ടി എൻ ശേഷഗോപാലന്റെ പിന്തുടർച്ചയിൽ ടി എൻ എസ് കൃഷ്ണയുടെ കച്ചേരി.. നവരാത്രി സംഗീതോത്സവ രാവുകൾക്ക് പരിസമാപ്തി

ചെർപ്പുളശ്ശേരി. പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിലെ സംഗീതോത്സവം ചൊവ്വാഴ്ച സമാപിക്കും. കഴിഞ്ഞ ഒമ്പത് രാവുകൾക്ക് മാധുര്യം പകർന്നുകൊണ്ട് ദക്ഷിണേന്ത്യയിലെ നിരവധി സംഗീതജ്ഞർ പങ്കെടുത്ത സംഗീത കച്ചേരി രാഗ താളലയങ്ങൾ കൊണ്ട് സമ്പന്നമായി. നവരാത്രി ദിവസം ടി എൻ എസ് കൃഷ്ണ അവതരിപ്പിച്ച സംഗീത കച്ചേരി ആസ്വാദകരുടെ മനം കവർന്നു. ടി എൻ ശേഷഗോപാലിൽ നിന്നും പാരമ്പര്യമായി പകർന്നു കിട്ടിയ സംഗീത ധാര ടി എൻ എസ് കൃഷ്ണ ആലാപനത്തിലൂടെ പ്രേക്ഷകർക്ക് പകർന്നു നൽകിയപ്പോൾ നവരാത്രി മണ്ഡപം അക്ഷരാർത്ഥത്തിൽ സമ്പൂർണ്ണമായി. വിരി ബോണി വർണ്ണത്തിലാണ് ടി എൻ എസ് കൃഷ്ണ ആലാപനം ആരംഭിച്ചത്.തുടർന്ന് നാട്ടരാഗത്തിലുള്ള ഗണപതി സ്തുതി പ്രേക്ഷകർക്ക് നവ്യാനുഭൂതി പടർത്തി. കല്യാണി രാഗത്തിലുള്ള രാഗവിസ്താരങ്ങൾ പലതും അച്ഛനായ ശേഷഗോപാലിനെ ഓർമിപ്പിക്കുന്നതായിരുന്നു. ഡോക്ടർ കെ വി കൃഷ്ണ വയലിൻ, നാഞ്ചിൽ അരുൾ മൃദംഗം, എസ് മുരളീധരൻ മുഖർശംഖ് എന്നിവയിൽ പക്കമേളം ഒരുക്കി. ചൊവ്വാഴ്ച നടക്കുന്ന പഞ്ചരത്ന കീർത്തന ആലാപനത്തോടെ ഈ വർഷത്തെ സംഗീതോത്സവത്തിന് തിരശ്ശീല വീഴും. ക്ഷേത്രത്തിൽ രാവിലെ കുട്ടികളെ എഴുത്തിനിരുത്തലും വാഹന പൂജയും നടക്കും.