\u0D15\u0D4B\u0D35\u0D3F\u0D21\u0D4D \u0D2E\u0D30\u0D23\u0D19\u0D4D\u0D19\u0D7E \u0D15\u0D41\u0D31\u0D2F\u0D4D\u0D15\u0D4D\u0D15\u0D3E\u0D7B \u0D06\u0D28\u0D4D\u0D31\u0D3F\u0D2C\u0D4B\u0D21\u0D3F \u0D1A\u0D3F\u0D15\u0D3F\u0D24\u0D4D\u0D38 \u0D0F\u0D31 \u0D2B\u0D32\u0D2A\u0D4D\u0D30\u0D26\u0D2E\u0D46\u0D28\u0D4D\u0D28\u0D4D \u0D35\u0D3F\u0D26\u200B\u0D17\u0D4D\u0D26\u0D4D\u0D27\u0D7C

  1. Home
  2. HEALTH

കോവിഡ് മരണങ്ങൾ കുറയ്ക്കാൻ ആന്റിബോഡി ചികിത്സ ഏറ ഫലപ്രദമെന്ന് വിദ​ഗ്ദ്ധർ

കോവിഡ് മരണങ്ങൾ കുറയ്ക്കാൻ ആന്റിബോഡി ചികിത്സ ഏറ ഫലപ്രദമെന്ന് വിദ​ഗ്ദ്ധർ


പെരിന്തൽമണ്ണ :  കോവിഡ് ബാധിച്ചയാൾക്ക് ആദ്യ ദിനങ്ങളിൽ നൽകുന്ന കരുതൽ അവരെ ​ഗുരുതരാവസ്ഥയിലേക്ക് പോകുന്നതിൽ നിന്നും രക്ഷപ്പെടുത്തുമെന്ന് പ്രമുഖ ശ്വാസകോശരോ​ഗ വിദ​ഗ്‍ദ്ധനും എംഇഎസ് മെഡിക്കൽ കോളേജ് പൾമോണറി വിഭാ​ഗം തലവനുമായ ഡോ. എൻ. സുഹൈൽ. പെരിന്തൽമണ്ണയിൽ കോവിഡും ആന്റിബോഡി ചികിത്സാ രീതിയും എന്ന വിഷയത്തിൽ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദേഹം. കോവിഡ് ബാധിച്ച ഹൈ റിസ്ക് കാറ്റ​ഗറിയിലുള്ള രോ​ഗികളിലാണ് മോണോക്ലോണൽ ആന്റിബോഡി തെറാപ്പി ഏറെ ​ഫലപ്രദം.  ഇത്തരം ആളുകൾക്ക്  കോവിഡ് ബാധിച്ചാൽ ആദ്യ ദിവസങ്ങളിൽ തന്നെ ഈ മരുന്ന് നൽകാവുന്നതാണ്.  വൃക്ക, കരൾ, ഹൃദയസംബന്ധമായ അസുഖങ്ങൾ, പ്രമേഹം, കാൻസർ, അമിതവണ്ണം എന്നിവയുള്ളവരേയും രോ​ഗപ്രതിരോധ ശേഷി കുറവുള്ളവരെയുമാണ് ഹൈ റിസ്ക് കാറ്റ​ഗറിയായി പരി​ഗണിക്കുന്നത്. സർക്കാർ ആശുപത്രികളിൽ ആന്റിബോഡി ചികിത്സാ സൗജന്യമാണെന്നും അദേഹം കൂട്ടിച്ചേർത്തു. എംഇഎസ് മെഡിക്കൽ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ സദക്കത്തുള്ള ഉന്നൈസും മാധ്യമങ്ങളോട് സംസാരിച്ചു. കോവിഡ് ന്യൂമോണിയ ബാധിച്ച് രോ​ഗിയുടെ ഓക്സിജൻ ലെവൽ താഴുന്നതിന് മുൻപ് തന്നെ വൈറസ് ലോഡ് കുറക്കാനായാൽ അത്യാഹിത വിഭാ​ഗത്തിലെത്താതെ രോ​ഗികളെ രക്ഷിക്കാമെന്നും അദേഹം പറഞ്ഞു. ആദ്യ രണ്ട് തരം​ഗങ്ങളുടെ സമയത്ത് ഇത്തരം ചികിത്സകൾക്കുള്ള മാർ​ഗ നിർദേശങ്ങൾ ഡോക്ടർമാരുടെ മുന്നിലുണ്ടായിരുന്നില്ല. എന്നാൽ ഇന്ന് മോണാക്ലോണൽ ആന്റിബോഡി തെറാപ്പി പോലെയുള്ള ചികിത്സ രീതികൾ വന്നു കഴിഞ്ഞു. സംസ്ഥാന സർക്കാറിന്റെ കോവിഡ് ചികിത്സാ മാർ​ഗനിർദേശങ്ങളിൽ ഇത് ഉൾപ്പെടുത്തിയിട്ടുമുണ്ട്. ഫലപ്രദമായ സമയത്ത് ഇത്തരം ചികിത്സകൾ നിർദേശിക്കുക വഴി നിരവധി രോ​ഗികളെ മരണത്തിൽ നിന്നും രക്ഷിക്കാനായെന്നും അദേഹം കൂട്ടിച്ചേർത്തു. ബാക്ടീരിയയോ വൈറസോ നമ്മുടെ ശരീരത്തിലേക്ക് പ്രവേശിക്കപ്പെട്ടാൽ അതിനെ പ്രതിരോധിക്കാൻ  ശരീരം ആന്റിബോഡി പ്രോട്ടീൻ ഉൽപാദിപ്പിക്കും. ശരീരത്തിലേക്കു പ്രവേശിക്കുന്ന ആന്റിജനുകളെ തിരിച്ചറിഞ്ഞ് നശിപ്പിക്കാൻ ശരീരത്തിലെ രോഗപ്രതിരോധ സംവിധാനം ഉൽപാദിപ്പിക്കുന്നതാണ് ആന്റിബോഡികൾ. ഈ ആന്റിബോഡി കൃത്രിമമായി ലാബിൽ സൃഷ്ടിക്കുന്നതാണ് മോണോക്ലോണൽ മരുന്ന്. കൊറോണ വൈറസിലെ സ്പൈക്ക് പ്രോട്ടിനാണ് ഇവിടെ ആന്റിജൻ. ഈ പ്രോട്ടിനാണ് ശരീരത്തിലെ കോശങ്ങളിലേക്ക് വൈറസ് ക‌ടക്കാൻ  കാരണമാകുന്നത്. കോശങ്ങളുമായുള്ള സ്പൈക്ക് പ്രോട്ടിനുകളുടെ ഈ കൂടിച്ചേരൽ തടയുക എന്നതാണ് മോണോക്ലോണൽ ആന്റിബോഡിയുടെ ജോലി. കോവിഡ് ബാധിച്ച ഒരാളുടെ ശരീരത്തിൽ ആന്റിബോഡി സ്വാഭാവികമായി രൂപപ്പെടാൻ സമയമെടുക്കും. എന്നാൽ ഇവിടെ വളരെ പെട്ടെന്നുള്ള ആന്റിബോഡി ഉൽപാദനത്തിനാണ് ഈ കോക്ടെയിൽ സഹായിക്കുക. കോവിഡ് രോ​ഗിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ട ഹൈ റിസ്ക് കാറ്റ​ഗറിക്കാർക്കും ഈ മരുന്ന് ഉപയോ​ഗിക്കാൻ സാധിക്കും.