ആദിവാസി കുടുംബങ്ങൾക്ക് അടിസ്ഥാന രേഖകൾ ലഭ്യമാക്കുക സർക്കാർ നയം: മന്ത്രി കെ. രാധകൃഷ്ണൻ*

  1. Home
  2. KERALA NEWS

ആദിവാസി കുടുംബങ്ങൾക്ക് അടിസ്ഥാന രേഖകൾ ലഭ്യമാക്കുക സർക്കാർ നയം: മന്ത്രി കെ. രാധകൃഷ്ണൻ*

ആദിവാസി കുടുംബങ്ങൾക്ക് അടിസ്ഥാന രേഖകൾ ലഭ്യമാക്കുക സർക്കാർ നയം: മന്ത്രി കെ. രാധകൃഷ്ണൻ*


പാലക്കാട്‌. സംസ്ഥാനത്തെ മുഴുവൻ ആദിവാസി കുടുംബങ്ങൾക്കും അടിസ്ഥാന രേഖകൾ ലഭ്യമാക്കുകയാണ് സർക്കാർ നയമെന്നും അതിന്റെ ഭാഗമായി ആധാർ കാർഡ്, റേഷൻ കാർഡ്, തിരഞ്ഞെടുപ്പ് തിരിച്ചറിയൽ രേഖ, പാസ് ബുക്ക് ഉൾപ്പെടെയുള്ളവ ലഭ്യമാക്കുമെന്നും പട്ടികജാതി-പട്ടികവർഗ- പിന്നാക്കവിഭാഗ-ക്ഷേമ-ദേവസ്വം- പാർലിമെന്ററി കാര്യ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. പറമ്പിക്കുളം സുങ്കം ജി.ടി.ഡബ്ല്യു എൽ.പി. സ്കൂളിൽ എ.ബി.സി.ഡി (അക്ഷയ ബിഗ് ക്യാമ്പയിൻ ഫോർ ഡോക്യുമെന്റ് ഡിജിറ്റലൈസേഷൻ)   പദ്ധതിയുടെ ജില്ലാതല ക്യാമ്പയിൻ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
വനാവകാശ നിയമ പ്രകാരം അർഹരായ എല്ലാവർക്കും ഭൂമി ലഭ്യമാക്കും. ഇതിനായി വനം - റവന്യൂ - പട്ടികവർഗ വകുപ്പുകളുടെ ഏകോപിച്ചുള്ള  പ്രവർത്തനം സർക്കാർ ഉറപ്പ് വരുത്തിയിട്ടുണ്ട്. സാങ്കേതിക കാരണങ്ങൾ പറഞ്ഞ് സാധാരണക്കാരന് ലഭിക്കേണ്ട ആനുകൂല്യങ്ങൾ കിട്ടാതിരിക്കരുത്. അതിന് ഉദ്യോഗസ്ഥർ മുൻകൈ എടുക്കണം. എല്ലാ സാധാരണക്കാർക്കും ഭൂമി ലഭ്യമാക്കുകയാണ് സർക്കാർ നയമെന്നും അതിനാണ് ലാന്റ് ബാങ്ക് വഴി ഭൂമി കണ്ടെത്തി നൽകുന്നതെന്നും മന്ത്രി പറഞ്ഞു. 

വീട് നിർമാണത്തിന് പട്ടികവർഗ വകുപ്പിന് 140 കോടി അനുവദിച്ചിട്ടുണ്ട്. പിന്നാക്ക വിഭാഗത്തിന്റെ പ്രശ്നം പരിഹരിക്കാൻ പ്രത്യേക പദ്ധതി നടപ്പാക്കും. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ കേരളം ഏറെ മുന്നോട്ട് പോയി. സാങ്കേതിക വിദ്യാഭ്യാസം നൽകുന്നതിൽ ട്രൈബൽ കുട്ടികൾക്കാണ് മുൻഗണന നൽകുന്നത്. 47,000 കുട്ടികൾക്ക് ഡിജിറ്റൽ ഉപകരണങ്ങൾ നൽകി. 1286 കേന്ദങ്ങളിൽ കണക്റ്റിവിറ്റി ഉറപ്പാക്കി. 204 കേന്ദ്രങ്ങളിൽ കൂടി കണക്റ്റിവിറ്റി നൽകുന്നതോടെ കേരളം പൂർണമായും ട്രൈബൽ ഡിജിറ്റൽ മേഖലയാവും. സോളാറിലെ പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് പറമ്പിക്കുളത്തെ ഊരുകളിൽ വൈദ്യുതി ഉറപ്പാക്കും. ഇതിന്റെ പ്രവർത്തനം  ഉറപ്പ് വരുത്താൻ പ്രദേശത്തെ ഐ.ടി.എ, ഐ.ടി.സി ഉദ്യോഗാർത്ഥികളെ നിയമിക്കും. 

വൈദ്യുതി, റോഡ്, കണക്റ്റിവിറ്റി എന്നിവ ഏറെ പ്രധാനമായി സർക്കാർ കാണുന്നു. സുങ്കത്തെ സ്കൂളിൽ അടുത്ത അധ്യയന വർഷം മുതൽ അഞ്ചാം ക്ലാസ് ആരംഭിക്കും. തുടർ വർഷങ്ങളിൽ കൂടുതൽ ക്ലാസുകൾ തുടങ്ങും. പഠനം തുടരാൻ കഴിയാത്ത കുട്ടികളെ ട്രൈബൽ പ്രമോട്ടർമാർ കണ്ടെത്തി എം.ആർ.എസ് / പ്രീമെടിക്ക് ഹോസ്റ്റലുകളിലേക്ക് എത്തിക്കാൻ കഴിയണം.

രാജ്യത്ത് ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനമാണ് കേരളം. 14-ാം പഞ്ചവത്സര പദ്ധതി അവസാനിക്കുമ്പോൾ കേരളം ദരിദ്രർ ഇല്ലാത്ത രാജ്യത്തെ ആദ്യ സംസ്ഥാനമാവും. ചെമ്മണാംപതി - പറമ്പിക്കുളം റോഡിനായി വിദഗ്ധ സർവ്വേ നടത്തി പ്രോജക്റ്റ് റിപ്പോർട്ട് നൽകാനും മന്ത്രി ആവശ്യപ്പെട്ടു. 

പരിപാടിയിൽ ലാൻഡ് ബാങ്ക് പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച പട്ടയങ്ങളുടെ വിതരണം, കെ. ബാബു എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച സുങ്കം ജി.ടി.ഡബ്ല്യു എൽ.പി. സ്കൂളിലെ പാചകപുരയുടെ ഉദ്ഘാടനം, തേക്കടി കോളനിക്ക് അനുവദിച്ച ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് എന്നിവയും  മന്ത്രി നിർവഹിച്ചു.

കെ. ബാബു എം.എൽ.എ അധ്യക്ഷനായി. പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ അർജ്ജുൻ പാണ്ഡ്യൻ, ജില്ലാ കലക്ടർ മൃൺമയി ജോഷി, മുതലമട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ബേബി സുധ, ജില്ലാ പഞ്ചായത്ത് അംഗം ശ്രീധരൻ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ ആർ. അലൈ രാജ്, ജാസ്മിൻ ഷൈക്ക്, കെ.ജി പ്രദീപ് കുമാർ, ടി. കൽപ്പനാ ദേവി, കെ.സി കൃഷ്ണൻ, കെ. ശെൽവി, പറമ്പിക്കുളം ടൈഗർ റിസർച്ച് ഡെപ്യൂട്ടി ഡയറക്ടർ ആർ. സുജിത്, ജില്ലാ പട്ടികവർഗ വികസന ഓഫീസർ കെ.എ സാദിഖലി, സ്കൂൾ പ്രധാനധ്യാപകൻ പി.ആർ രാജേന്ദ്രൻ, ഊര് മൂപ്പൻമാർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കടുത്തു.