\u0D05\u0D15\u0D4D\u0D37\u0D2F \u0D15\u0D47\u0D28\u0D4D\u0D26\u0D4D\u0D30\u0D19\u0D4D\u0D19\u0D7E \u0D07\u0D30\u0D41\u0D2A\u0D24\u0D3F\u0D32\u0D47\u0D15\u0D4D\u0D15\u0D4D; \u0D1C\u0D3F\u0D32\u0D4D\u0D32\u0D2F\u0D3F\u0D7D \u0D06\u0D18\u0D4B\u0D37\u0D02 \u0D07\u0D28\u0D4D\u0D28\u0D4D

  1. Home
  2. INFORMATION

അക്ഷയ കേന്ദ്രങ്ങൾ ഇരുപതിലേക്ക്; ജില്ലയിൽ ആഘോഷം ഇന്ന്

അക്ഷയ കേന്ദ്രങ്ങൾ ഇരുപതിലേക്ക്;


കോട്ടയം: കമ്പ്യൂട്ടർ-ഡിജിറ്റൽ സാക്ഷരതയ്ക്കായി സംസ്ഥാനത്ത് ആരംഭിച്ച അക്ഷയ കേന്ദ്രങ്ങൾ ഇരുപതാം വയസിലേക്ക്. സംസ്ഥാന ഐ.ടി. മിഷനു കീഴിൽ 2002 നവംബർ 18നാണ് അക്ഷയ പദ്ധതി ആരംഭിച്ചത്. കമ്പ്യൂട്ടർ സാക്ഷരതയിലൂടെ ഓൺലൈൻ സേവന രംഗത്തേക്കു കടന്ന് വിപുലമായ ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കി സംസ്ഥാനത്തെ ഡിജിറ്റൽ വിപ്ലവത്തിന് കരുത്തേകിയതിൽ നിർണായക സ്ഥാനമാണ് അക്ഷയകേന്ദ്രങ്ങൾക്കുള്ളത്. 

കോട്ടയം ജില്ലയിൽ 2007ലാണ് അക്ഷയ പദ്ധതിക്കു തുടക്കമായത്. നിലവിൽ 191 അക്ഷയ കേന്ദ്രങ്ങളാണ് ജില്ലയിലുള്ളത്. നിലവിൽ റവന്യൂ-തദ്ദേശ സ്വയംഭരണ-പൊതുവിതരണ വകുപ്പ് സേവനങ്ങൾ, പാസ്‌പോർട്ട്, പാൻകാർഡ്, വിദ്യാർഥികളുടെ പ്രവേശനം, പെൻഷൻ മസ്റ്ററിംഗ്, ലൈഫ് സർട്ടിഫിക്കറ്റ്, ആധാർ,  ബാങ്കിംങ് കിയോസ്‌ക്, വിവിധ വകുപ്പുകളുടെ യൂട്ടിലിറ്റി ബില്ലുകൾ, തെരഞ്ഞെടുപ്പ് വെബ് കാസ്റ്റിംഗ്, മുഖ്യമന്ത്രിയുടെ ചികിൽസ ധനസഹായം, വോട്ടർ പട്ടിക പുതുക്കൽ, വാതിൽപ്പടി സേവനങ്ങൾ, അസംഘടിത തൊഴിലാളികളുടെ ഇ-ശ്രം രജിസ്‌ട്രേഷൻ തുടങ്ങി വിവിധ സേവനങ്ങൾ അക്ഷയ കേന്ദ്രങ്ങൾ വഴി ലഭ്യമാകുന്നു. കിടപ്പുരോഗികൾക്ക് ആധാർ, മസ്റ്ററിംഗ്,ബാങ്ക് അക്കൗണ്ട് തുറക്കൽ എന്നീ സേവനങ്ങൾ വീടുകളിലെത്തി നൽകുന്നു. കുടുംബശ്രീ അംഗങ്ങൾക്കും ആശാ വർക്കർമാർക്കും കമ്പ്യൂട്ടർ പരിശീലന പരിപാടി അക്ഷയ കേന്ദ്രങ്ങൾ വഴി നൽകുന്നു. ജയിലുകൾ, വൃദ്ധ സദനങ്ങൾ, റിഹാബിലിറ്റേഷൻ കേന്ദ്രങ്ങൾ, സ്‌കൂളുകൾ എന്നിവ കേന്ദ്രീകരിച്ച് ആധാർ ക്യാമ്പുകൾ സംഘടിപ്പിച്ചുവരുന്നു. 

അക്ഷയ പദ്ധതിയുടെ 19-ാം വാർഷികത്തോടനുബന്ധിച്ച് ജില്ലയിലെ അക്ഷയ സംരംഭകരുടെ യോഗം 'അക്ഷയ ജാലകം- 2021' ഇന്ന്(നവംബർ 26) രാവിലെ 10ന് ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കും. ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഉദ്ഘാടനം നിർവഹിക്കും. ജില്ലയിലെ മുഴുവൻ അക്ഷയ സംരംഭകരും വിവിധ വകുപ്പ് പ്രതിനിധികളും പങ്കെടുക്കും. മരണാനന്തര ധനസഹായ വിതരണം, ഏറ്റവും നല്ല അക്ഷയയ്ക്കുള്ള ഇ-ഗവേണൻസ് പുരസ്‌കാരം നേടിയ സംരംഭയ്ക്കുള്ള ആദരം, 70 വയസ് കഴിഞ്ഞ സംരംഭകരെ ആദരിക്കൽ, സംരംഭകരുടെ വിവിധ പരിപാടികൾ എന്നിവ ഇതോടനുബന്ധിച്ച് നടക്കും.