പിങ്ക് പോലീസ് പരസ്യ വിചാരണ; എട്ട് വയസുകാരിക്ക് സർക്കാർ നഷ്ടപരിഹാരം നൽകും

  1. Home
  2. KERALA NEWS

പിങ്ക് പോലീസ് പരസ്യ വിചാരണ; എട്ട് വയസുകാരിക്ക് സർക്കാർ നഷ്ടപരിഹാരം നൽകും

pink police


തിരുവനന്തപുരം:  എട്ടു വയസ്സുകാരിയെ ആറ്റിങ്ങലിൽ പിങ്ക് പോലീസ് പരസ്യ വിചാരണ ചെയ്ത കേസിൽ സർക്കാർ നഷ്ടപരിഹാരം അനുവദിച്ചു. പിതാവിനൊപ്പം പോകയായിരുന്ന പെൺകുട്ടിയ്ക്കാണ് മോഷണം ആരോപിച്ച് പരസ്യ വിചാരണ നേരിടേണ്ടിവന്നത്. ഇപ്പോൾ ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരവും 25000 രൂപ കോടതി ചിലവും അനുവദിച്ചു സർക്കാർ ഉത്തരവ് പുറത്തിറങ്ങി. ആകെ 1.75 ലക്ഷം രൂപ നൽകിയുള്ള ഉത്തരവാണ്  ആഭ്യന്തര വകുപ്പാണ് പുറപ്പെടുവിച്ചത്.

ഒന്നര ലക്ഷം രൂപ പെൺകുട്ടിക്ക് നൽകാൻ കഴിഞ്ഞ ഡിസംബറിൽ സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനുമേൽ സർക്കാർ പിന്നീട് അപ്പീലിന് പോയിരുന്നു. എന്നാൽ അപേക്ഷ കോടതി അംഗീകരിച്ചില്ല. ഇതിനെ തുടർന്നാണ് നഷ്ടപരിഹാരം നൽകിയത്. നഷ്ടപരിഹാരം പൊലീസുകാരിയിൽ നിന്ന് ഈടാക്കാനനുവദിക്കണമെന്നും പൊലീസ് ഉദ്യോഗസ്ഥയുടെ വ്യക്തിപരമായ വീഴ്ചകൾക്ക് നഷ്ടപരിഹാരം നൽകാൻ ബാധ്യത ഇല്ലെന്നും സർക്കാർ ഹൈക്കോടതിയെ മുമ്പ് അറിയിച്ചിരുന്നു. 

മൊബൈൽ മോഷ്ടിച്ചുവെന്നാരോപിച്ചാണ് പിങ്ക് പൊലീസ് ഉദ്യഗസ്ഥ അച്ഛനെയും മകളെയും അപമാനിച്ചിരുന്നത്. ഐ.എസ്.ആർഒയുടെ ഭീമൻ വാഹനം വരുന്നത് കാണാൻ എത്തിയ തോന്നയ്ക്കൽ സ്വദേശി ജയചന്ദ്രനും മൂന്നാം ക്ലാസുകാരിയായ മകളെയുമാണ് പൊലീസ് ഉദ്യോഗസ്ഥ രജിത പൊതുമധ്യത്തിൽ മോഷണം ആരോപിച്ച് അപമാനിച്ചത്.