കേരളത്തിൽ കുരങ്ങുപനിയെന്ന് സംശയം! പരിശോധനാ ഫലം വൈകിട്ടോടെ എന്ന് ആരോഗ്യമന്ത്രി

തിരുവനതപുരം: കേരളത്തിൽ കുരങ്ങുപനിയെന്ന് സംശയം. നാല് ദിവസം മുൻപ് യുഎഇയിൽ നിന്നും കേരളത്തിലേക്ക് എത്തിയ ഒരു ആൾക്കാണ് കുരങ്ങുപനി ബാധ സംശയിക്കുന്നത്. ഇയാളിൽ നിന്ന് ശേഖരിച്ച സാംപിൾ പുണെയിലെ നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. വൈകിട്ട് പരിശോധനാഫലം ലഭിച്ചശേഷമേ ഇക്കാര്യം സ്ഥരീകരിക്കാനാകൂവെന്ന് മന്ത്രി അറിയിച്ചു.
യുഎഇയിൽ ഇദ്ദേഹവുമായി സമ്പർക്കത്തിലുണ്ടായിരുന്ന ഒരാൾക്ക് കുരങ്ങുപനി ബാധ സ്ഥിരീകരിച്ചതോടെ ഇദ്ദേഹം ഇവിടെ പരിശോധനയ്ക്ക് വിധേയനാക്കുകയായിരുന്നു. പനിയും വസൂരിക്ക് സമാനമായ കുരുക്കളും ആണ് കുരങ്ങുപനിയുടെ പ്രധാനം ലക്ഷണം. നിലവിൽ വിദേശത്ത് നിന്നും വന്നയാൾക്ക് ഈ ലക്ഷണങ്ങളുണ്ട്. ഇയാൾക്ക് കൂടുതൽ ആളുകളുമായി സമ്പർക്കമില്ലെന്നും മന്ത്രി വിശദീകരിച്ചു.
പ്രാഥമിക പരിശോധനയിൽ കുരങ്ങുപനി ആണെന്ന് സംശയം തോന്നിയതിനെ തുടർന്നാണ് ഇയാളെ ക്വാറൻ്റൈനിൽ പ്രവേശിപ്പിക്കുകയും ചികിത്സ നൽകുകയും ചെയ്യുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ് അറിയിച്ചു. കുരങ്ങിൽ നിന്നു പടരുന്ന വൈറൽ പനി മനുഷ്യരിൽ വ്യാപകമായി പടരില്ലെങ്കിലും ലൈംഗികബന്ധം പോലെ അടുത്ത സമ്പർക്കം വഴി പകരാനിടയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രോഗിയുടെ സാംപിൾ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ടെന്നും പരിശോധന ഫലം വന്ന ശേഷം ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തു വിടുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.