\u0D15\u0D41\u0D1F\u0D4D\u0D1F\u0D3F\u0D15\u0D7E\u0D15\u0D4D\u0D15\u0D41\u0D33\u0D4D\u0D33 \u0D15\u0D4B\u0D35\u0D3F\u0D21\u0D4D \u0D35\u0D3E\u0D15\u0D4D‌\u0D38\u0D3F\u0D28\u0D47\u0D37\u0D7B \u0D0A\u0D7C\u0D1C\u0D4D\u0D1C\u0D3F\u0D24\u0D2E\u0D3E\u0D15\u0D4D\u0D15\u0D41\u0D28\u0D4D\u0D28\u0D41; \u0D36\u0D28\u0D3F\u0D2F\u0D41\u0D02 \u0D1E\u0D3E\u0D2F\u0D31\u0D41\u0D02 \u0D35\u0D3E\u0D15\u0D4D‌\u0D38\u0D3F\u0D28\u0D47\u0D37\u0D7B \u0D38\u0D57\u0D15\u0D30\u0D4D\u0D2F\u0D02

  1. Home
  2. HEALTH

കുട്ടികൾക്കുള്ള കോവിഡ് വാക്‌സിനേഷൻ ഊർജ്ജിതമാക്കുന്നു; ശനിയും ഞായറും വാക്‌സിനേഷൻ സൗകര്യം

കുട്ടികൾക്കുള്ള കോവിഡ് വാക്‌സിനേഷൻ ഊർജ്ജിതമാക്കുന്നു; ശനിയും ഞായറും വാക്‌സിനേഷൻ സൗകര്യം


കോട്ടയം: കുട്ടികൾക്കുള്ള കോവിഡ് വാക്‌സിനേഷന്റെ ഭാഗമായി ശനി, ഞായർ ദിവസങ്ങളിൽ (ജനുവരി 8, 9) ജില്ലയിലെ എല്ലാ പ്രാഥമിക, സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും വാക്‌സിനേഷൻ സൗകര്യമൊരുക്കുമെന്ന് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞു. 15 മുതൽ 18 വയസുവരെയുള്ളവരുടെ വാക്‌സിനേഷനുമായി ബന്ധപ്പെട്ട് ഓൺലൈനായി ചേർന്ന ജില്ലാതല ടാസ്‌ക് ഫോഴ്‌സ് യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു കളക്ടർ.

രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും ഏറെ സഹായകമാകുന്നതിനാലാണ് അവധി ദിവസങ്ങളായ ശനിയും ഞായറും ജില്ലയിലെ എല്ലാ പ്രാഥമിക, സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും വാക്‌സിനേഷന് സൗകര്യമൊരുക്കിയത്. ജനുവരി 10നകം കുട്ടികളുടെ വാക്‌സിനേഷൻ പൂർത്തീകരിക്കുകയാണ് ലക്ഷ്യം. സ്‌കൂളുകളിലെ 15 വയസിനു മുകളിലുള്ള എല്ലാ വിദ്യാർഥികളും കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്‌തെന്ന് ഉറപ്പാക്കാനും രജിസ്‌ട്രേഷന് സൗകര്യമൊരുക്കാനും നടപടി സ്വീകരിക്കുന്നതിന് സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ.

സ്‌കൂളിലെയടക്കം പ്രിൻസിപ്പൽമാർക്കും സ്‌കൂൾ മേധാവികൾക്കും നിർദേശം നൽകി. ഇന്ന് (ജനുവരി 6) രജിസ്‌ട്രേഷൻ പൂർത്തീകരിക്കും വിധം നടപടി സ്വീകരിക്കാൻ സ്‌കൂളുകൾക്ക് നിർദ്ദേശം നൽകാൻ വിദ്യാഭ്യാസ ഉപഡയറക്ടറെയും ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരെയും ഹയർസെക്കൻഡറി റീജണൽ ഡെപ്യൂട്ടി ഡയറക്ടറെയും മറ്റു വിദ്യാഭ്യാസ ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തി. 15 വയസിനു മുകളിലുള്ള വാക്‌സിൻ സ്വീകരിക്കാത്ത വിദ്യാർഥികളുടെ വിവരം ഹാജർ ബുക്കിൽ രേഖപ്പെടുത്തി (ശരി മാർക്ക് ഇട്ട്) സംക്ഷിപ്ത റിപ്പോർട്ട് നൽകാൻ പ്രിൻസിപ്പൽമാർക്കും സ്‌കൂൾ മേധാവികൾക്കും നിർദ്ദേശം നൽകി.

എല്ലാ സ്‌കൂളുകളിലെയും സ്‌കൂൾതല നോഡൽ ഓഫീസർമാരുടെ വിവരം ജില്ലാ മെഡിക്കൽ ഓഫീസർക്ക് അടിയന്തരമായി നൽകണം. വിദ്യാർഥികളെ സ്‌കൂളിനു സമീപം വാക്‌സിൻ ലഭ്യമാകുന്ന പ്രാഥമിക, സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും എത്തിച്ച് വാക്‌സിൻ ലഭ്യമാക്കുന്നതിന് സ്‌കൂൾ മുൻകൈയെടുത്താൽ ഇതിനാവശ്യമായ എല്ലാ സൗകര്യവും ഒരുക്കും.

ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ, ജില്ലാ ആർ.സി.എച്ച്. ഓഫീസർ ഡോ. സി.ജെ. സിതാര, വിദ്യാഭ്യാസ ഉപഡയറക്ടർ എൻ. സുജയ, ഹയർസെക്കൻഡറി റീജണൽ ഡെപ്യൂട്ടി ഡയറക്ടറുടെ ചുമതല വഹിക്കുന്ന എ.ഒ. സിബി, വി.എച്ച്.എസ്.ഇ. അസിസ്റ്റന്റ് ഡയറക്ടർ എ.ഡി. ലിജി ജോസഫ്, സഹോദയ പ്രസിഡന്റ് ബെന്നി ജോർജ്, ഐ.സി.എസ്.ഇ.സ്‌കൂൾ പ്രതിനിധി ഫാ. ജെയിംസ് മുല്ലശേരി, ജില്ലാ മാസ് മീഡിയ ഓഫീസർ ജെ. ഡോമി, ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ എന്നിവർ പങ്കെടുത്തു.