കുടുംബശ്രീ അയൽക്കൂട്ടങ്ങളിലൂടെ പാലിയേറ്റീവ് പ്രവർത്തനം ജനകീയമാക്കാൻ പുതിയ പദ്ധതി: കാരുണ്യ ശ്രീ

തിരൂർക്കാട് പാലിയേറ്റീവ് കെയർ സൊസൈറ്റി, കുടുംബശ്രീ അയൽക്കൂട്ട ഭാരവാഹികൾക്കായി പാലിയേറ്റീവ് പരിചരണത്തിൽ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. "സാന്ത്വനമേകാൻ അയൽക്കൂട്ടങ്ങൾ " എന്ന സന്ദേശവുമായി സംഘടിപ്പിക്കപ്പെട്ട പരിപാടി ഉദ്ഘാടനം ചെയ്ത കുടുംബശ്രീ ജില്ലാ കോഡിനേറ്റർ ജാഫർ മണ്ണാർമല സംസ്ഥാനത്ത് തന്നെ ആദ്യമായി നടത്തുന്ന ഈ പദ്ധതിക്ക് "കാരുണ്യ ശ്രീ" എന്ന് നാമകരണം നൽകി. കുടുംബശ്രീ എ ഡി എസ് ഭാരവാഹികളിലൂടെ അയൽക്കൂട്ടം ഭാരവാഹികളിലേക്കും തുടർന്ന് ഓരോ അയൽക്കൂട്ടവും കേന്ദ്രീകരിച്ച് ഓരോ കുടുംബത്തിലേക്കും പാലിയേറ്റീവ് സന്ദേശ മെത്തിച്ച് ഒരു വീട്ടിൽ ഒരു പാലിയേറ്റീവ് വളണ്ടിയർ എന്ന ലക്ഷ്യം കൈവരിക്കുക എന്നതാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.
വലമ്പൂർ വില്ലേജ് തലത്തിൽ പ്രവൃത്തിക്കുന്ന തിരൂർക്കാട് കേന്ദ്രീകരിച്ചുള്ള പാലിയേറ്റീവ് സൊസൈറ്റിയുടെ പരിധിയിലെ എഡിഎസ്, അയൽക്കൂട്ട ഭാരവാഹികളായി 250 ഓളം കുടുംബശ്രീ പ്രവർത്തകർ പങ്കെടുത്തു. പാലിയേറ്റീവ് സൊസൈറ്റി പ്രസിഡണ്ട് ഉമ്മർ അറക്കൽ അധ്യക്ഷത വഹിച്ചു.മാന്തോണി ഷൗക്കത്തലി, തോടേ ങ്ങൽ നൗഷാദ്, ചോലക്കൽ അസദുസ്സമദ്, പി.പി.സൈയ്തലവി, സി ഡി എസ് ചെയർപേഴ്സൺ നൗറ യാസ്മിൻ, വാർഡ് മെംബർമാരായ ജസീന അങ്കക്കാടൻ, സ്വാലിഹ നൗഷാദ്, വാഹിദ പീച്ചാണിപ്പറമ്പ് തുടങ്ങിയവർ പ്രസംഗിച്ചു.