍കുന്നത്. സന്നിധാനം, പമ്പ, നിലക്കല്‍, എരുമേലി എന്നിവിടങ്ങളില്‍ ഒരു മണിക്കൂറെങ്കിലും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുവാനാണ് പദ്ധതിയിലൂടെ തീര്‍ത്ഥാടകരോട് അഭ്യര്‍ത്ഥിക്കുന്നത്. പദ്ധതിയുടെ ലക്ഷ്യം മനസിലാക്കി നിരവധി ഭക്തരാണ്് തീര്‍ത്ഥാടനശേഷം പദ്ധതിയുടെ ഭാഗമാകുന്നത്. പദ്ധതിയുടെ ഭാഗമാകാന്‍ താത്പര്യമുള്ളവര്‍ക്കായി സന്നിധാനത്ത് രജിസ്ട്രേഷന്‍ ഹെല്‍പ് ഡെസ്‌കൂം ആരംഭിച്ചിട്ടുണ്ട്. വൃശ്ചികം ഒന്നിന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണനാണ് പുണ്യം പൂങ്കാവനം പദ്ധതിയുടെ ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഈ വര്‍ഷത്തെ ശുദ്ധി സേവ പ്രവര്‍ത്തനങ്ങള്‍ക്ക് ശബരിമല തന്ത്രി കണ്ഠരര് രാജീവരും ശബരിമല മേല്‍ശാന്തി ജയരാമന്‍ നമ്പൂതിരിയും ചേര്‍ന്ന് നിര്‍വഹിച്ചു.
പൂങ്കാവനം കാത്തുസൂക്ഷിക്കാന്‍ ഇവ പാലിക്കാം

കാനനവാസനായ ദേവനെ കാണാനെത്തുന്ന ഭക്തര്‍ പലപ്പോഴും മറക്കുന്ന, എന്നാല്‍ എപ്പോഴും ഓര്‍ത്തിരിക്കേണ്ട കാര്യമാണ് ശബരിമലയെന്ന പൂങ്കാവനത്തിന്റെ പവിത്രത. അതിനാല്‍തന്നെ ഭക്തജനങ്ങള്‍ സദാ ഓര്‍ക്കേണ്ടവയാണിവ.
1. പൂങ്കാവനത്തിന് ദോഷമായ ഒന്നും പ്രത്യേകിച്ച് പ്ലാസ്റ്റിക് കൊണ്ടുവരരുത്. തീര്‍ത്ഥാടനത്തിനിടയില്‍ ഉണ്ടാകുന്ന മാലിന്യങ്ങള്‍ വഴിയിലുപേക്ഷിക്കാതെ തിരികെകൊണ്ടുപോയി സംസ്‌ക്കരിക്കുക.
2. പമ്പാനദിയില്‍ കുളിക്കുമ്പോള്‍ സോപ്പോ, എണ്ണയോ ഉപയോഗിക്കാതിരിക്കുക. വസ്ത്രങ്ങള്‍ നദിയില്‍ ഉപേക്ഷിക്കാതിരിക്കുക.
3. പതിനെട്ടാംപടി ചവിട്ടുന്നതിന് മുന്‍പായി തേങ്ങയുടയ്ക്കുക, മറ്റുള്ളിടത്ത് ചെയ്യാതിരിക്കുക.
4. ഒരുകാരണവശാലും തുറസായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജനം നടത്താതിരിക്കുക.
5. ടോയ്ലറ്റുകള്‍ വൃത്തിയായി സൂക്ഷിക്കുക. അയ്യപ്പന്റെ പൂങ്കാവനത്തില്‍ മാലന്യമല്ല നന്മയുടെ വിത്തുകള്‍ വിതറുക. വ്രതശുദ്ധിയോടെയും ഉത്തരവാദിത്വത്തോടെയും നടത്തുന്ന തീര്‍ത്ഥാടനമാണ് സാര്‍ത്ഥകമെന്ന് തിരിച്ചറിയുക.
6. എല്ലാ അയ്യപ്പന്‍മാര്‍ക്കും സ്വാമിയെ കാണാന്‍ തുല്യ അവകാശമുണ്ട്. നിര തെറ്റിക്കാതെ തിക്കും തിരക്കും കാണിക്കാത ക്യൂ പാലിക്കുക.