കൊലക്കേസ് പ്രതി ജയിൽ ചാടി

  1. Home
  2. KERALA NEWS

കൊലക്കേസ് പ്രതി ജയിൽ ചാടി

Jail


കൊലക്കേസ് പ്രതി കോട്ടയം ജില്ലാ ജയിൽ ചാടി രക്ഷപ്പെട്ടു. കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷനു മുന്നിലിട്ട കേസിലെ പ്രതി ബിനു മോനാണ് ജയിൽചാടിയത്.
കഴിഞ്ഞ ജനുവരി 17 നാണ് പത്തൊൻപത് വയസ്സുള്ള ഷാൻ ബാബുവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ഷാൻ വധത്തിലെ അഞ്ചാംപ്രതിയാണ് ജയിൽ ചാടി രക്ഷപ്പെട്ട ബിനു മോൻ. ജില്ലാ ജയിലിന്റെ തൊട്ടുപിൻവശത്തുള്ള കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനുമുൻപിലായിരുന്നു ഷാൻ എന്ന യുവാവിനെ ജോമോൻ എന്നയാൾ കൊന്ന് കൊണ്ടുപോയി ഇടുന്നത്. ബിനു മോന്റെ ഓട്ടോയിലായിരുന്നു ഷാനെ തട്ടിക്കൊണ്ടുപോയത്.
ഷാനിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തയ ശേഷം മൃതദേഹം പൊലീസ് സ്റ്റേഷന് മുന്നിൽ കൊണ്ടിടുകയായിരുന്നു. കൊലപാതകി സംഘത്തിലെ ഒരാളെ മർദിച്ചതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ പങ്കുവെച്ചപ്പോൾ അതിന് ഷാൻ ലൈക്ക് ചെയ്തതായിരുന്നു കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.
ഇന്നു പുലർച്ചെയാണ് ഇയാൾ ജയിൽചാടിയത്. ബാത്‌റൂമിൽ പോകാനായി എണീറ്റ ബിനു മോൻ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ജയിൽ മതിൽ ചാടിക്കടന്നാണ് പ്രതി രക്ഷപ്പെട്ടതെന്നാണ് വിവരം. പലക ചാരിവച്ച് മതിലിൽ കയറി കേബിൾ വഴി താഴെയിറങ്ങിയെന്നാണ് നിഗമനം.
ഇയാൾക്കായി അന്വേഷണം ആരംഭിച്ചു. മുൻപും കോട്ടയം ജില്ലാ ജയിലിൽനിന്ന് പ്രതികൾ ചാടിയിട്ടുണ്ട്.