\u0D1A\u0D41\u0D2E\u0D2F\u0D46 \u0D2A\u0D4D\u0D30\u0D24\u0D3F\u0D30\u0D4B\u0D27\u0D3F\u0D15\u0D4D\u0D15\u0D3E\u0D7B \u0D0E\u0D1F\u0D4D\u0D1F\u0D4D \u0D35\u0D34\u0D3F\u0D15\u0D7E

  1. Home
  2. HEALTH

ചുമയെ പ്രതിരോധിക്കാൻ എട്ട് വഴികൾ

ചുമയെ പ്രതിരോധിക്കാൻ എട്ട് വഴികൾ


ശ്വാസനാളിയിലെ സ്രവങ്ങൾ പുറത്ത് എത്തിക്കാൻ ചുമ സഹായിക്കുമെങ്കിലും നിർത്താതെയുള്ള ചുമ അസ്വസ്ഥതയുളവാക്കുന്ന ഒരു അനുഭവമായിരിക്കും. പ്രതിവർഷം ഏകദേശം 30 ദശലക്ഷം ആളുകളാണ് ചുമ മൂലമുള്ള പ്രശ്നങ്ങൾ കാരണം ഡോക്ടറെ സന്ദർശിക്കുന്നത്. ഇതു തന്നെയാവണം ഏറ്റവും കൂടുതൽ ആളുകൾ ഡോക്ടറെ സന്ദർശിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന്. ജലദോഷത്തിനു ശേഷം ആളുകൾക്ക് ഏറ്റവും അസ്വസ്ഥത പകരുന്ന ഒരു കാര്യമാണ് ആഴ്ചകൾ അല്ലെങ്കിൽ മാസങ്ങൾ നീണ്ടു നിൽക്കുന്ന ‘വരണ്ട ചുമ’. ദീർഘകാലം നിലനിൽക്കുന്ന ചുമയെ പ്രതിരോധിക്കുന്നതിന് ശരിയായ രീതിയിലുള്ള രോഗ പ്രതിരോധശേഷി ആവശ്യമാണ്.

ചുമയ്ക്കുള്ള കാരണങ്ങൾ

അണുബാധകൾ, പൊടിയിൽ നിന്നും പുകയിൽ നിന്നുമുള്ള അലർജികൾ, പരിസ്ഥിതിയിൽ നിന്ന് ഉണ്ടാകുന്ന അസ്വസ്ഥതകളോടുള്ള ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധം എന്നിങ്ങനെ നിരവധി അവസ്ഥകളുടെ സൂചനയായിട്ടാവാം ചുമ ഉണ്ടാവുന്നത്. ജലദോഷവും പനിയുമാണ് മിക്കപ്പോഴും ചുമയ്ക്കുള്ള കാരണമാവുന്നത്. ഇതിലൂടെ, ബാഹ്യവസ്തുക്കളെ കഫത്തിലൂടെ പുറന്തള്ളാൻ ശരീരം ശ്രമിക്കുന്നു. മൂക്കിനു മുകളിൽ നിന്നുള്ള ഒലിപ്പ്, ആമാശയത്തിലെ ദഹനരസം തിരികെ അന്നനാളത്തിലെത്തുന്ന ആസിഡ് റിഫ്ളക്സ്, മരുന്നുകളുടെ പാർശ്വഫലങ്ങൾ എന്നിവയും ചുമയ്ക്ക് കാരണാമാവാം.

ചുമയെ പ്രതിരോധിക്കാനുള്ള വഴികൾ

ചുമയെ പ്രതിരോധിക്കാനുള്ള വളരെ ലളിതമായ വഴികളെ കുറിച്ച് നോക്കാം;

1. കൈകൾ കഴുകുകയും അണുവിമുക്തമാക്കുകയും ചെയ്യുക;

അണുബാധ പകരാതിരിക്കാനുള്ള ഏറ്റവും ലളിതമായ വഴിയാണ് കൈകൾ വൃത്തിയായി കഴുകുന്നത്. സാധാരണ അണുബാധകൾ പ്രതിരോധിക്കാൻ കൈകൾ ഹാൻഡ് വാഷ് ഉപയോഗിച്ച് വൃത്തിയായി കഴുകുന്നത് സഹായിക്കും. ജലദോഷം മാത്രമല്ല, ഏതൊരു രോഗത്തെ പ്രതിരോധിക്കുന്നതിനും വ്യക്തിശുചിത്വം പാലിക്കുന്നത് സഹായിക്കും.

2. ശ്വാസകോശ അണുബാധയുള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നത് ഒഴിവാക്കുക;

ശ്വാസകോശ അണുബാധയുള്ളവർക്ക് ഹസ്തദാനം നൽകുക, അവർ കഴിക്കുന്ന പാത്രത്തിൽ നിന്ന് ഭക്ഷണം കഴിക്കുക തുടങ്ങിയ നടപടികൾ അണുബാധ പകരാൻ കാരണമായേക്കാം. രോഗബാധിതരിൽ നിന്ന് സൗകര്യപ്രദമായ അകലം സൂക്ഷിക്കുന്നത് എപ്പോഴും നല്ലതാണ്.

3. വസ്ത്രങ്ങളും കൈലേസും മറ്റും അണുവിമുക്തമാക്കുക;

വസ്ത്രങ്ങളും ടവ്വലുകളും കിടക്കവിരിയും മറ്റും കൃത്യമായി അലക്കുകയും പൊടിവിമുക്തമാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. കിടക്കമുറിയിലെ തുണികളിലും മറ്റും അടിഞ്ഞുകൂടുന്ന പൊടിയിൽ ബാക്ടീരിയകൾ വളരാൻ സാധ്യതയേറെയാണെന്ന് മനസ്സിലാക്കുക. വൃത്തിയാക്കുന്ന അവസരത്തിൽ ഒന്നോ രണ്ടോ തുള്ളി ഡെറ്റോൾ പോലെയുള്ള അണുനാശിനികളും ഉപയോഗിക്കുക. മുഷിയുന്നതിന് അനുസരിച്ച് വസ്ത്രങ്ങൾ കഴുകുന്ന ഇടവേളകളും കുറയ്ക്കുക.

4. നിർജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കുക;

ആവശ്യമായ തോതിൽ വെള്ളം കുടിക്കുന്നത് കഫം നേർത്തതാക്കുകയും അത് പുറന്തള്ളുന്നതിന് സഹായകമാവുകയും ചെയ്യും. അയാസരഹിതമായി കഫം പുറത്തു പോകുന്നത് ചുമ കുറയ്ക്കും.

5. വീട്ടിൽ തന്നെ കഴിയുക;

നിങ്ങൾക്ക് അസ്വസ്ഥത അനുഭവപ്പെടുകയാണെങ്കിൽ ജോലി അല്ലെങ്കിൽ പഠനത്തിൽ നിന്ന് തൽക്കാലം വിട്ടുനിൽക്കുക. മറ്റുള്ളവരിലേക്ക് അണുബാധപകരാനുള്ള സാധ്യത ജോലിസ്ഥലത്തും സ്കൂളിലും വളരെ കൂടുതലാണ്.

6. പ്രതിരോധ കുത്തിവയ്പ്;

വില്ലൻ ചുമയെ പ്രതിരോധിക്കുന്നതിന് പെർട്യൂസിസ് വാക്സിൻ എടുക്കുന്നത് സഹായിക്കും. നിങ്ങളുടെ കുട്ടിക്ക് മാത്രമല്ല നിങ്ങൾക്കും പ്രതിരോധ കുത്തിവയ്പ് എടുക്കേണ്ടതാണ്. ഇക്കാര്യം ഓർക്കുക, പെർട്യൂസിസ് വാക്സിൻ എടുത്താൽ പോലും വില്ലൻ ചുമ പിടിപെടാം.

7. ഇടയ്ക്കിടെ മുഖത്ത് സ്പർശിക്കുന്നത് ഒഴിവാക്കുക;

അണുബാധയുണ്ടാക്കുന്ന സ്രവങ്ങൾ വീണ പ്രതലങ്ങളിൽ (മേശ, പുസ്തകങ്ങൾ തുടങ്ങിയവ) സ്പർശിച്ച ശേഷം മുഖത്ത്, പ്രത്യേകിച്ച് കണ്ണുകൾ, മൂക്ക്, വായ, സ്പർശിക്കുന്നത് ജലദോഷവും ചുമയും ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

8. പാസീവ് സ്മോക്കിംഗ് (നിഷ്ക്രിയ ധൂമപാനം) നിർത്തുക;

ഏതു തരത്തിലുള്ള പുകയില ഉപയോഗവും ശ്വാസനാളിയിൽ അസ്വസ്ഥത ഉണ്ടാക്കും. അത് വരണ്ട ചുമയുടെ രൂപത്തിലായിരിക്കും പ്രത്യക്ഷമാവുക. പാസീവ് സ്മോക്കിംഗ് ആസ്ത്മയ്ക്കും മറ്റ് ശ്വസന തകരാറുകൾക്കും കാരണമായേക്കാം. നിക്കോട്ടിൻ പുനസ്ഥാപന (നിക്കോട്ടിൻ റീപ്ളേസ്മെന്റ് തെറാപ്പി) ചികിത്സ നടത്തുന്നതിലൂടെ പുകവലിയിൽ നിന്ന് മോചനം നേടാൻ സാധിക്കും.