നടിയെ ആക്രമിച്ച കേസ്;ദിലീപിനെതിരെ കൂടുതല്‍ വകുപ്പുകള്‍: തുടരന്വേഷണ റിപ്പോര്‍ട്ട് വെള്ളിയാഴ്ച്ച നല്‍കുമെന്ന് പ്രോസിക്യൂഷന്‍

  1. Home
  2. KERALA NEWS

നടിയെ ആക്രമിച്ച കേസ്;ദിലീപിനെതിരെ കൂടുതല്‍ വകുപ്പുകള്‍: തുടരന്വേഷണ റിപ്പോര്‍ട്ട് വെള്ളിയാഴ്ച്ച നല്‍കുമെന്ന് പ്രോസിക്യൂഷന്‍

DILEEP


കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് 22-ാം തീയതി നല്‍കുമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. വെള്ളിയാഴ്ച്ചക്കകം കേസിലെ തുടരന്വേഷണത്തിന്റെ അന്തിമ റിപ്പോര്‍ട്ട് വെള്ളിയാഴ്ച്ച സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ വിചാരണ പുനരാരംഭിക്കുമെന്ന് വിചാരണക്കോടതി അറിയിച്ചു. 

അതേസമയം, ദിലീപിന്റെ സുഹൃത്ത് ശരത്തിനെ പ്രതി ചേര്‍ത്തുള്ള അധിക കുറ്റപത്രം അങ്കമാലി കോടതിയില്‍ സമര്‍പ്പിക്കുമെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. കൂടാതെ കേസില്‍ ദിലീപിന് അധിക വകുപ്പുകള്‍ കൂടി ചേര്‍ക്കുമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. 

തെളിവു നശിപ്പിച്ചതിനും മറച്ചുവച്ചതിനുമാണ് ദിലീപിനെതിരം കൂടുതല്‍ വകുപ്പുകള്‍ ചുമത്തുക. കേസിലെ നിര്‍ണായക തെളിവുകള്‍ നശിപ്പിക്കാന്‍ കൂട്ട് നിന്നതിനാണ് ശരത്തിനെ പ്രതി ചേര്‍ത്തതെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. 

സൈബര്‍ ഫോറന്‍സിക് റിപ്പോര്‍ട്ടും മുന്‍ ഡിജിപി ആര്‍ ശ്രീലേഖയുടെ വെളിപ്പെടുത്തലും പരാമര്‍ശങ്ങളുമൊക്കെ പരിശോധിക്കാന്‍  ഒരാഴ്ച കൂടി സമയം വേണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അത്രയധികം സമയം നല്‍കാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞു. തുടരന്വേഷണത്തിനും അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുമായി വെള്ളിയാഴ്ച വരെയാണ് സമയം നല്‍കിയിരിക്കുന്നത്.