\u0D05\u0D28\u0D40\u0D2E\u0D3F\u0D2F \u0D2A\u0D30\u0D3F\u0D36\u0D4B\u0D27\u0D28\u0D3E \u0D15\u0D4D\u0D2F\u0D3E\u0D2E\u0D4D\u0D2A\u0D4D \u0D38\u0D02\u0D18\u0D1F\u0D3F\u0D2A\u0D4D\u0D2A\u0D3F\u0D1A\u0D4D\u0D1A\u0D41

  1. Home
  2. HEALTH

അനീമിയ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

അനീമിയ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു


പാലക്കാട്:  ഒറ്റപ്പാലം അഡിഷണല്‍ ഐ.സി.ഡി.എസും ആരോഗ്യ വകുപ്പും സംയുക്തമായി കൗമാരക്കാരായ കുട്ടികള്‍ക്കായി സംഘടിപ്പിച്ച അനീമിയ പരിശോധനാ ക്യാമ്പ്  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ ഉദ്ഘാടനം ചെയ്തു. വാണിയംകുളം ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗംഗാധരന്‍ അധ്യക്ഷനായി.  പരിശോധന ക്യാമ്പും ആയുഷിന്റെ നേതൃത്വത്തില്‍ തുടര്‍ സേവനവും കുട്ടികള്‍ക്ക് നല്‍കി.

വനിതാ ശിശുവികസന വകുപ്പ് മുഖാന്തിരം അനീമിയ ബോധവത്കരണത്തിനായി നടത്തുന്ന പദ്ധതിയാണ് 'ക്യാമ്പയിന്‍ 12'. ശിശുവികസന വകുപ്പില്‍ നിന്ന് നല്‍കിയ ചെക്ക് ലിസ്റ്റ് ഉപയോഗിച്ച് അങ്കണവാടി ടീച്ചര്‍മാര്‍ കൗമാരക്കാരായ കുട്ടികളെ പരിശോധിച്ച് അനീമിയ സാധ്യത കണ്ടെത്തുവര്‍ക്ക് വിദഗ്ധ പരിശോധനയും തുടര്‍ ആരോഗ്യ സേവനങ്ങളും ഉറപ്പാക്കി അനീമിയ മുക്തമാക്കുന്നതാണ് പദ്ധതി.

ജില്ലയില്‍ ആദ്യമായാണ് ആരോഗ്യ വകുപ്പുമായി സഹകരിച്ച്  അനീമിയ പരിശോധനയും തുടര്‍ സേവനവും നല്‍കുന്നത്. ഒറ്റപ്പാലം അഡിഷണല്‍ ഐ.സി.ഡി.എസ് പ്രോജെക്ടിന്റെ പരിധിയിലെ ചളവറ, വാണിയംകുളം, ഷൊര്‍ണൂര്‍, വല്ലപ്പുഴ, നെല്ലായ പഞ്ചായത്തുകളിലെ കൗമാരക്കാരായ കുട്ടികളില്‍ അങ്കണവാടി ടീച്ചര്‍മാര്‍ അനീമിയ സാധ്യത കണ്ടെതിയിരുന്നു. ഈ കുട്ടികളില്‍ പ്രാഥമികാരോഗ്യം, സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയുടെ സഹായത്തോടെ വിദഗ്ധ പരിശോധന നടത്തി അനീമിയ കണ്ടെത്തുകയും ശേഷം റെഫറല്‍ അടിസ്ഥാനത്തില്‍ തുടര്‍ സേവനങ്ങള്‍ നല്‍കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.

രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് നിശ്ചിത അനുപാതത്തില്‍ നിന്നും കുറയുമ്പോള്‍ ഉണ്ടാകുന്ന അവസ്ഥയാണ് അനീമിയ അഥവാ വിളര്‍ച്ച. ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, കുട്ടികള്‍, കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ എന്നിവരിലാണ് അനീമിയ കൂടുതലായി കണ്ടുവരുന്നത്.  ഐ.സി.ഡി.എസ് പാലക്കാട് ജില്ലാ പ്രോഗ്രാം ഓഫീസര്‍ സി.ആര്‍ ലത, ശിശുവികസന പദ്ധതി ഓഫീസര്‍ നന്ദിനി മേനോന്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍ പരിപാടിയിൽ പങ്കെടുത്തു.