\u0D1C\u0D28\u0D4D\u0D2E\u0D26\u0D3F\u0D28\u0D3E\u0D36\u0D02\u0D38\u0D15\u0D7E \u0D26\u0D3E\u0D38\u0D47\u0D1F\u0D4D\u0D1F\u0D28\u0D4D

  1. Home
  2. ENTERTAINMENT

ജന്മദിനാശംസകൾ ദാസേട്ടന്

yesudas


യേശുദാസ് ഗന്ധർവ്വനാണെന്ന് ആദ്യം എന്നോട് പറഞ്ഞത് അച്ഛമ്മയാണ്.വീട്ടിൽ ഉണ്ടായിരുന്ന 
റേഡിയോയിൽ നിന്നും "പാടിയത് യേശുദാസ്" എന്ന ശബ്ദം കേൾക്കുമ്പോൾ വെറ്റിലയും
അടക്കയും ഇടിച്ചുകൂട്ടുന്ന കലാപരിപാടി അച്ഛമ്മ നിർത്തും.അതിമധുരമായ ശബ്ദത്തിൽ
യേശുദാസ് പാടികഴിയുമ്പോൾ അച്ഛമ്മ പറയും. 

"കേട്ടോ രാജുമോനേ..ആ ശബ്ദം കേട്ടില്ലേ..
ഈ ഭൂമിയിൽ ആർക്കെങ്കിലും ഉണ്ടോ അങ്ങനെയൊരു ശബ്‍ദം..പാടാൻ വേണ്ടി ഭൂമിയിലേക്ക് വന്ന ഗന്ധർവ്വനാണ്" 

ഓരോ തവണ ആ നാദപ്രവാഹം കാതുകളിലൂടെ
ഒഴുകി ഹൃദയം തൊടുമ്പോൾ ഞാൻ അച്ഛമ്മയുടെ വാക്കുകൾ ഓർക്കും.അച്ഛമ്മ പറഞ്ഞുതരാറുള്ള കഥകളിലെ ചിത്രരഥന്റെ കൊട്ടാരത്തിൽ നിന്ന് ഭൂമിയിലേക്കിറങ്ങിയ ഗന്ധർവ്വനാണ് യേശുദാസ് എന്ന ഗായകനെന്ന് ഞാനും വിശ്വസിച്ചു.. പാടിയത് യേശുദാസ് എന്ന് കേൾക്കുവാൻ തുടങ്ങിയിട്ട് വർഷങ്ങൾ കടന്നു പോയിരിക്കുന്നു. 

പ്രായഭേദമില്ലാതെ മലയാളിയുടെ സംഗീതാവബോധത്തെ അത്രമേൽ സ്വാധീനിച്ച ഒരാൾ ഉണ്ടായിട്ടില്ല.ഇനിയുണ്ടാവുകയുമില്ല എന്ന് തറപ്പിച്ചു പറയാം.ശാന്തമായ ഒരു പുഴപോലെ മലയാളിയുടെ നിത്യജീവിതത്തെ തഴുകി അതൊഴുകികൊണ്ടേയിരിക്കുന്നു. ദുഃഖമായാലും സന്തോഷമായാലും പ്രണയമായാലും ഏതൊരു ഭാവവും അതിന്റെ എല്ലാ പൂർണ്ണതയോടെയും ഹൃദയത്തെ തരളിതമാക്കി. 

വടക്കൻ വീരഗാഥ എന്ന ചിത്രത്തിന് വേണ്ടി കൈതപ്രം എഴുതി ബോംബെ രവിസാർ ഈണം പകർന്ന് സിന്ധുഭൈരവി രാഗത്തിന്റെ മനോഹാരിത മുഴുവൻ നിറഞ്ഞു നിന്ന "ഇന്ദുലേഖ കൺ തുറന്നു" എന്ന ഗാനത്തിന്റെ പല്ലവിയിലെ "ഇന്ദ്രജാലം മെല്ലെയുണർത്തി.. മന്മഥന്റെ തേരിലേറ്റി" എന്ന ഭാഗത്തിൽ യേശുദാസ് എന്ന ഗായകന്റെ ഭാവവും സ്വരമാധുരിയും അത്ഭുതം സൃഷ്ടിച്ചിരിക്കുന്നത് കണ്ണടച്ച് ആ ഗന്ധർവ്വനാദത്തിൽ ലയിച്ചിരിക്കുമ്പോൾ അറിയാം.എത്ര കേട്ടാലും മതിവരാതെ ആ ഗാനം പിന്നെയും പിന്നെയും കേൾക്കുമ്പോൾ മനസ്സിൽ അറിയാതെ യേശുദാസ് എന്ന ഗായകനെ ഒരായിരം തവണ നമിച്ചുപോകും. 

പാഥേയം സിനിമയിലെ "ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട്" എന്ന പാട്ടിന്റെ ചരണത്തിൽ "മഞ്ഞിൽ മയങ്ങിയ താഴ്‌വരയിൽ നീ കാനനശ്രീയായ് തുളുമ്പി വീണു" എന്ന ഭാഗത്തിലും ആ മാസ്മരികത തൊട്ടറിയാം.ആസ്വാദകർ ഹൃദയത്തിലേറ്റു വാങ്ങിയ ദാസേട്ടന്റെ ഓരോ ഗാനങ്ങളും സസൂക്ഷ്മം നിരീക്ഷിച്ചാൽ ഇതുപോലെ ആ ഗന്ധർവ്വനാദത്തിന്റെ മാന്ത്രികത അറിയാൻ കഴിയും. 

1961ൽ കെഎസ് ആന്റണി സംവിധാനം ചെയ്ത കാൽപ്പാടുകൾ എന്ന ചിത്രത്തിന് വേണ്ടി എംബി ശ്രീനിവാസന്റെ സംഗീതത്തിൽ 
"ജാതിഭേദം മതദ്വേഷം" എന്നാരംഭിക്കുന്ന ഗുരുദേവകീർത്തനം പാടിയാണ് യേശുദാസ്‌ ചലച്ചിത്ര സംഗീതലോകത്തേക്ക് പ്രവേശിച്ചത്. പിന്നീടുള്ളതെല്ലാം ചരിത്രമാണ്.ഗന്ധർവ്വശബ്ദം
മലയാളിയുടെ ആത്മാവിന്റെ ഭാഗമായി മാറിയ ചരിത്രം.ഭാസ്കരൻമാഷിന്റെ സംവിധാനത്തിൽ 1962ൽ പുറത്തിറങ്ങിയ ഭാഗ്യജാതകം എന്ന സിനിമയിലെ സുശീലാമ്മക്കൊപ്പം ആലപിച്ച "ആദ്യത്തെ കണ്മണി ആണായിരിക്കണം" എന്ന
ഗാനമായിരുന്നു യേശുദാസ് എന്ന ഗായകന്റെ ആദ്യഹിറ്റ്. 

മലയാളക്കര ഏറ്റുപാടിയ ആ ഗാനത്തിന് ശേഷം 1963ൽ കെഎസ് സേതുമാധവന്റെ സംവിധാനത്തിലിറങ്ങിയ നിത്യകന്യക എന്ന ചിത്രത്തിലെ "കണ്ണുനീർ മുത്തുമായ് കാണാനെത്തിയ" എന്ന സോളോഗാനവും ആസ്വാദകർ ഹൃദയത്തിലേറ്റു വാങ്ങി.അതുല്യ ഗായകരായിരുന്ന കമുകറയും ഉദയഭാനുവും പി.ബി ശ്രീനിവാസും  രാജയുമൊക്കെ നിറഞ്ഞുനിന്ന കാലമായിരുന്നു അത്.യേശുദാസ് എന്ന ഗായകന്റെ വളർച്ച രൂപപ്പെട്ടത് തീർച്ചയായും ആ കാലഘട്ടത്തിലാണ്.വയലാറും ഭാസ്കരൻമാഷും ഒൻവിയും ശ്രീകുമാരൻതമ്പിയുമൊക്കെ സൃഷ്ടിച്ചെടുത്ത മനോഹരവരികൾക്ക് എംബി ശ്രീനിവാസനും ദക്ഷിണാമൂർത്തിസ്വാമിയും രാഘവൻമാഷും ദേവരാജൻമാഷും ബാബുക്കയും അർജ്ജുനൻമാഷുമൊക്കെ പകർന്നു നൽകിയ സംഗീതത്തിനോടൊപ്പം യേശുദാസിന്റെ അതിസുന്ദരമായ ശബ്ദം കൂടി ചേർന്നതോടെ ഉത്തമസൃഷ്ടികൾ അതിന്റെ 
പൂർണ്ണതയിലെത്തി. 

ഇടയകന്യകേ പോവുക നീ, താമസമെന്തേ വരുവാൻ,സ്വപ്നങ്ങളെ നിങ്ങൾ സ്വർഗ്ഗകുമാരികളല്ലോ,അഷ്ടമുടികായലിലെ,
മാണിക്യവീണയുമായെൻ,കാക്കത്തമ്പുരാട്ടി, ഇന്നലെ മയങ്ങുമ്പോൾ, പ്രാണസഖി ഞാൻ വെറുമൊരു, ഒരുപുഷ്പംമാത്രമെൻ,അന്ന് നിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ല,അല്ലിയാമ്പൽ കടവിലന്നരക്ക് വെള്ളം,ശംഖുപുഷ്പം കണ്ണെഴുതുമ്പോൾ, സ്വർണ്ണത്താമര ഇതളിലുറങ്ങും, കുങ്കുമപൂവുകൾ പൂത്തു,പകൽക്കിനാവിൻ സുന്ദരമാമൊരു,നീലക്കൂവളപ്പൂവുകളോ, ആമ്പല്‍ പൂവേ അണിയം പൂവേ,സുറുമയെഴുതിയ മിഴികളെ,
പ്രേമിച്ചു പ്രേമിച്ചു നിന്നെ ഞാനൊരു,തെളിഞ്ഞു പ്രേമയമുന വീണ്ടും,ചന്ദ്രികയിൽ അലിയുന്നു,
സ്വർണ്ണച്ചാമരം വീശിയെത്തുന്ന, 
കണ്ണീരും സ്വപ്നങ്ങളും,മഞ്ജുഭാഷിണീ, ഹൃദയസരസ്സിലെ പ്രണയപുഷ്പമേ,
പാരിജാതം തിരുമിഴി തുറന്നൂ,അകലെ അകലെ നീലാകാശം,ആയിരം പാദസരങ്ങൾ, സ്വർഗ്ഗഗായികേ ഇതിലെ ഇതിലേ,കായാമ്പൂ കണ്ണിൽ വിടരും,നാദബ്രഹ്മത്തിൻ,
എന്റെ വീണക്കമ്പിയെല്ലാം,പാടാത്ത വീണയും,
ഉത്തരാസ്വയംവരകഥകളി,മായാജാലകവാതിൽ,അങ്ങനെ നീണ്ടുപോകുന്ന മനോഹരഗാനങ്ങൾ എല്ലാം ഇറങ്ങിയ അറുപതുകളാണ് യേശുദാസെന്ന ഗായകനെ ആസ്വാദകഹൃദയങ്ങളിൽ പ്രതിഷ്ഠിച്ചത്.അറുപതുകളുടെ തുടർച്ചയായിരുന്നു എഴുപതുകളും. 

എൺപതുകളിലും തൊണ്ണൂറുകളിലും രണ്ടായിരത്തിലുമെല്ലാം രവീന്ദ്രൻമാഷും ജോൺസൺമാഷും വിദ്യാധരൻ മാഷും എസ്പി വെങ്കിടേഷും ഔസേപ്പച്ചനും എംജി രാധാകൃഷ്ണനും  മോഹൻസിത്താരയും കൈതപ്രവും ബേണി ഇഗ്നേഷ്യസും ഗിരീഷ്പുത്തഞ്ചേരിയും ബിച്ചുതിരുമലയും ജയകുമാറും യൂസഫലികേച്ചേരിയും എസ് രമേശൻനായരും അങ്ങനെ ഒട്ടനവധി പ്രതിഭകൾ ഒത്തുചേർന്ന് സൃഷ്ടിച്ച മനോഹര ഗാനങ്ങൾ ഗന്ധർവ്വനാദത്തിന്റെ മാസ്മരികതയിൽ ആസ്വാദകഹൃദയങ്ങളിൽ മധുരമായ് പെയ്തിറങ്ങി. 

ആറ് പതിറ്റാണ്ടുകളിലായി എത്രയെത്ര ഗാനങ്ങൾ..വിവിധഭാഷകളിലായി ഒരുലക്ഷത്തിൽപരം ഗാനങ്ങൾ..എട്ട് തവണ ലഭിച്ച ദേശീയ അവാർഡും പത്മശ്രീയും പത്മവിഭൂഷണും അടക്കം എത്രയോ പുരസ്‌കാരങ്ങൾ.. ലഭിച്ച ബഹുമതികളും ഗാനങ്ങളുടെ എണ്ണവും മാറ്റിവെക്കാം. ഒരു സാധാരണ മലയാളിയുടെ നിത്യജീവിതത്തെ തഴുകികടന്നുപോയ ആ നാദപ്രവാഹത്തെ ഏതു വാക്കുകൾ കൊണ്ട് വർണ്ണിക്കും.. 

യേശുദാസിന്റെ ഒരു ഗാനം കേൾക്കാതെ മലയാളിയുടെ ഒരു ദിനം കടന്ന് പോയിട്ടില്ല എന്ന് പറയുന്നത് അതിശയോക്തിയല്ല.ബാല്യം മുതൽ ഈ നിമിഷം വരെ അദ്ദേഹത്തിന്റെ ഒരു ഗാനമെങ്കിലും ഞാൻ കേട്ടിട്ടുണ്ട്. സന്തോഷത്തിലും സങ്കടത്തിലും കൂട്ടായി ആ ഗന്ധർവ്വനാദം എപ്പോഴുമുണ്ട് കൂടെ. 

അദ്ദേഹം ആലപിച്ച ഗാനങ്ങളിൽ നിന്നും ഏറ്റവും ഇഷ്ടമുള്ള ഒരു ഗാനം തിരഞ്ഞെടുക്കാൻ പറഞ്ഞാൽ പ്രയാസമാണ്. നിത്യകന്യകയിലെ "കണ്ണുനീർ മുത്തുമായി കാണാനെത്തിയ കതിരുകാക്കിളി ഞാൻ" എന്ന ഗാനം മുതൽ നീളുന്ന ഇഷ്ടഗാനങ്ങളുടെ നിര ഈ രചനയിൽ ഒതുങ്ങുകയില്ല. ലീലാമ്മയും സുശീലാമ്മയും ജാനകിയമ്മയും മാധുരിയമ്മയും വാണിജയറാമും ചിത്രയും സുജാതയും അടങ്ങുന്ന അതുല്യഗായികമാരുടെ കൂടെ അദ്ദേഹം ആലപിച്ച എണ്ണിയാൽ തീരാത്ത അത്രയും മനോഹരയുഗ്മഗാനങ്ങളുണ്ട്.എങ്കിലും ആവർത്തിച്ചാവർത്തിച്ചു കേൾക്കുന്ന പ്രിയങ്കരങ്ങളായ ചില സോളോഗാനങ്ങളുണ്ട്. 

മനോഹരി നിൻ മനോരഥത്തിൽ
താമസമെന്തേ വരുവാൻ
മഞ്ജുഭാഷിണീ
സ്വർണ്ണച്ചാമരം വീശിയെത്തുന്ന
സാമ്യമകന്നോരുദ്യാനമേ
ചക്രവർത്തിനി നിനക്ക് ഞാനെന്റെ
കായാമ്പൂ കണ്ണിൽ വിടരും
പൊൻവെയിൽ മണിക്കച്ചയഴിഞ്ഞുവീണു
ഹൃദയസരസ്സിലെ പ്രണയപുഷ്പമേ
ഇലഞ്ഞിപ്പൂമണമൊഴുകി വരുന്നു
ഇന്ദ്രവല്ലരി പൂചൂടിവരും
ആറാട്ടിനാനകൾ എഴുന്നള്ളി
ശ്യാമമേഘമേ നീയെൻ പ്രേമദൂതുമായ്
നിന്റെ മിഴിയിൽ നീലോല്പലം
സായന്തനം ചന്ദ്രികാലോലമായ്
നഷ്ടസ്വർഗ്ഗങ്ങളെ
ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട്
ആറാട്ട് കടവിങ്കൽ
ഇന്ദുലേഖ കൺതുറന്നു
വൈശാഖപൗർണ്ണമിയോ
ഋതുമതിയായ് തെളിമാനം
ദേവാങ്കണങ്ങൾ കൈയൊഴിഞ്ഞ താരകം
ദേവീ ആത്മരാഗമേകാൻ
വണ്ണാത്തിപുഴയുടെ തീരത്തു
മകളേ പാതിമലരേ
ആരോ വിരൽ മീട്ടി 

ഈ ഗാനങ്ങളെല്ലാം ഓരോ തവണ കേൾക്കുമ്പോഴും പണ്ട് അച്ഛമ്മ പറഞ്ഞത് മനസിലേക്കോടിയെത്തും.ചിത്രരഥന്റെ കൊട്ടാരത്തിൽ നിന്ന് ഭൂമിയിലേക്കിറങ്ങിയ ഗന്ധർവ്വനാണ് യേശുദാസ് എന്ന ഗായകൻ. 

നന്ദി..ഗന്ധർവ്വാ..ഈ ഭൂമിയിൽ ജന്മമെടുത്തതിന്..ആ മധുരമനോഹര നാദസ്പർശത്താൽ എന്റെ ജീവിതം ധന്യമാക്കിയതിന്..