\u0D2E\u0D15\u0D30\u0D35\u0D3F\u0D33\u0D15\u0D4D\u0D15\u0D4D \u0D09\u0D24\u0D4D\u0D38\u0D35\u0D02: \u0D2E\u0D41\u0D28\u0D4D\u0D28\u0D4A\u0D30\u0D41\u0D15\u0D4D\u0D15\u0D19\u0D4D\u0D19\u0D7E \u0D24\u0D43\u0D2A\u0D4D\u0D24\u0D3F\u0D15\u0D30\u0D02 - \u0D1C\u0D3F\u0D32\u0D4D\u0D32\u0D3E \u0D15\u0D33\u0D15\u0D4D\u0D1F\u0D7C

  1. Home
  2. DEVOTIONAL

മകരവിളക്ക് ഉത്സവം: മുന്നൊരുക്കങ്ങൾ തൃപ്തികരം - ജില്ലാ കളക്ടർ

മകരവിളക്ക് ഉത്സവം: മുന്നൊരുക്കങ്ങൾ തൃപ്തികരം


മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങൾ തൃപ്തികരമെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ പറഞ്ഞു. മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങൾ വിലയിരുത്താൻ കളക്ടറേറ്റിൽ ചേർന്ന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടർ.
തിരുവാഭരണ ഘോഷയാത്രയോട് അനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങളും പൂർത്തിയായി. മകരജ്യോതി ദർശിക്കുന്ന സ്ഥലങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങൾ അവസാന ഘട്ടത്തിലാണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് തീർഥാടനം ഉറപ്പുവരുത്തിയിട്ടുള്ളത്. ഈ വർഷം ശബരിമല തീർഥാടനത്തിന് ഇതുവരെ 15,52,227 പേർ എത്തിയിട്ടുണ്ട്. കാനനപാതയിലൂടെ മാത്രം 18,375 പേർ സന്നിധാനത്തെത്തി.  തീർഥാടകരുടെ വർധനവ് കണക്കിലെടുത്ത് കാനനപാത വഴിയുള്ള തീർഥാടന സമയം പുന:ക്രമീകരിച്ചിട്ടുണ്ട്. എരുമേലി കോയിക്കൽ വഴി രാവിലെ 5:30 മുതൽ ഉച്ചക്ക് 1.30 വരെയും അഴുത, മുക്കുഴി കാനനപാതകളിലൂടെ രാവിലെ ഏഴു മുതൽ വൈകിട്ട് മൂന്നു വരെയുമാണ് തീർഥാടകരെ കയറ്റി വിടുക.


പോലീസ് സുരക്ഷ ഉറപ്പാക്കും. മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി ദേവസ്വം ബോർഡ് അറിയിച്ചു. മകരജ്യോതി ദർശിക്കുന്ന സ്ഥലങ്ങളിൽ കുടിവെള്ളം ഉറപ്പാക്കും. പണ്ടിത്താവളത്തിൽ പുതുതായി 240 ടോയ്‌ലറ്റുകൾ സ്ഥാപിക്കും. ബാരിക്കേഡുകൾ സ്ഥാപിക്കുന്നത് 13 ന് പൊതുമരാമത്ത് വകുപ്പ് പൂർത്തിയാക്കും. കെഎസ്ആർടിസി അധിക ബസ് സർവീസുകൾ നടത്തും. 300 ബസുകൾ ചെയിൻ സർവീസും 400 ബസുകൾ ദീർഘദൂര സർവീസും നടത്തും. ജ്യോതി ദർശിക്കുന്ന ഒൻപതു സ്ഥലങ്ങളിൽ ആരോഗ്യ വകുപ്പ് ആംബുലൻസ് സൗകര്യം ഒരുക്കും. ഫയർഫോഴ്‌സ് 124 ഉദ്യോഗസ്ഥരെ അധികമായി നിയമിച്ചിട്ടുണ്ട്. എല്ലാ വകുപ്പുകളും ഒന്നിച്ചു ചേർന്ന് പ്രവർത്തിക്കണമെന്നും കളക്ടർ പറഞ്ഞു. ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ, ശബരിമല എഡിഎം അർജുൻപാണ്ഡ്യൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.