ശബരിമലയിൽ മഴ മാറി; ഭക്തജന തിരക്ക് തുടങ്ങി

  1. Home
  2. KERALA NEWS

ശബരിമലയിൽ മഴ മാറി; ഭക്തജന തിരക്ക് തുടങ്ങി

മഴ മാറി; ഭക്തജന തിരക്ക് തുടങ്ങി


ശബരിമല. രണ്ടു ദിവസമായി അയ്യപ്പഭക്തരെ ആശങ്കയിലാഴ്ത്തിയ മഴ പെയ്തൊഴിഞ്ഞതോടെ സന്നിധാനത്ത് വീണ്ടും തിരക്ക് വര്‍ധിച്ചു. ആഴ്ച അവസാനമായതിനാല്‍ ഇന്നും (19) നാളെയും കുടുതല്‍ ഭക്തര്‍ അയ്യനെ ദര്‍ശിച്ച് പുണ്യം നേടാനായി സന്നിധാനത്തേക്ക് എത്തുന്നതിനുള്ള സാഹചര്യം ഇതോടെ സംജാതമായി.
വൃശ്ചികം ഒന്നിന് വൈകിട്ടോടെയാണ് കനത്തമഴ സന്നിധാനത്തേക്ക് പെയ്തിറങ്ങിയത്. അടുത്ത ദിവസം പകല്‍ വെയില്‍ പരന്നുവെങ്കിലും വൈകിട്ടോടെ വീണ്ടും മഴ ആരംഭിക്കുകയായിരുന്നു. ശക്തി കുറവായിരുന്നെങ്കിലും വലിയ ഇടവേളകളില്ലാത്ത മഴ ഇന്നലെ (18) രാവിലെ വരെ നീണ്ടുനിന്നു. ഇത് മല കയറുന്നവരുടെ എണ്ണത്തേയും ബാധിച്ചു.
അതേസമയം മഴയേയും അവഗണിച്ച് ആയിരങ്ങളാണ് ഇന്നലെയും കലിയുഗ വരദനെകണ്ട് വണങ്ങാന്‍ എത്തിയത്. ചലച്ചിത്രതാരം ദിലീപ് ഉള്‍പ്പെടെ പുലര്‍ച്ചെ തന്നെ ദര്‍ശനത്തിനെത്തിയിരുന്നു. തുടര്‍ന്ന് മേല്‍ശാന്തിയേയും തന്ത്രിയേയും സന്ദര്‍ശിച്ച ദിലീപ് പ്രത്യേക പൂജകളും വഴിപാടുകളും നടത്തുകയും ചെയ്തു.
ദര്‍ശന സമയം വര്‍ധിപ്പിച്ചത് നീണ്ട ക്യൂ കുറയുന്നതിനും കാരണമായിട്ടുണ്ട്. പുലര്‍ച്ചെ മൂന്ന് മുതലാണ് ഇപ്പോള്‍ ഹരിഹരസുതനെ ദര്‍ശിക്കാനാവുന്നത്. മുമ്പ് ഇത് അഞ്ചുമണിയായിരുന്നു. പുലര്‍ച്ചതന്നെ ദര്‍ശനം നടത്താനാവുമെന്നതിനാല്‍ ഭക്തര്‍ക്ക് അത്രയും സമയം ക്യൂവില്‍ നില്‍ക്കേണ്ടിവരുന്ന സാഹചര്യവും ഇതിലൂടെ ഒഴിവായി.