വിശുദ്ധി സേന ശുചീകരണ പ്രവർത്തനം ഉദ്ഘാടനം ചെയ്തു

ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തോട് അനുബന്ധിച്ച് വിശുദ്ധി സേനയുടെ ഈ വര്‍ഷത്തെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ജില്ലാ കളക്ടര്‍ എ ഷിബു ഉദ്ഘാടനം ചെയ്തു. പമ്പ ഗണപതിക്കോവിലിനോട് ചേര്‍ന്നുള്ള ആഞ്ജനേയ ഓഡിറ്റോറിയത്തിലാണ് ഉദ്ഘാടനം നടന്നത്.
വിശുദ്ധി സേനാംഗങ്ങള്‍ എല്ലാവരും അയ്യപ്പന്റെ അതിഥികളാണെന്നും സേനാംഗങ്ങളുടെ കഷ്ടപ്പാടിന്റെ ഫലമായാണ് അയ്യന്റെ പൂങ്കാവനം ഏറ്റവും ഭംഗിയായി നിലകൊള്ളുന്നതെന്നും കളക്ടര്‍ പറഞ്ഞു. 1000 വിശുദ്ധി സേനാംഗങ്ങളെയാണ് ഇത്തവണ ജില്ലയില്‍ വിന്യസിച്ചിരിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നെത്തിയവരാണ് എല്ലാവരും.
സന്നിധാനം 300, പമ്പ 210, നിലയ്ക്കല്‍ 450, പന്തളം 30, കുളനട 10 എന്നിങ്ങനെയാണ് വിശുദ്ധി സേനാംഗങ്ങളുടെ വിന്യാസം. സേനയുടെ നേതൃത്വത്തില്‍ പ്ലാസ്റ്റിക് ഉപയോഗം തടയുക, പമ്പാനദി മാലിന്യ മുക്തമാക്കുക എന്നിവക്കായി മിഷന്‍ ഗ്രീന്‍ എന്ന പേരില്‍ ബോധവത്കരണവും നടപ്പിലാക്കും. 24 മണിക്കൂറും വിശുദ്ധി സേനാംഗങ്ങളുടെ സേവനം ലഭ്യമാകും.
വിശുദ്ധി സേനക്കാര്‍ക്ക് ഇത്തവണ 550 രൂപ ദിവസ വേതനമാക്കി വര്‍ധിപ്പിച്ചു. യാത്രാപ്പടിയായി 1000 രൂപയും അനുവദിച്ചിട്ടുണ്ട്. എന്നാല്‍ വേതനത്തേക്കാള്‍ കൂടുതല്‍ ജോലി ചെയ്യുന്ന സമൂഹമാണ് വിശുദ്ധി സേനയെന്നും കളക്ടര്‍ പറഞ്ഞു. വിശുദ്ധി സേനാംഗങ്ങൾക്ക് യൂണീഫോം അടങ്ങിയ കിറ്റ് കളക്ടർ വിതരണം ചെയ്തു.
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ 1995 ലാണ് ശബരിമല സാനിറ്റേഷന്‍ സൊസൈറ്റി രൂപീകരിച്ചത്. ശബരിമല എഡിഎം സൂരജ് ഷാജി ഐ എ എസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ അടൂർ ആർഡിഒ എ തുളസീധരൻ പിള്ള, ദേവസ്വം ബോർഡ് അംഗം സുന്ദരേശൻ, ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സി.പി സതീഷ് കുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ശ്രീകാന്ത് എം ഗിരിനാഥ്, വിശുദ്ധി സേന ലീഡർ രാജു, ജൂനിയർ സൂപ്രണ്ട് പി എസ് സുനിൽകുമാർ തുടങ്ങിയവര്‍ പങ്കെടുത്തു.