ജിംനേഷ്യത്തന് ലൈസൻസ് വേണമെന്ന് ഹൈക്കോടതി

  1. Home
  2. KERALA NEWS

ജിംനേഷ്യത്തന് ലൈസൻസ് വേണമെന്ന് ഹൈക്കോടതി

Gym


സംസ്ഥാനത്തെ എല്ലാ ജിംനേഷ്യങ്ങള്‍ക്കും മൂന്ന് മാസത്തിനുള്ളില്‍ ലൈസന്‍സ് എടുക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. 1963-ലെ കേരള പബ്ലിക് റിസോർട്ട് നിയമപ്രകാരമുള്ള ലൈസൻസ് ആണ് ജിംനേഷ്യങ്ങൾക്ക് വേണ്ടത്. ജിംനേഷ്യം തുടങ്ങുന്നതിനും പ്രവർത്തിക്കുന്നതിനുമുള്ള ലൈസൻസ്  ഇനിമുതൽ നിർബന്ധമാക്കും. ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ജിംനേഷ്യങ്ങൾക്കു തദ്ദേശസ്ഥാപനങ്ങൾ നോട്ടിസ് നൽകണം.

ക്ഷേത്രവും പള്ളിയും പോലെ തന്നെ യുവാക്കളുടെ പുണ്യസ്ഥലമായി ജിംനേഷ്യം മാറിയിരിക്കുകയാണെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഉത്തരവ്. ജിംനേഷ്യം പ്രായമായവരും ഒരുപോലെ ഇഷ്ടപ്പെടുന്നു. എല്ലാ പ്രായത്തിലുളള സ്ത്രീപുരുഷന്‍മാരും ജിംനേഷ്യത്തില്‍ പോകുന്നത് വലിയ അഭിമാനമായി കാണുന്നു. ആരോഗ്യകരമായ ജീവിതശൈലിയിലേക്കുള്ള മാറ്റത്തിന്റെ തെളിവാണിത്. അതുപോലെതന്നെ അവിടുത്തെ അന്തരീക്ഷം ആളുകളെ ആകർഷിക്കുന്നതായിരിക്കണം. നിയമപരമായി ഇവ പ്രവർത്തിക്കണമെന്നും കോടതി കൂട്ടിച്ചേർത്തു. 

ജിംനേഷ്യങ്ങളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട രണ്ടു ഹർജികളിലാണു ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ ഉത്തരവ്. ലൈസന്‍സില്ലാതെ നെയ്യാറ്റിന്‍കരയില്‍ പ്രവര്‍ത്തിക്കുന്ന ജിംനേഷ്യത്തിനെതിരെ പ്രദേശവാസിയായ സി. ധന്യ അടക്കമുള്ളവര്‍ ഫയല്‍ചെയ്ത ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. പുലര്‍ച്ചെ അഞ്ച് മുതല്‍ പ്രവര്‍ത്തിക്കുന്ന ജിംനേഷ്യത്തില്‍ വലിയ ശബ്ദത്തില്‍ പാട്ടുവെയ്ക്കുന്നത് സമീപ വാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന പരാതിയാണ് ഹര്‍ജിക്കാരി ഉന്നയിച്ചത്.പരാതി ഉന്നയിക്കപ്പെട്ട ജിംനേഷ്യത്തിന് ലൈസന്‍സ് എടുക്കുന്നതുവരെ പാട്ടുവെയ്ക്കാതെ പ്രവര്‍ത്തിക്കാം. ജിംനേഷ്യത്തിന് ലൈസന്‍സ് നിഷേധിച്ച നെയ്യാറ്റിന്‍കര നഗരസഭയുടെ നടപടി ചോദ്യംചെയ്ത് തിരുവനന്തപുരം സ്വദേശി സി.കെ. റോയിയും ഹർജി നല്‍കിയിരുന്നു. 

ഹര്‍ജിക്കാരിയെ കേട്ട ശേഷം മാത്രമെ ലൈസന്‍സ് നല്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കാവൂ. നേരത്തേ ഹർജി പരിഗണിക്കവെ സംസ്ഥാനത്തു ലൈസൻസ് ഇല്ലാതെയാണു ഭൂരിഭാഗം ജിംനേഷ്യങ്ങളും പ്രവർത്തിക്കുന്നതെന്നു സംസ്ഥാന സർക്കാർ വിശദീകരണം നൽകിയിരുന്നു