കൊച്ചിയെ മാലിന്യമുക്തമാക്കാനുള്ള സത്വര നടപടികൾ പുരോഗമിക്കുകയാണ്. മന്ത്രി എം ബി രാജേഷ്

കൊച്ചി ഇനി മാലിന്യ മുക്തമാകും.. മന്ത്രി രാജേഷിന്റെ ഫേസ് ബുക്ക് കുറിപ്പ് കൊച്ചിയിലെ വെള്ളക്കെട്ട് ഫലപ്രദമായി കൈകാര്യം ചെയ്യാനായി എന്ന ഹൈക്കോടതി പരാമർശം സർക്കാരും കൊച്ചി കോർപറേഷനും നടത്തിയ കൃത്യമായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ്. കൊച്ചിയെ മാലിന്യമുക്തമാക്കാനുള്ള സത്വര നടപടികൾ പുരോഗമിക്കുകയാണ്. മന്ത്രിമാരെന്ന നിലയിൽ ഞാനും വ്യവസായ വകുപ്പ് മന്ത്രിയും നേരിട്ടുതന്നെ ഈ പ്രവർത്തനങ്ങൾ വിലയിരുത്തുകയും നിരീക്ഷിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. കൊച്ചിയിൽ താമസിച്ച് ഉദ്യോഗസ്ഥ യോഗങ്ങളും വിവിധ വിഭാഗം ജനങ്ങളുടെ യോഗങ്ങളും വിളിച്ചുചേർത്ത് നേരിട്ട് തന്നെ ഇക്കാര്യത്തിൽ ഇടപെടുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിരുന്നു. തുടർന്നുവരുന്ന ഈ പ്രവർത്തനങ്ങൾക്ക് ജനങ്ങളുടെ പൂർണ സഹകരണവും പിന്തുണയും ഇനിയും നൽകാൻ അഭ്യർത്ഥിക്കുന്നു. ചെറിയ തോതിൽ വെള്ളക്കെട്ടുള്ള കെഎസ്‌ആർടിസി സ്‌റ്റാൻഡ്, കലാഭവൻ റോഡ് അടക്കമുള്ള സ്ഥലങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് നിർദേശം നൽകിക്കഴിഞ്ഞു.
സർക്കാരും കോർപറേഷനും നടത്തിയ സൂക്ഷ്മവും വിപുലവുമായ ഇടപെടലുകളുടെ നേട്ടമാണ്, കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനായത്. മഴക്കാലത്തിന് മുന്നോടിയായി 12 കോടിയുടെ പ്രവൃത്തികളാണ് കൊച്ചിയിൽ നടത്തിയത്. മഴക്കാല പൂർവ ശുചീകരണ പദ്ധതികൾ നൂറു ശതമാനവും പൂർത്തിയാക്കിയ നഗരസഭയാണ് കൊച്ചി. കാനകളിലെ ചെളി നീക്കാൻ മാത്രമായി 2.22 കോടി രൂപ ചെലവഴിച്ചു. 3600 കാനകളാണ് പൂർണമായും ഈ കാലയളവിൽ വൃത്തിയാക്കിയത്. സെൻട്രൽ സിറ്റി ഭാഗത്ത് അഞ്ച് കിലോമീറ്റർ നീളത്തിൽ പുതിയ ഡ്രെയ്നേജ് സംവിധാനമൊരുക്കി. ഒൻപത് നാഷണൽ ഹൈവേ കലുങ്കുകളും പതിനാല് റെയിൽവേ കലുങ്കുകളും ചെളിനീക്കി വൃത്തിയാക്കി. ഇതിനായി 90 ലക്ഷം രൂപയാണ് അനുവദിച്ചത്. മഴവെള്ളം കായലുകളിലേക്ക് കൃത്യമായി എത്താനായി പുതിയ എട്ട് ക്രോസ് കൾവർട്ടുകൾ കൊച്ചിയിൽ നിർമ്മിച്ചു. പാർക്ക് അവന്യൂ റോഡ്, ഷൺമുഖം റോഡ്, ബാനർജി റോഡ്, ഹൈക്കോടതിക്ക് സമീപം, ക്ലബ് റോഡ് എന്നിവിടങ്ങളിലാണ് ഈ കൾവർട്ടുകൾ. ഇതിന് പുറമേ മാർക്കറ്റ് കനാലുമായി പ്രധാന കനാൽ ശൃംഖലയെ ബന്ധിപ്പിക്കാൻ പ്രത്യേക സംവിധാനവുമൊരുക്കി. ടിപി കനാൽ 11 കിലോമീറ്റർ ദൂരം 5.1 കോടി ചെലവിലാണ് വൃത്തിയാക്കിയത്. തേവര പേരണ്ടൂർ കനാലിലെ 10.75 കിലോമീറ്ററിലെ ചെളി നീക്കം ചെയ്തു. ചെറുതും വലുതുമായ 126 കനാലുകൾ ശുചിയാക്കാൻ 8.35 കോടിയുടെ പദ്ധതിയാണ് നടപ്പിലാക്കിയത്. എല്ലാ കനാലുകളിലെയും പോളയും നീക്കം ചെയ്തിട്ടുണ്ട്. ഒഴുകിയെത്തുന്ന വെള്ളത്തിന് തടസമുണ്ടാവാതിരിക്കാൻ ടിപി കനാലിന്റെ മൌത്ത് 100 മീറ്ററിലധികം ദൂരം രണ്ടുമീറ്റർ ആഴത്തിൽ ഡ്രെഡ്ജിംഗ് നടത്തി. വെള്ളം കയറാനിടയുള്ള സ്ഥലങ്ങളിൽ ഇതിനകം തന്നെ 14 പമ്പുകൾ സ്ഥാപിച്ചുകഴിഞ്ഞു. 50 ലക്ഷം രൂപ ചെലവിലാണ് ഈ പദ്ധതി നടപ്പിലാക്കിയത്.
സക്‌ഷൻ കം ജറ്റിങ് മെഷീൻ ആയിരുന്നു ഇത്തവണ മഴക്കാല പൂർവ ശുചീകരണത്തിലെ സൂപ്പർ ഹീറോ. സ്ലാബുകള്‍ തുറക്കാതെ നൂറുമീറ്റർ അകലെ നിന്നുപോലും ചെളി വലിച്ചെടുത്ത് നീക്കം ചെയ്യാൻ ഈ സംവിധാനത്തിന് കഴിയും. പതിനായിരം ലിറ്റർ ശേഷിയുള്ള മെഷീൻ കൊച്ചി സ്മാർട്ട് സിറ്റി മിഷൻ വഴിയാണ് ലഭ്യമാക്കിയത്. 6.5 കോടി രൂപയാണ് ചെലവ്. ജൂൺ അഞ്ചുമുതൽ എല്ലാ ദിവസവും രാത്രി ഈ സംവിധാനം കൊച്ചിയിലെ ഓടകള്‍ വൃത്തിയാക്കുന്നു. വരും ദിവസങ്ങളിലും കൊച്ചിയുടെ നഗരജീവിതത്തിന് ഈ സംവിധാനം മുതൽക്കൂട്ടാകുമെന്നതിൽ സംശയമില്ല.
ഇക്കഴിഞ്ഞ ദിവസമാണ് കൊച്ചിയിൽ 36 കോടി രൂപയുടെ ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ നാലാം ഘട്ട പദ്ധതികള്‍ക്ക് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയത്. ചെറിയ മഴ പെയ്താല്‍ പോലും വെളളക്കെട്ടിലാകുന്ന സൗത്ത് റെയില്‍വേ സ്റ്റേഷന്‍, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍റ് പോലുള്ള പ്രദേശങ്ങളിലെ പ്രശ്നങ്ങളും ഇങ്ങനെ പരിഹരിക്കാനാകും. കെഎസ്ആര്‍ടിസി പരിസരത്തെ വെളളക്കെട്ട് ഒഴിവാക്കാനുള്ള മുല്ലശ്ശേരി കനാലിന്‍റെ നവീകരണം ഇതുവരെ 25% മാത്രമാണ് പൂര്‍ത്തീകരിക്കാനായത്. മുല്ലശ്ശേരി കനാലിന്‍റെയും പേരണ്ടൂര്‍ കനാലിന്‍റെയും തുടക്കത്തിലുള്ള ഈ പ്രദേശം താഴ്ന്ന ഭാഗങ്ങളാണ്. സൗത്ത് റെയില്‍വേ സ്റ്റേഷന്‍ മുതല്‍ വേമ്പനാട്ട് കായല്‍ വരെ ജോസ് ജംഗ്ഷന്‍ കടന്ന് പുതിയ ഡ്രെയിനേജ് പണിയുന്നതിനായി 19.5 കോടി രൂപയും, ഹൈക്കോടതി ജംഗ്ഷനിലെ വെളളക്കെട്ട് നിയന്ത്രിക്കുവാനായി 4.5 കോടി രൂപയും, സൗത്ത് ബസ് സ്റ്റാന്‍റിന് പിന്‍വശത്തെ കമ്മട്ടിപ്പാടം ഭാഗത്തെ വെളളക്കെട്ട് ഒഴിവാക്കുന്നതിനായി 2.5 കോടി രൂപയും, തേവര പേരണ്ടൂര്‍ കനാല്‍ നവീകരണത്തിനായി 9.5 കോടി രൂപയുമാണ് അനുവദിച്ചത്. ഇതില്‍ കമ്മട്ടിപ്പാടം ഭാഗത്തെ പ്രവര്‍ത്തിയുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു.
ഓപ്പറേഷന്‍ ബ്രേക്ക് ബൂ ത്രൂ രണ്ടാം ഘട്ടത്തില്‍ 9.14 കോടി രൂപയുടെ 17 പ്രവര്‍ത്തികളാണ് പൂര്‍ത്തിയാക്കിയത്. മൂന്നാം ഘട്ടത്തില്‍ മുല്ലശ്ശേരി കനാലിന്‍റെ നവീകരണം അടക്കം 11.89 കോടി രൂപയുടെ ആറ് പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നു. സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ നിന്നും 10 കോടി രൂപയും ഈ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ചു. കൊച്ചിയിലെ വെള്ളക്കെട്ട് പ്രശ്നം അവസാനിപ്പിക്കാൻ സർക്കാരും നഗരസഭയും നടത്തുന്ന നേതൃപരമായ ഇടപെടലുകളുടെ പട്ടിക ഇങ്ങനെ നീളുന്നു.
മഴയൊന്ന് പെയ്താലുടൻ ഉയരുന്ന ചെല്ലാനത്തിന്റെ കണ്ണീർകഥകള്‍ക്ക് അറുതിവരുത്തിയ സർക്കാരാണിത്. വെള്ളക്കെട്ടെന്ന കൊച്ചിയുടെ സ്ഥിരം തലവേദനയ്ക്കും വൈകാതെ ശാശ്വത പരിഹാരം കാണാനാകും. രാജേഷ് പറഞ്ഞു