എസ് കെ ഡി സിയും സർക്കാർ സ്ഥാപനമായ കോസ്റ്റെക്കും ധാരണാപത്രം ഒപ്പുവെച്ചു

  1. Home
  2. KERALA NEWS

എസ് കെ ഡി സിയും സർക്കാർ സ്ഥാപനമായ കോസ്റ്റെക്കും ധാരണാപത്രം ഒപ്പുവെച്ചു

എസ് കെ ഡി സിയും സർക്കാർ സ്ഥാപനമായ കോസ്റ്റെക്കും ധാരണാപത്രം ഒപ്പുവെച്ചു


തിരുവനന്തപുരം: എഞ്ചിനീറിങ് വിദ്യാർത്ഥികൾക്ക് തൊഴിൽ സാധ്യതകൾ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൊപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫെഷണൽ എഡ്യൂക്കേഷന്റെ നൈപുണ്യ വികസന കേന്ദ്രമായ സ്കിൽ ആൻഡ് ഡെവലപ്മെന്റ് സെന്ററും (എസ്‌ കെ ഡി സി) കേരള സർക്കാറിന്റെ കീഴിലുള്ള ഏക സംസ്ഥാന തല ഐടി കൊപ്പറേറ്റീവ് സ്ഥാപനമായ, കേരള സംസ്ഥാന കൊപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻസും (കോസ്റ്റെക്) ധാരണപത്രത്തിൽ ഒപ്പുവച്ചു. 

എസ് കെ ഡി സി ഡയറക്ടർ ഡോ. വിശ്വനാഥനും കോസ്റ്റെക് സി ഈ ഓ അജിത് പറക്കാടും ചേർന്ന് ഒപ്പുവച്ച ധാരണ പത്രത്തിലൂടെ, കേപ്പിന്റെ കീഴിലുള്ള എല്ലാ എഞ്ചിനീറിങ് കോളേജുകളിലെ വിദ്യാർഥികൾക്കും, കോസ്റ്റെക്കും അവരുടെ സംഘടിത സ്ഥാപനമായ ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനം കൂടിയായ, എഡ്ജ് വാഴ്സിറ്റിയും ചേർന്നൊരുക്കുന്ന വ്യവസായിക അധിഷ്ഠിത പരിശീലന പരിപാടികളിലൂടെ അവരുടെ തൊഴിൽ നൈപുണ്യം വർധിപ്പിക്കാൻ സാധിക്കും. ഡോ. ശശികുമാർ, കേപ് ഡയറക്ടർ, പ്രൊഫ ഇ കുഞ്ഞിരാമൻ, കോസ്റ്റെക് ചെയർമാൻ, ശേഖരൻ മേനോൻ, എഡ്ജ് വാഴ്സിറ്റി സി ഇ ഓ, എന്നിവരുടെ സാന്നിധ്യത്തിലാണ് ധാരണ പത്രം ഒപ്പിട്ടത്. 

"കോസ്റ്റെക്കുമായി കൈ കോർക്കുന്നതിലൂടെ കേപ്പിന്റെ കീഴിലുള്ള എല്ലാ എഞ്ചിനീറിങ് കോളേജുകളിലേക്കും വ്യാവസായിക അടിസ്ഥാനത്തിനുള്ള നൈപുണ്യ പരിശീലന പരിപാടികൾ എത്തിക്കുക എന്നതാണ് ഈ ഉദ്യമത്തിലൂടെ ഞങ്ങൾ ലക്ഷ്യമിടുന്നത്. ഇതിലൂടെ തൊഴിൽ സാധ്യതകൾക്ക് അത്യന്താപേക്ഷിതമായ നൈപുണ്യം ആർജിക്കാനും അതിലൂടെ മത്സരത്തിൽ മുന്നേറാനും വിദ്യാർത്ഥികൾക്ക് സാധിക്കും"  എന്ന് കേപ്പിന്റെ ഡയറക്ടർ ഡോ. ശശികുമാർ പറഞ്ഞു. 

വിദ്യാർത്ഥികൾക്ക് പൂർണമായും വ്യാവസായിക അധിഷ്ഠിത അറിവും പരിശീലനവും ഉറപ്പാക്കി, അവരെ തൊഴിലില്ലായ്മ എന്ന 50 ശതമാനത്തോളം എഞ്ചിനീറിങ് ബിരുദ ധാരികളും നേരിടുന്ന പ്രതിസന്ധിയെ തരണം ചെയ്യാൻ സജ്ജരാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്ന് കോസ്റ്റെക് ചെയർമാൻ പ്രൊഫ. ഇ കുഞ്ഞിരാമൻ അഭിപ്രായപ്പെട്ടു. 

പുതിയ പങ്കാളിത്തത്തിലുടെ കേപ്പിന്റെ കീഴിലുള്ള എഞ്ചിനീറിങ് വിദ്യാർത്ഥികൾക്ക് എഡ്ജ് വാഴ്‌സിറ്റിയുടെ അന്താരാഷ്ട്ര നിലവാരമുള്ള തൊഴിലധിഷ്ഠിത കോഴ്‌സുകളായ ഓയില്‍ ആന്റ് ഗ്യാസ് പൈപ്പിങ് എഞ്ചിനിയറിംങ്, എയര്‍ക്രാഫ്റ്റ്‌സ് മെയിന്റനന്‍സ് എഞ്ചിനിയറിംങ്, ഫുള്‍ സ്റ്റാക്ക് ഡെവലപ്പ്‌മെന്റ്, ഡാറ്റ സയന്‍സ് അനലിറ്റിക്‌സ് ആന്റ് സൈബര്‍ സെക്യൂരിറ്റി എന്നിവ ആകര്‍ഷണീയമായ ഇളവുകളോടെ പഠിക്കാന്‍ അവസരമൊരുങ്ങുകയും ചെയ്യും.