തിരിച്ചു വരവിൽ കുട്ടിത്താരങ്ങളെയും കൂടെക്കൂട്ടി ടെസ്റ്റ് ഹൌസ്

തിരുവനന്തപുരം, മെയ് 13, 2022: കോവിഡ് മഹാമാരിയുടെ രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഓഫീസിലേക്കുള്ള മടക്കം ആഘോഷമാക്കി യുകെ ആസ്ഥാനമായ ക്വാളിറ്റി എഞ്ചിനീയറിംഗ് സൊല്യൂഷൻസ് കമ്പനി ടെസ്റ്റ്ഹൗസ്. ജീവനക്കാരെ തിരികെ ഓഫീസിലേക്ക് സ്വാഗതം ചെയ്യുന്നതിന്റെയും ടീമുകളുടെ പുനഃസമാഗമം ആഘോഷിക്കുന്നതിന്റെയും ഭാഗമായി, ടെക്നോപാർക്കിലുള്ള ടെസ്റ്റ്ഹൗസ് ഓഫീസിലെ ജീവനക്കാരുടെ കുട്ടികളെ പങ്കെടുപ്പിച്ച് കൊണ്ട് 'ബാക് ടു ഓഫീസ് വിത്ത് കിഡ്സ് അറ്റ് വർക്ക്’ എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത് .
2 മുതൽ 12 വയസ്സ് വരെ പ്രായമുള്ള കുട്ടികൾ പരിപാടിയുടെ ഭാഗമായി. വീട്ടിലെ അന്തരീക്ഷത്തിൽ നിന്നും എളുപ്പത്തിൽ ഓഫീസ് അന്തരീക്ഷത്തിലേക്ക് മാറുന്ന ജീവനക്കാരുടെ മനസികാവസ്ഥയ്ക് മുൻതൂക്കം നൽകിക്കൊണ്ടാണ് കമ്പനി ഇത്തരത്തിലൊരു പദ്ധതി ആവിഷ്കരിച്ചത് . ജീവനക്കാർക്ക് മടങ്ങിയെത്താൻ കൂടുതൽ പ്രചോദനം നൽകി എന്നത് മാത്രമല്ല കുട്ടികൾക്ക് അവരുടെ മാതാപിതാക്കളുടെ തൊഴിൽ ലോകത്തേക്കുള്ള നേർക്കാഴ്ചയ്ക്കും 'കിഡ്സ് അറ്റ് വർക്ക്' വഴിയൊരുക്കി .
ചോക്ലേറ്റുകൾ, ബലൂണുകൾ, സൂപ്പർഹീറോ കട്ട് ഔട്ടുകൾ, ബൗൺസി കാസിൽ, വീഡിയോ ഗെയിം തുടങ്ങി കുട്ടികളെ ആകർഷിക്കുവാൻ രസകരമായ ഒരുക്കങ്ങളാണ് ടെസ്റ്റ്ഹൌസ് നടത്തിയത് . മിക്കി മൗസ് മാസ്കോട്ട് പരിപാടിയിലുടനീളം കുട്ടികളെ അനുഗമിച്ചു. കാരിക്കേച്ചർ വരച്ചു നൽകിയും , ഉജ്ജ്വലമായ മുഖചിത്രവും ശരീരകലയും കൊണ്ട് കുട്ടികളെ വർണ്ണാഭമാക്കിയും, വിസ്മയിപ്പിക്കുന്ന മാജിക് ഷോയിലൂടെയും കുട്ടികളെയും ജീവനക്കാരെയും പരിപാടി ഒരുപോലെ ആകർഷിച്ചു.