കൂട്ടക്കടവ് റഗുലേറ്റര്‍ പൂര്‍ത്തിയാക്കുന്നതിന് 35 കോടി രൂപ അധികമായി അനുവദിച്ചു

  1. Home
  2. KERALA NEWS

കൂട്ടക്കടവ് റഗുലേറ്റര്‍ പൂര്‍ത്തിയാക്കുന്നതിന് 35 കോടി രൂപ അധികമായി അനുവദിച്ചു

തൃത്താല


പട്ടാമ്പി.  തൃത്താലയുടെ ചിരകാലാഭിലാഷമായിരുന്ന കൂട്ടക്കടവ് റഗുലേറ്റര്‍ പൂര്‍ത്തിയാക്കുന്നതിന് 35 കോടി രൂപ അധികമായി അനുവദി ച്ചതായി എം ബി രാജേഷ് അറിയിച്ചു.

 തൃത്താലയുടെ ജനപ്രതിനിധിയായി ചുമതലയേറ്റപ്പോള്‍ ഉയര്‍ന്നുവന്ന ഒരു പ്രധാന പ്രശ്നമായിരുന്നു കൂട്ടക്കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജ് പദ്ധതിയുടെ അനിശ്ചിതത്വം. നബാര്‍ഡ് ആര്‍ ഐ ഡി എഫ് സ്കീമില്‍ ഉള്‍പ്പെടുത്തി തുക അനുവദിച്ച് പ്രവൃത്തി ആരംഭിച്ചപ്പോഴാണ് പ്രളയക്കെടുതികള്‍ നാശം വിതച്ചത്. തുടര്‍ന്ന് പദ്ധതിക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു വരുകയും  പ്രവൃത്തി അനിശ്ചിതത്വത്തിലാവുകയുമാണുണ്ടായത്. ഈ പശ്ചാത്തലത്തില്‍ തദ്ദേശ ജനപ്രതിനിധികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും വിപുലമായ യോഗം വിളിച്ചു ചേര്‍ക്കുകയും പദ്ധതി വിശദമായി ചര്‍ച്ച ചെയ്യുകയും ഉയര്‍ന്നു വന്ന ആശങ്കകള്‍ക്ക് പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കപ്പെടുകയും ചെയ്തു. പുതുതായി കാങ്കപ്പുഴ ആര്‍ സി ബി നിര്‍മ്മിക്കപ്പെടുന്നതിനാല്‍ കൂട്ടക്കടവ് റഗുലേറ്റര്‍ മാത്രമായി നിര്‍മ്മിക്കുന്നതാണ് ഉചിതം എന്ന നിര്‍ദ്ദേശം ആ യോഗം അംഗീകരിക്കുകയുണ്ടായി. 32 കോടി രൂപയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ നടന്ന സാഹചര്യത്തില്‍ പദ്ധതിയുമായി മുന്നോട്ടു പോകണമെന്നും മണ്ഡലത്തിലെ  കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് പദ്ധതി അനിവാര്യമാകയാല്‍ പദ്ധതി ഉപേക്ഷിക്കരുതെന്നുമുള്ള അഭിപ്രായങ്ങളുയര്‍ന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂട്ടക്കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജ് എന്ന പദ്ധതി റഗുലേറ്റര്‍ മാത്രമായി മുന്നോട്ടുകൊണ്ടുപോകാനുള്ള തീരുമാനമെടുക്കുകയും ചെയ്തു. 

 നബാര്‍ഡ് പദ്ധതിയുടെ കാലാവധി അവസാനിച്ചതിനാല്‍ അനുവദിക്കപ്പെട്ട ഫണ്ട് അപ്പോഴേക്കും ലാപ്സായിരുന്നു. തുടര്‍ന്ന് ഫണ്ട് അനുവദിപ്പിക്കുന്നതിനുള്ള തുടര്‍ച്ചയായ ശ്രമങ്ങള്‍ നടത്തുകയുണ്ടായി. ബഹു. ധനകാര്യ മന്ത്രി  കെ. എന്‍ ബാലഗോപാലുമായും ധനവകുപ്പ് സെക്രട്ടറി . ആര്‍.കെ. സിങ്ങുമായും സംസാരിച്ച് റീബീല്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി ഫണ്ട് അനുവദിക്കാനുള്ള നിരന്തര ഇടപെടലുകള്‍ നടത്തി.   ബഹുമാനപ്പെട്ട ജല വിഭവ വകുപ്പ് മന്ത്രി ശ്രീ. റോഷി അഗസ്റ്റിനും ഉന്നത ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം എന്റെ ക്ഷണം സ്വീകരിച്ച് പദ്ധതി പ്രദേശം സന്ദര്‍ശിക്കുകയും ചെയ്തു. എല്ലാ  നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി ഇപ്പോള്‍ ഫണ്ട് അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്.

 ജലജീവന്‍ മിഷന്‍ പ്രവൃത്തികള്‍ പൂര്‍ത്തിയാവുന്നതോടെ എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുന്നതിനുള്ള പ്രധാന സ്രോതസ്സായി കൂട്ടക്കടവ് റഗുലേറ്റര്‍ മാറും. കൂടാതെ, പാലക്കാട്, മലപ്പുറം ജില്ലകളിലെ 2000 ഹെക്ടര്‍ കൃഷിക്ക് ജലസേചന സൗകര്യം ഒരുക്കുന്നതിനും ഈ പദ്ധതി സഹായകമാകും.