ശബരിമല തീര്‍ഥാടനം: ജലവിഭവവകുപ്പ് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി- മന്ത്രി റോഷി അഗസ്റ്റിന്‍

  1. Home
  2. KERALA NEWS

ശബരിമല തീര്‍ഥാടനം: ജലവിഭവവകുപ്പ് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി- മന്ത്രി റോഷി അഗസ്റ്റിന്‍

ശബരിമല തീര്‍ഥാടനം: ജലവിഭവവകുപ്പ് എല്ലാ ഒരുക്കങ്ങളും  പൂര്‍ത്തിയാക്കി- മന്ത്രി റോഷി അഗസ്റ്റിന്‍


ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ജലവിഭവവകുപ്പ് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പമ്പ-ശരംകുത്തി എന്നിവിടങ്ങളില്‍ പമ്പ് ചെയ്ത് കുടിവെള്ളം എത്തിക്കുന്നുണ്ട്. അതേസമയം നിലയ്ക്കല്‍ ടാങ്കറിലാണ് വെള്ളം എത്തിക്കുന്നത്. വാട്ടര്‍ ടാങ്കുകളില്‍ വെള്ളം നിറയ്ക്കുന്നതിന് ഒന്‍പത് ടാങ്കര്‍ ലോറികളിലാണ് വെള്ളം എത്തിച്ചുകൊണ്ടിരുന്നത്. നിലവില്‍ അഞ്ച് വാഹനങ്ങള്‍ കൂടി പുതുതായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, പ്രധാന ടാങ്കില്‍ വെള്ളമെത്തിക്കുന്നതിന് താമസം നേരിടുന്നതിനാല്‍ വെള്ളം നിറയ്ക്കാന്‍ 40,000 ലിറ്റര്‍ കപ്പാസിറ്റിയുള്ള വാഹനം ഉടന്‍ എത്തിക്കും. 

കിയോസ്‌കുകളുടെ പ്രവര്‍ത്തനം ഉറപ്പ് വരുത്തിയിട്ടുണ്ട്. നിലയ്ക്കലിലെ ടോയ്ലെറ്റ് കോംപ്ലക്സില്‍ കണക്ഷന്‍ കൊടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തീര്‍ഥാടകര്‍ക്കായി ചൂടുവെള്ളവും തണുത്തവെള്ളവും നല്‍കും. ഇരുപത്തിനാല് മണിക്കൂര്‍ സേവനത്തിനായി ജലവിഭവ വകുപ്പ് ജീവനക്കാരെ എല്ലായിടത്തും വിന്യസിച്ചിട്ടുണ്ട്. ബുദ്ധിമുട്ടുകള്‍ പരിശോധിക്കാന്‍ സൂപ്രണ്ടിംഗ് എന്‍ജിനീയറേയും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയറേയും ചുമതലപ്പെടുത്തി. പതിനഞ്ച് ദിവസങ്ങളുടെ ഇടവേളകളില്‍ ചീഫ് എന്‍ജിനീയര്‍ പരിശോധന നടത്തുമെന്നും വാഹനാപകടത്തില്‍പ്പെട്ട തീര്‍ഥാടകര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യമന്ത്രി വീണാജോര്‍ജ്, അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ, അഡ്വ. കെ.യു. ജനീഷ്‌കുമാര്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, വാട്ടര്‍ അതോറിറ്റി ബോര്‍ഡ് അംഗം ഉഷാലയം ശിവരാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.