വിദ്യാര്‍ത്ഥികളുടെ കലാ പ്രദര്‍ശനത്തിനുള്ള അപേക്ഷ സ്വീകരിക്കുന്ന തീയതി നീട്ടി

കേരള ലളിതകലാ അക്കാദമിയുടെ 51-ാമത് സംസ്ഥാന പ്രദര്‍ശനത്തോടനുബന്ധിച്ച് അക്കാദമിയുടെ ആലപ്പുഴ ഗാലറിയില്‍ കലാഭിരുചിയുള്ള വിദ്യാര്‍ത്ഥികളുടെ കലാ പ്രദര്‍ശനം സംഘടിപ്പിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് സമകാലീന കല പരിചയപ്പെടുത്തുകയും കലാവിദ്യാഭ്യാസത്തിലേക്ക് വഴി കാട്ടുകയും ചെയ്യുകയാണ് ഉദ്ദേശം. 5 മുതല്‍ 12 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന മലയാളികളായ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കുന്ന കലാസൃഷ്ടി അക്കാദമി നിര്‍ദേശിക്കുന്ന തരത്തില്‍ ഫ്രെയിം ചെയ്ത് പ്രദര്‍ശനത്തിന് ഉദ്ദേശിക്കുന്ന തീയതിക്ക് മുന്‍പ് അക്കാദമിയുടെ ആലപ്പുഴ ആര്‍ട്ട് ഗ്യാലറിയില്‍ ലഭ്യമാക്കണം. ഇതുമായി ബന്ധപ്പെട്ട ട്രാന്‍സ്പോര്‍ട്ടേഷന്‍ അടക്കമുള്ള ചെലവ് അക്കാദമി വഹിക്കുന്നതല്ല. കലാസൃഷ്ടിയുടെ തെരഞ്ഞെടുപ്പ് അക്കാദമി നിശ്ചയിക്കുന്ന ജൂറിയില്‍ നിക്ഷിപ്തമായിരിക്കും. പ്രദര്‍ശനശേഷം 10 ദിവസത്തിനകം കലാസൃഷ്ടി തിരികെ കൈപ്പറ്റേണ്ടതാണ്. തെരഞ്ഞെടുക്കുന്ന കലാസൃഷ്ടിയ്ക്ക് എന്‍ട്രി ഫീ 50/- രൂപ ആയിരിക്കും. യു. പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി എന്നിങ്ങനെ ഓരോ വിഭാഗത്തിനും മൂന്ന് വീതം സമ്മാനങ്ങള്‍ നല്‍കുന്നതാണ്. വിദ്യാര്‍ത്ഥികളുടെ കലാപ്രദര്‍ശനത്തിനുള്ള അപേക്ഷ സ്വീകരിക്കുന്ന തീയ്യതി മെയ് 05 വരെ നീട്ടിയിരിക്കുന്നു. അപേക്ഷ വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ ആയി മാത്രമേ സ്വീകരിക്കുള്ളൂ. (www.lalithkala.org)