ജയിൽ ചാടിയ പ്രതി മരത്തിന് മുകളിൽ; ആത്മഹത്യാ ഭീഷണി; ഒടുവിൽ കൊമ്പൊടിഞ്ഞ് താഴേക്ക്

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച കൊലക്കേസ് പ്രതി മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. കൊലക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സുഭാഷ് എന്ന തടവുകാരനാണ് മരത്തിന് മുകളിൽ ഏതാണ്ട് ഒരു മണിക്കൂറോളം നേരം കയറി എല്ലാവരെയും മുൾമുനയിൽ നിർത്തിയത്. ഇയാളെ താഴെയിറക്കാൻ പൊലീസും ഫയർ ഫോഴ്സും ശ്രമം തുടർന്നിരുന്നു. ഒടുവിൽ മരത്തിന്റെ കൊമ്പൊടിഞ്ഞ് താഴെ പൊലീസ് വിരിച്ച വലയിൽ തന്നെ കൃത്യം വീണു. പിന്നാലെ ഇയാളെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി.
കൊവിഡ് കാലത്ത് ജയിലിന് പുറത്തിറങ്ങിയ തടവ് പുള്ളികൾക്ക് ഒപ്പം ഇയാളുമുണ്ടായിരുന്നു. എന്നാൽ മടങ്ങി വരാനുള്ള സമയം കഴിഞ്ഞിട്ടും തിരികെയെത്താതിരുന്നതിനെ തുടര്‍ന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത് കൊണ്ടു വരികയായിരുന്നു. ജയിൽ ഓഫീസിൽ ഹാജരാക്കിയ ശേഷം പുറത്തിറങ്ങിയപ്പോഴാണ് ഉദ്യോഗസ്ഥരെ വെട്ടിച്ച് ഇയാൾ ഓടിയത്. മതിൽ ചാടി തൊട്ടടുത്തുള്ള സാമൂഹിക സുരക്ഷാ മിഷന്റെ ഷെൽട്ടർഹോം വളപ്പിലെ മരത്തിൽ കയറുകയായിരുന്നു.
ഉദ്യോഗസ്ഥർ അനുനയിപ്പിച്ച് താഴെയിറക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കുടുംബത്തെ കാണണമെന്നായിരുന്നു ആവശ്യം. അപകടം ഉണ്ടാകാതിരിക്കാൻ ഫയർഫോഴ്സ് മരത്തിനു ചുറ്റും വലവിരിച്ചു. നെട്ടുകാൽത്തേരി ജയിലിലായിരുന്ന ഇയാളെ കുറച്ചു നാൾ മുൻപാണ് സെൻട്രൽ ജയിലിലേക്കെത്തിച്ചത്.