എച്ച്ആര്‍ഡിഎസ് സെക്രട്ടറി അറസ്റ്റില്‍; കള്ളക്കേസില്‍ കുടുക്കിയെന്ന് ആരോപണം

പാലക്കാട്: എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തത് പ്രതികാര നടപടിയുടെ ഭാഗമെന്ന് ആരോപണം. മുഖ്യമന്ത്രി അടക്കമുള്ള പ്രമുഖരെ പ്രതിരോധത്തിലാക്കിയ സ്വപ്ന സുരേഷിന് ജോലി നൽകിയതിന്റെ പകവീട്ടലിന്റെ ഭാഗമായിട്ടാണ് സെക്രട്ടറി അജി കൃഷ്ണനെ പൊലീസ് കള്ള കേസ്സിൽ കുടുക്കി അറസ്റ്റ് ചെയ്ത് എന്നാണ് എച്ച്ആര്‍ഡിഎസിന്റെ വിമർശിക്കുന്നത്. സർക്കാരിനെതിരെ ശബ്ദിക്കുനവരെ നിശബ്ദരാക്കാനുള്ള പ്രതികാര നടപടികൾ തുടരുന്നതിന്റെ ഒടുവിലത്തെ ഇരയാണ് അജി കൃഷ്ണനെന്നും എച്ച്ആര്‍ഡിഎസ് പ്രസ്താവനയില്‍ പറയുന്നു.
ഷോളയാർ വട്ടലക്കിയിൽ പട്ടിക്കവർഗ വിഭാഗത്തിൽ പെട്ട രാമൻ എന്ന ആളുടെ ഭൂമി കൈയ്യെറിയതിനാണ് കേസ്.ഒരു വർഷം മുമ്പ് നൽകിയ പരാതിയിൽ നേരത്തെ കേസെടുത്തിരുന്നെങ്കിലും വിദേശത്തായിരുന്ന അജി കൃഷ്ണൻ അട്ടപ്പാടിയില്‍ തിരിച്ചെത്തിയതിനു തൊട്ടു പിറകെയാണ് അറസ്റ്റ് നടന്നത്. സ്ഥലത്തു മാരകായുധങ്ങളുമായി എത്തി രാമനെയും ബന്ധുക്കളെയും ഭീഷണിപ്പെടുത്തി, കുടിലിനു തീ വച്ചു അവരെ ഒഴിപ്പിച്ചു സ്ഥലം കൈയ്യറി എന്നുമായിരുന്നു കേസ്. എന്നാൽ ഇത് ഒരു വർഷം മുമ്പ് നടന്ന അടിസ്ഥാനരഹിതമായ കേസ് ആണെന്നും അത് പൊടിതട്ടിയെടുത്ത് ഇന്നലെ രാത്രി തിടുക്കപെട്ട് എഫ്ഐആര്‍ ഇടുകയായിരുന്നുവെന്നും എച്ച്ആര്‍ഡിഎസ് ആരോപിക്കുന്നു.