കെ കെ രമയെ വിധവയെന്ന് വിളിച്ചിട്ടില്ല, പറഞ്ഞ കാര്യങ്ങളിൽ ഖേദമില്ലെന്നും എം എം മണി;

  1. Home
  2. KERALA NEWS

കെ കെ രമയെ വിധവയെന്ന് വിളിച്ചിട്ടില്ല, പറഞ്ഞ കാര്യങ്ങളിൽ ഖേദമില്ലെന്നും എം എം മണി;

M m mani


തിരുവനന്തപുരം: നിയമസഭയില്‍ വടകര എം എൽ എ കെ കെ രമയ്‌ക്കെതിരെ നടത്തിയ പരാമര്‍ശത്തെ ന്യായീകരിച്ച് എം എം മണി. പറഞ്ഞ കാര്യത്തിൽ ഉറച്ചു നിൽക്കുകയാണ്. അത് നാക്ക് പിഴയായിരുന്നില്ല. പറഞ്ഞത് മുഴുവനാക്കാന്‍ സമ്മതിച്ചിരുന്നുവെങ്കില്‍ ഈ പ്രശ്‌നം ഉണ്ടാവുമായിരുന്നില്ല. അവരുടെ വിധി ആണെന്നാണ് താന്‍ പറഞ്ഞത്. മാപ്പ് പറയാന്‍ മാത്രമൊന്നും താന്‍ പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിയോ പാര്‍ട്ടി സെക്രട്ടറിയോ ആവശ്യപ്പെട്ടാൽ പരാമര്‍ശം പിന്‍വലിക്കാമെന്നും എം എം മണി പറഞ്ഞു.
കെ കെ രമ കഴിഞ്ഞ ഒരു വർഷമായി മുഖ്യമന്ത്രിക്കെതിരെ അങ്ങേയറ്റത്തെ പുലഭ്യം പറഞ്ഞിട്ടുണ്ട്. രമയെ മഹതി എന്നാണ് പറഞ്ഞത്. മഹതി നല്ല വാക്കല്ലേ, വ്യക്തിപരമായി ആക്ഷേപിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. എനിക്കും പെണ്‍മക്കളില്ലേ എന്നുമായിരുന്നു എം എം മണിയുടെ ചോദ്യം.
കെ കെ രമയെ വിധവയെന്ന് വിളിച്ചിട്ടില്ല. ആ പദം പ്രയോഗിച്ചത് പ്രതിപക്ഷ അംഗങ്ങളാണ്. അപ്പോള്‍ ഞാനെന്റെ നാവില്‍ വന്നത് പോലെ അത് അവരുടെ വിധിയാണെന്ന് പറഞ്ഞു. ഭൂരിപക്ഷം പേരും വിധിയില്‍ വിശ്വസിക്കുന്നവരല്ലേ. ഞാന്‍ വിധിയില്‍ വിശ്വസിക്കുന്നില്ല. പറഞ്ഞത് ശരിയല്ലെങ്കില്‍ അത് പിന്‍വലിക്കാന്‍ പറയേണ്ടവര്‍ പറയട്ടെ. അതുവരെ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുമെന്നും മണി പറഞ്ഞു.
കഴിഞ്ഞദിവസമാണ് ഉടുമ്പൻചോല എം എൽ എ എം എം മണി നിയമസഭയില്‍ വടകര എം എൽ എ കെ കെ രമയ്‌ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയത്. ഈ പ്രസ്താവനക്കെതിരെ വലിയ പ്രതിഷേധമാണ് പ്രതിപക്ഷം സഭക്കകത്ത് ഉയർത്തിയത്. എം എം മണി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എംഎല്‍എമാര്‍ ഇന്ന് നിയമസഭ സമ്മേളനം ബഹിഷ്‌കരിച്ചു. മണിയുടേത് സ്ത്രീവിരുദ്ധ പരാമര്‍ശമാണ്. പരാമര്‍ശം പിന്‍വലിക്കാന്‍ എം എം മണി തയ്യാറാവണം. ചന്ദ്രശേഖരന്‍ കൊലചെയ്യപ്പെട്ടത് പാര്‍ട്ടി കോടതിയുടെ വിധിയാണ്, അത് വിധിച്ച ജഡ്ജി പിണറായി വിജയനാണെന്നും വി.ഡി സതീശന്‍ പറഞ്ഞു.